08 December Friday
കാട്ടകാമ്പാൽ ചിറയ്‌ക്കൽ സഹകരണ ബാങ്കിൽ തട്ടിപ്പ്

നേതാവിനെ രക്ഷിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി ആക്ഷേപം

സ്വന്തം ലേഖകൻUpdated: Friday Sep 22, 2023
കുന്നംകുളം
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുതലക്കണ്ണീരൊഴുക്കുന്ന കോൺഗ്രസ്,  തങ്ങളുടെ നേതാവ് നേതൃത്വം നൽകുന്ന കാട്ടകാമ്പാൽ ചിറയ്‌ക്കൽ മൾട്ടി പർപ്പസ് സഹകരണ സംഘത്തിലെ തട്ടിപ്പിനോട് മുഖം തിരിക്കുന്നു. എ ഗ്രൂപ്പ് നോമിനി അഡ്വ. വി സി ലത്തീഫ് നേതൃത്വം നൽകുന്ന ബാങ്കിൽനിന്ന്‌  40 ലക്ഷത്തോളം രൂപയും അത്രയും തുകയുടെ സ്വർണത്തട്ടിപ്പും  പുറത്തുവന്നിട്ടും കോൺഗ്രസ് നേതൃത്വം നിസ്സംഗത തുടരുന്നു. 
 ചിറയ്‌ക്കൽ മൾട്ടി പർപ്പസ് സഹകരണ സംഘത്തിലെ മുൻ സെക്രട്ടറിയും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ പെങ്ങാമുക്ക് വക്കാട്ട് വീട്ടിൽ  വി ആർ സജിത്തിന്റെ നേതൃത്വത്തിൽ  നടന്ന ലക്ഷങ്ങളുടെ തട്ടിപ്പിന്റെ കൂടുതൽ   വിവരങ്ങൾ പുറത്തുവരാനിരിക്കുന്നേയുള്ളൂ. സജിത്തിനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. 
ഐഎൻടിയുസി നിയോജക മണ്ഡലം പ്രസിഡന്റുകൂടിയായിരുന്ന സജിത്ത് നടത്തിയ തട്ടിപ്പുകൾ ഓരോന്നായി പുറത്തുവരുമ്പോഴും എല്ലാം ഒതുക്കി ത്തീർക്കാനുള്ള ശ്രമമാണ് പാർടി നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന ആക്ഷേപം കോൺഗ്രസിനുള്ളിൽത്തന്നെ ശക്തമാണ്. സ്വർണത്തിരിമറി കണ്ടെത്തിയതിനെത്തുടർന്ന്‌ മൂന്ന്‌ മാസം മുമ്പാണ്‌ സജിത്തിനെ ജോലിയിൽനിന്ന്‌ പുറത്താക്കിയത്‌. 
മാറഞ്ചേരി സ്വദേശിനി നൽകിയ പരാതിയെത്തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ 73 പാക്കറ്റുകളിൽ സൂക്ഷിച്ച 775 ഗ്രാം സ്വർണം തിരിമറി നടത്തിയതായി കണ്ടെത്തിയിരുന്നു. 
