16 April Tuesday
ജില്ലയിൽ കൂടുതൽ കുട്ടികളുള്ള പള്ളിക്കൂടം

വില്ലടം ഗവ. ഹയർ സെക്കൻഡറി സ്കൂളും ഹൈടെക്ക്‌

സ്വന്തം ലേഖകൻUpdated: Saturday Jan 23, 2021

ഉദ്‌ഘാടനത്തിന്‌ തയ്യാറായ വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടം

തൃശൂർ
നഗരപരിധിയിലാണെങ്കിലും  ഗ്രാമീണാന്തരീക്ഷണത്തിലെ  വില്ലടം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഇനി ഹൈടെക്ക്‌. 1906ൽ സ്ഥാപിതമായ  സ്‌കൂൾ കാലങ്ങളായി അവഗണനയിലായിരുന്നു. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ, അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ കൃത്യമായ ഇടപെടലുകളാണ്‌ ഇപ്പോൾ ലക്ഷ്യത്തിലെത്തുന്നത്‌.  ജില്ലയിലെ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ പുതിയ കെട്ടിടം കിഫ്ബി യുടെ മൂന്നുകോടി രൂപ ചെലവിലാണ് നിർമിച്ചത്‌. ജനുവരി  അവസാനം മുഖ്യമന്ത്രി പിണറായി വിജയൻ   പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. 
13,000 ചതുരശ്ര അടി വിസ്തീർണത്തിൽ  നിർമിക്കുന്ന കെട്ടിടത്തിൽ 17    ക്ലാസ്‌‌ മുറികളും ഒരു മീറ്റിങ് ഹാളുമുണ്ട്. 17 ‌ ഡിവിഷനുകൾ പുതിയ കെട്ടിടത്തിലേക്ക് മാറും. 2 സ്റ്റാഫ്‌ റൂമുകൾ, ഓഫീസ് മുറി, സയൻസ് ലാബ്, ഐടി ലാബ്, മൂന്ന് ടോയ്‌ലറ്റുകളുംപുതിയ കെട്ടിടത്തിലുണ്ട്‌.  സ്കൂളിന്റെ ചുറ്റുമതിൽ നിർമാണത്തിനായി മന്ത്രി വി എസ് സുനിൽകുമാറിന്റെ എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പും ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ പ്ലാൻ ഫണ്ടും ചേർത്ത് രണ്ടുകോടി രൂപ  ചെലവിട്ട് പുതിയ കെട്ടിടം നിർമിച്ചിട്ടുണ്ട്.  കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ടാആയ എട്ടുലക്ഷം രൂപ വിനിയോഗിച്ച്‌ ആധുനിക രീതിയിലുള്ള ഫിസിക്സ്, കെമിസ്ട്രി ലാബുകളുമുണ്ട്.
പഴയ ഹയർ സെക്കൻഡറി ക്ലാസ്‌‌മുറികൾക്ക് തൃശൂർ കോർപറേഷൻ  മിനി ഹാളും നിർമിച്ചു നൽകി. കൈറ്റിൽനിന്നും കോർപറേഷനിൽനിന്നും ലഭിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾകൊണ്ട് ഓഡിയോ വിഷ്വൽ ഹാളും സജ്ജീകരിച്ചു. കൈറ്റിന്റെ സഹായത്തോടെ കംപ്യൂട്ടറുകളും പ്രൊജക്ടറുകളും വാങ്ങി അഞ്ച്‌ സ്മാർട്ട്‌ ക്ലാസ്‌മുറികളുമുണ്ട്. 
700 കുട്ടികൾ ഹൈസ്കൂളിലും 500 കുട്ടികൾ ഹയർ സെക്കൻഡറിയിലും പഠിക്കുന്നു.  പ്രീ പ്രൈമറി വിഭാഗത്തിൽ 150 കുട്ടികളും പഠിക്കുന്നു.   ഭിന്നശേഷി വിദ്യാർഥികൾക്കുള്ള റിസോഴ്സ് സെന്ററും ഇവിടെ പ്രവർത്തിക്കുന്നു.150 കുട്ടികളാണ് ഈ വിഭാഗത്തിലുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top