പുതുക്കാട്
യാത്രക്കാർക്കും വാഹനങ്ങൾക്കും സുരക്ഷാ ഭീഷണിയായി റോഡുകളിലെ ഉപയോഗശൂന്യമായ ടെലിഫോൺ കാലുകൾ. ദേശീയ, സംസ്ഥാന പാതകളിലും പിഡബ്ല്യുഡി റോഡുകളിലും മറ്റുമായി നൂറുകണക്കിന് ടെലിഫോൺ കാലുകളാണുള്ളത്. ഇതിൽ പഴയ തേക്കിന്റെയും ഇരുമ്പിന്റെയും കാലുകളുമുണ്ട്. തേക്കുകാലുകൾ പലതും ഏത് സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ചാഞ്ഞും ചരിഞ്ഞും നിൽക്കുന്ന ഇരുമ്പുകാലുകൾ വേറെയുമുണ്ട്.
മൊബൈൽ ഫോണുകൾ വ്യാപകമായതോടെയാണ് വീടുകളിലും ഓഫീസുകളിലും ലാൻഡ് ഫോണുകൾ നിശ്ചലമായത്. കംപ്യൂട്ടറിൽ നെറ്റ് കണക്ട് ചെയ്യുന്നതിനും മറ്റുമായി സാധാരണ ടെലിഫോൺ ലൈനുകളുടെ ഉപയോഗവും കുറഞ്ഞു. ഒപ്ടിക്കൽ ഫൈബർ കേബിൾ ആരംഭിച്ചതോടെയാണ് ലൈനുകൾ അനാവശ്യമായി തീർന്നത്. ഇതോടെ ടെലിഫോൺ കാലുകൾ റോഡിൽനിന്നും മാറ്റാൻ ടെൻഡറും നൽകി. ഫൈബർ ടു ഹോം കണക്ഷൻ ആരംഭിച്ചതോടെ പോസ്റ്റുകൾ തീർത്തും ആവശ്യമില്ലാതായി. ശല്യമോ ഭീഷണിയോ ആയ കാലുകൾ എവിടെ ഉണ്ടെങ്കിലും ബന്ധപ്പെട്ട എക്‌സ്‌ചേഞ്ചിൽ അറിയിച്ചാൽ അടിയന്തര പരിഹാരം ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..