തൃശൂർ
നടത്തറ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിൽ ലക്ഷങ്ങളുടെ ക്രമക്കേട്. ബാങ്കിൽ ജീവനക്കാരെ നിയമിച്ചതിലും വൻ അഴിമതി. കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതി ബാങ്കിന്റെ രണ്ടു ശാഖകളിൽ പണിയുന്ന കെട്ടിട നിർമാണത്തിലും, ജീവനക്കാർക്ക് അനർഹമായ ശമ്പള പരിഷ്‌കരണം നടത്തിയതിലുമാണ് വൻ ക്രമക്കേട്. സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ബാങ്കിൽ നടത്തിയ പരിശോധനയിലാണ് സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ കണ്ടെത്തിയത്.
ബാങ്കിന്റെ വലക്കാവ് ബ്രാഞ്ച് കെട്ടിടം നിർമാണത്തിൽ 23.42 ലക്ഷം രൂപയുടേയും ചേരുംകുഴി ബ്രാഞ്ച് കെട്ടിടം നിർമാണത്തിൽ 56.66 ലക്ഷം രൂപയുടേയും തിരിമറിയാണ് നടത്തിയിട്ടുള്ളത്. ജീവനക്കാർക്ക് അനർഹമായ ശമ്പള പരിഷ്‌കരണം നടത്തിയതിലൂടെ 1.51 ലക്ഷം രൂപയാണ് എഴുതിയെടുത്തിട്ടുള്ളത്. ഈ ഇടപാടുകളിൽനിന്ന് ബാങ്കിന് നഷ്ടമായ മുക്കാൽ കോടിയിലേറെ വരുന്ന തുക ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കാനും തീരുമാനമായി.
കോൺഗ്രസ് നേതാവും പ്രദേശത്തെ റേഷൻ വ്യാപാരിയുമായ കുളങ്ങര ജോയിയാണ് ബങ്കിന്റെ പ്രസിഡന്റ്. ബാങ്കിൽ അടുത്തിടെ നടത്തിയ രണ്ടു നിയമനങ്ങളിൽ നടന്ന അഴിമതിയിൽ പ്രതിഷേധിച്ച് നേരത്തേ പ്രസിഡന്റ് എ എസ് മോഹനൻ, ഭരണസമിതി അംഗങ്ങളായ മൂർക്കനിക്കര സ്വദേശി കൃഷ്‌ണൻ, രവി എന്നിവർ രാജിവച്ചിരുന്നു. ബാങ്കിൽ നിയമിച്ച ഒരാളിൽനിന്ന് 25 ലക്ഷവും രണ്ടാമത്തെ ആളിൽനിന്ന് 18 ലക്ഷവും കൈക്കൂലി വാങ്ങി എന്ന ആരോപണത്തെത്തുടർന്നാണ് ഭരണസമിതിയിൽനിന്ന് ഇവർ രാജിവച്ചത്. ഇതു സംബന്ധിച്ച് അന്വേഷണവും നടക്കുന്നുണ്ട്.
ബാങ്കിന്റെ രണ്ടു ബ്രാഞ്ചുകളുടെ കെട്ടിട നിർമാണത്തിന് സഹകരണ വകുപ്പ് അനുവദിച്ച തുകയിൽനിന്ന് ഇരട്ടിയിലധികം തുകയാണ് എഴുതിയെടുത്തിരിക്കുന്നത്. ഈ തുക ഉൾപ്പെടെ ബാങ്ക് ഭരണസമിതി അംഗങ്ങളിൽനിന്ന് തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് ഉത്തരവിട്ടു. ഇതുപ്രകാരം ഫാർമേഴ്‌സ് ബാങ്കിലെ ഓരോ ഭരണസമിതി അംഗവും ചുരുങ്ങിയത് ആറു ലക്ഷം രൂപവീതം സഹകരണ വകുപ്പ് ഓഫീസിൽ തിരിച്ചടയ്‌ക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..