19 April Friday

ഇത്‌ സ്വന്തം നാടിന്റെ കരുതൽ

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

തൃശൂർ

ഉമ്മയും ഒരു വയസ്സുള്ള കുഞ്ഞിനുമൊപ്പമാണ് ഡൽഹിയിൽനിന്ന് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ സുഹറ ഇറങ്ങിയത്. കുഞ്ഞും ഉമ്മയുമുള്ളതിനാൽ സ്ക്രീനിങ്ങെല്ലാം അതിവേഗം. പൊലീസ് ടാക്സി ഏർപ്പാടാക്കിയതോടെ എളുപ്പം വീടണഞ്ഞു. 
ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ പിഎച്ച്ഡി ചെയ്യുന്ന സുഹറ പ്രത്യേക ട്രെയിനിൽ വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് സ്വന്തം നാടായ തൃശൂരിലെത്തിയത്. കരുതിയതിനേക്കാൾ കൂടുതൽ കരുതലാണ് നാട്ടിലെന്ന് സുഹറ പറഞ്ഞു. കേരളത്തിലെത്തിയപ്പോഴാണ് കോവിഡിന്റെ ഗൗരവം ബോധ്യപ്പെടുന്നത്. കൃത്യമായ സ്ക്രീനിങ്‌, ഗർഭിണികൾക്കും കുഞ്ഞുങ്ങളുള്ളവർക്കും കൃത്യമായ സഹായം ലഭിച്ചു.  ഡൽഹിയിലും കേരള ഹൗസിൽനിന്നാണ് മലയാളികൾക്കാവശ്യമായ എല്ലാ സഹായങ്ങളും ലഭിക്കുന്നത്. ഡൽഹിയിൽ സ്ക്രീനിങ്ങിനുശേഷം സർക്കാർ ബസിലാണ് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെത്തിയത്. വിവിധ സ്റ്റേഷനുകളിലായി ഭക്ഷണവും ലഭിച്ചതായി അവർ പറഞ്ഞു. 
തൃശൂരിൽ  ട്രെയിനിറങ്ങി സ്ക്രീനിങ്ങിനുശേഷം രോഗലക്ഷണമില്ലാത്തവരെ വീടുകളിലേക്ക് വിട്ടു. വീടുകളിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയണം. വീടുകളിലേക്ക് പോവാൻ സ്വന്തം വാഹനമുണ്ടെങ്കിൽ ഉപയോഗിക്കാം. ഇല്ലാത്തവർക്ക് താലൂക്ക് കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഏർപ്പെടുത്തിയിരുന്നു. പാടൂരാണ് സുഹറയുടെ വീട്. ബസ് ചാവക്കാട്ടേക്കായതിനാൽ സുഹറയ്‌ക്ക് പ്രത്യേകം ടാക്സി ഏർപ്പാടാക്കി നൽകി. ഭർത്താവ് ഗഫാർ, മകൾ അല, ഉമ്മ ഫാത്തിമ എന്നിവർക്കൊപ്പമാണ് ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. 
ഗഫാർ മലപ്പുറത്തിറങ്ങി വീട്ടിൽ നിരീക്ഷണത്തിലാണ്. സുഹറയും കുഞ്ഞും ഉമ്മയും പാടൂരിൽ  സ്വന്തംവീട്ടിൽ നിരീക്ഷണത്തിലാണ്. ഗഫാറിന്റെ വീട്ടിൽ ബന്ധുക്കളായ കൊച്ചുകുട്ടികൾ വേറെയുള്ളതിനാൽ കുട്ടി അവരുമായി ഇടപഴകാൻ സാധ്യതയുള്ളതിനാലാണ് പാടൂരിൽ നിരീക്ഷണത്തിലിരിക്കാൻ തീരുമാനിച്ചതെന്ന് സുഹറ പറഞ്ഞു.
ഡൽഹിയിൽനിന്നെത്തിയ പുന്നയൂർ സ്വദേശി ആദിലിനെ ആംബുലൻസിലാണ് വീട്ടിലെത്തിച്ചത്. ഡൽഹി സർവകലാശാലയിൽ ബിഎ പൊളിറ്റിക്കൽ സയൻസ് രണ്ടാംവർഷ വിദ്യാർഥിയായ ആദിലും വീട്ടിൽ നിരീക്ഷണത്തിൽ തുടരുകയാണ്. കോളേജ് അടച്ചതോടെ ഹോസ്റ്റലുകൾ ക്വാറന്റൈൻ കേന്ദ്രങ്ങളാക്കി. 
ഡൽഹിയിൽ ചികിത്സാസൗകര്യങ്ങൾ കുറവാണ്. കേരളം ഇക്കാര്യങ്ങളിൽ മാതൃകയായതിനാലാണ് താനുൾപ്പെടെ  വിദ്യാർഥികൾ മടങ്ങുന്നതെന്നും ആദിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top