11 December Monday
നിക്ഷേപകർക്ക്‌ ആശങ്ക വേണ്ട

അയ്യന്തോൾ സഹകരണ ബാങ്കിനെ 
രാഷ്ട്രീയമായി വേട്ടയാടുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Sep 21, 2023
തൃശൂർ 
അയ്യന്തോൾ സർവീസ്‌ സഹകരണ ബാങ്കിനെതിരെ രാഷ്ട്രീയം ലക്ഷ്യംവച്ച്‌ നടത്തുന്ന നീക്കങ്ങൾ നേരിടുമെന്നും  ബാങ്കിന്റെ സാമ്പത്തികനിലയിൽ നി
ക്ഷേപകർക്ക്‌ ആശങ്ക വേണ്ടെന്നും ഭരണസമിതി  അംഗങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  നല്ല നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിന്‌ ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുകയാണ്‌ ലക്ഷ്യം. 
78 വർഷമായി പ്രവർത്തിക്കുന്ന ബാങ്ക്‌ ജനങ്ങൾക്കിടയിൽ വിശ്വാസ്യത ആർജിച്ച സ്ഥാപനമാണ്‌. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കുടിശ്ശികയായ വായ്‌പകളിൽനിന്ന്‌ 17 കോടിയിലെറെ രൂപ പിരിച്ചെടുത്തു. 20 കോടി രൂപ പുതിയ വായ്‌പകൾ നൽകി. നിക്ഷേപത്തിലും വർധനയുണ്ട്‌. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌  ബാങ്കിൽ നടത്തിയ അക്കൗണ്ട്‌ പരിശോധനയിൽ  അപാകമൊന്നും കണ്ടെത്തിയിട്ടില്ല. ഇഡി ആവശ്യപ്പെട്ട  രേഖകൾ മുഴുവൻ ബാങ്ക്‌ നൽകി.
എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ ചില പത്ര–ദൃശ്യമാധ്യമങ്ങളിൽ  ബാങ്കിനെതിരെ സത്യവിരുദ്ധമായ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിക്ഷേപം പിൻവലിക്കാനുള്ള വ്യഗ്രത ചില നിക്ഷേപകർക്കുണ്ടായിട്ടുണ്ട്‌. 
 നിക്ഷേപം എത്ര വലിയ തുകയാണെങ്കിലും അതേക്കുറിച്ച്‌ ആശങ്കപ്പെടേണ്ടതില്ല. ആവശ്യപ്പെടുന്ന സമയത്ത്‌ പണം പിൻവലിക്കാം. നിക്ഷേപം പിൻവലിക്കാൻ വന്ന മുഴുവൻ ഇടപാടുകാർക്കും കഴിഞ്ഞ ദിവസങ്ങളിൽ ബാങ്ക്‌ പലിശസഹിതം പണം നൽകി. മുൻ വർഷങ്ങളിൽ നവ കേരളീയം കുടിശ്ശികനിവാരണ പദ്ധതിയിലൂടെ വായ്‌പ അവസാനിപ്പിക്കുന്നവർക്ക്‌ 92 ലക്ഷം രൂപ ബാങ്ക്‌ ഇളവ്‌ നൽകിയിട്ടുണ്ട്‌. 
 മാരക രോഗങ്ങൾ നേരിടുന്ന വായ്‌പക്കാർക്ക്‌ മെമ്പർ റിലീഫ്‌ ഫണ്ട്‌ പദ്ധതിപ്രകാരം 32 ലക്ഷം രൂപ സഹായം നൽകി. വിവിധ നിക്ഷേപ പദ്ധതികൾക്കൊപ്പം 56 പ്രതിമാസ ഗ്രൂപ്പ്‌ നിക്ഷേപ വായ്‌പ പദ്ധതികൾ നല്ല രീതിയിൽ നടത്തിവരുന്നു. 
 ബാങ്കിന്റെ കീഴിൽ നീതി മെഡിക്കൽ സ്‌റ്റോർ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്‌.   സുതാര്യമായി പ്രവർത്തിക്കുന്ന ബാങ്കിനെക്കുറിച്ചുള്ള വാർത്തകൾ വാസ്‌തവവിരുദ്ധമാണെന്ന്‌  പ്രസിഡന്റ്‌ എൻ രവീന്ദ്രനാഥ്‌ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ഭരണസമിതിയംഗങ്ങളായ എ വി പ്രദീപ്‌കുമാർ, ജോസഫ്‌ ആളൂക്കാരൻ, ജോസഫ്‌ പുന്നംമുട്ടിൽ, ബാങ്ക്‌ സെക്രട്ടറി ഇൻ ചാർജ്‌ രാധാദേവി, എം കെ ബൈജു എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top