പരാതിയുമായി 3 പേർ, 
വെളിവായത്‌ വൻചതി
മൂന്നുപേരാണ് ചൊവ്വാഴ്ച പരാതിയുമായി രംഗത്തെത്തിയത്. പെങ്ങാമുക്ക് വിളക്കത്തല വീട്ടിൽ ജയന്തിക്ക്‌ ഒമ്പത്‌ ലക്ഷം രൂപ തിരിച്ചടയ്‌ക്കാൻ നോട്ടീസ്‌ ലഭിച്ചതോടെയാണ്‌ ഇവർ പരാതിയുമായെത്തിയത്‌.  ഭർത്താവിന്റെ പേരിലുള്ള ആധാരം പണയം വച്ച്‌ 2019ൽ 7.40 ലക്ഷം ജയന്തി  വായ്‌പയെടുത്തു. സജിത്തിന്റെ കൈവശമാണ്‌ ആധാരം നൽകിയത്‌. പലതവണ പലിശ അടയ്‌ക്കുകയും ചെയ്‌തു. എന്നാൽ കുടിശ്ശികയുണ്ടെന്നു പറഞ്ഞ്‌ ഫെഡറൽ ബാങ്കിൽ നിന്ന്‌ വായ്‌പയെടുപ്പിച്ചു. 2019 നവംബറിൽ ലോൺ തീർക്കാൻ 8.89 ലക്ഷത്തിന്റെ ചെക്ക്‌ സജിത്തിന്‌ ജയന്തി  കൈമാറി. ആധാരം സജിത്ത്‌ തിരികെ നൽകുകയും ചെയ്‌തു. എന്നാൽ കഴിഞ്ഞ ദിവസം   9.77 ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ സഹകരണസംഘം രജിസ്‌ട്രാറുടെ നോട്ടീസ്‌ ലഭിച്ചപ്പോഴാണ്‌ വഞ്ചിക്കപ്പെട്ട വിവരം ജയന്തിയും കുടുംബവും അറിഞ്ഞത്‌. 
 അങ്കണവാടി ടീച്ചറായ മുത്താലി വീട്ടിൽ പ്രമീളയുടെ ഓണറേറിയം സർട്ടിഫിക്കറ്റ് ഉപയോഗിച്ച് നാല്‌ലക്ഷം രൂപയുടെ തട്ടിപ്പ്‌ സജിത്ത്‌ നടത്തി. അങ്കണവാടിക്ക്‌ സ്ഥലം വാങ്ങാൻ അഡ്വാൻസിനായി ലോണെടുക്കണമെന്നാവശ്യപ്പെട്ടാണ്‌ ഇവരെ ചതിച്ചത്‌. പിന്നീട്‌ ഓണറേറിയം സർട്ടിഫിക്കറ്റിൽ ലോൺ ലഭിക്കില്ലെന്നറിയിച്ചു. സജിത്ത്‌ ഈ സർട്ടിഫിക്കറ്റുപയോഗിച്ച്‌ ലോണെടുത്ത വിവരം പ്രമീള അറിയുന്നത്‌,  10 ലക്ഷം രൂപ തിരിച്ചടയ്‌ക്കാൻ നോട്ടീസ്‌ ലഭിച്ചപ്പോഴാണ്‌.
മൂലെപ്പാട്ട് വീട്ടിൽ സുബ്രഹ്മണ്യൻ രണ്ട്‌ ലക്ഷം ലോണിനായി പണയം വച്ച ആധാരം ഉപയോഗിച്ച് എട്ടുലക്ഷത്തിന്റെ രണ്ട്‌ ലോണുകളും ഈ കോൺഗ്രസ് നേതാവ് സംഘടിപ്പിച്ചതായി  പരാതിയുണ്ട്‌. 
നിരവധി തട്ടിപ്പുകൾ വേറെയും
നേരത്തേ മൾട്ടി പർപ്പസ് സംഘത്തിലേക്ക് കേരള ബാങ്കിൽനിന്ന് കൊണ്ടുവന്ന 20 ലക്ഷം രൂപ സംഘത്തിൽ അടയ്‌ക്കാത്തത് കണ്ടുപിടിച്ചതിനെത്തുടർന്ന്‌   സഹകരണ അസി. രജിസ്ട്രാർ കുന്നംകുളം പൊലീസിൽ സജിത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്‌. 
ഇടപാടുകാർ പണയംവച്ച ആധാരത്തിൽ അവരറിയാതെ കൂടുതൽ സംഖ്യ ലോണെടുത്തതും, നിരവധിപേരിൽ നിന്ന്‌ അവരുടെ മാസ അടവ്‌ പിരിച്ചെടുത്ത്‌ സംഘത്തിൽ അടയ്‌ക്കാത്തതുമുൾപ്പെടെ മറ്റനേകം ആരോപണങ്ങൾ ഉയരുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top