11 December Monday

എന്താണ്‌ ബാബ്വേട്ടാ....

പ്രത്യേക ലേഖകൻUpdated: Thursday Sep 21, 2023
തൃശൂർ
കരുവന്നൂർ തട്ടിപ്പ്‌ അന്വേഷണത്തിന്റെ പിന്നാമ്പുറങ്ങൾ എന്ന പേരിൽ അനുഭവങ്ങളെന്ന വ്യാജേന ബുധനാഴ്‌ച മാതൃഭൂമി നൽകിയ വാർത്ത കെട്ടുകഥകളെയും വെല്ലുന്നത്‌. പല സിനിമകളിലും കണ്ട രംഗങ്ങളാണ്‌ പൊടിപ്പും തൊങ്ങലും വെച്ച്‌ ദിവസേന മെനയുന്നത്‌. ആരെന്നോ, എന്നെന്നോ, എപ്പോഴെന്നോ പറയാതെ  സിപിഐ എമ്മിനെ പ്രതിസ്ഥാനത്തുനിർത്താനുള്ള നീക്കമാണെന്ന്‌ ഓരോവരിയും വ്യക്തമാക്കുന്നു.   
 ‘തുറന്നു പറഞ്ഞ്‌ നാലുപേർ’ എന്നായിരുന്നു  വാർത്തയുടെ തലക്കെട്ട്‌.   ജീവന്‌ ഭീഷണിയുണ്ടെന്ന പ്രതീതി തീർത്ത്‌  സംഭവം വെളിപ്പെടുത്തുന്നവരുടെ പേരുകൾ ഒഴിവാക്കിയായിരുന്നു മാതൃഭൂമിയുടെ സത്യവിരുദ്ധ അവതരണം. വാർത്തയിൽ പാലിക്കേണ്ട സത്യമോ സമത്വമോ സ്വാതന്ത്ര്യമോ വരികളിലൊരിടത്തും കാണാനില്ല. സംഭവം നടന്നത്‌ എപ്പോഴാണെന്ന്‌ വ്യക്തമാക്കാതെ  കുറ്റാന്വേഷണ കഥകളെ വെല്ലും വിധമാണ്‌ അവതരണം.  
  ക്രൈം ബ്രാഞ്ച്‌ മുൻ ഉദ്യോഗസ്ഥൻ, മുൻ ജീവനക്കാരൻ, മുൻ സഹകരണ ഉദ്യോഗസ്ഥൻ, മുൻ ഭരണസമിതിയംഗം എന്നിവരുടെ അനുഭവങ്ങൾ എന്ന രീതിയിലാണ്‌ വാർത്ത പടച്ചത്‌.  ഓരോരംഗങ്ങളും സിനിമകളിലെന്ന പോലെ ഉദ്വേഗഭരിതമാക്കാനുള്ള ശ്രമവും കാണാം.  ‘പുലർച്ചെ നാലഞ്ച്‌ പേർ വീടിന്റെ ഗേറ്റ്‌ ചാടിക്കടന്ന്‌ വാതിൽ തള്ളിത്തുറന്ന്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തു. വൈകാതെ ക്രൈം ബ്രാഞ്ച്‌ ഉദ്യോഗസ്ഥന്റെ മൊബൈലിലേക്ക്‌ പാർടി നേതാവിന്റെ സ്‌മൈലിയെത്തി’. വില്ലൻ കഥാപാത്രത്തെ അനുസ്‌മരിപ്പിക്കും വിധം സിപിഐ എം നേതാവിനെ അവതരിപ്പിക്കുന്നു. 
  എന്നാൽ ഇത്തരമൊരു അറസ്‌റ്റ്‌ നടന്നതായി ഒരു പത്രവും വാർത്ത നൽകിയിട്ടില്ല. മുൻ ജീവനക്കാരന്റെ പേരിലുള്ള കഥ അതിനെയും മറികടക്കും. ‘ഉച്ച സമയത്ത്‌ സഹകരണ ഉദ്യോഗസ്ഥനെ നേരിൽ കണ്ട്‌ ബാങ്കിലെ അഴിമതി വിവരങ്ങൾ രേഖമൂലം നൽകുന്നു. തിരിച്ച്‌ ബാങ്കിലെത്തിയപ്പോൾ മാനേജർ എവിടെ പോയെന്ന്‌ ചോദിക്കുന്നു,  ഹോട്ടലിൽ ഭക്ഷണം കഴിക്കാനെന്ന്‌ കള്ളം പറയുന്നു. ഉടൻ  മാനേജർ തന്റെ മൊബൈലിൽ ജീവനക്കാരൻ സഹകരണ ഉദ്യോഗസ്ഥന്‌ നൽകിയ രേഖകളുടെ പകർപ്പ്‌ കാണിക്കുന്നു. 
  ഇങ്ങനെ പോവുന്നു  കഥ. അതുകഴിഞ്ഞ്‌ രംഗത്തെത്തുന്നത്‌  മുൻ സഹകരണ ഉദ്യോഗസ്ഥന്റെ ജീവിതാനുഭവമെന്ന പോലെയാണ്‌. അഴിമതിക്കെതിരെ നടപടിയെടുത്തതിന്‌ വിരമിക്കൽ ആനുകൂല്യമുൾപ്പെടെ തടഞ്ഞുവെന്നാണ്‌ വാർത്ത. മുൻ ഭരണസമിതിയംഗത്തിന്റെ അഭിപ്രായമായി വാർത്തയാക്കിയതും മറ്റൊരു കെട്ടുകഥ. ആദ്യം അറസ്‌റ്റ്‌ ഒഴിവാക്കുകയും പിന്നീട്‌ പാർടിയുടെ സമ്മർദത്തിൽ അറസ്‌റ്റ്‌ ചെയ്‌തുവെന്നുമായിരുന്നു കഥ.
എല്ലാം വായിച്ചുകഴിഞ്ഞാൽ വായനക്കാർ ചോദിക്കും‘ ഇങ്ങളിതെന്ത് തള്ളാണ് ബാബ്വേട്ടാ’

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top