26 April Friday
മന്ത്രിമാർ ഉത്തരവ്‌ കൈമാറി

കൊറ്റമ്പത്തൂർ വനം രക്തസാക്ഷികളുടെ ആശ്രിതർക്ക് സ്ഥിര നിയമനം

സ്വന്തം ലേഖകൻUpdated: Wednesday Sep 21, 2022

കൊറ്റമ്പത്തൂർ വനം രക്തസാക്ഷികളുടെ ആശ്രിതർക്ക് സർക്കാർ സ്ഥിര നിയമന ഉത്തരവ് മന്ത്രി എ കെ ശശീന്ദ്രൻ കൈമാറുന്നു , മന്ത്രി കെ രാധാകൃഷ്ണൻ സമീപം

വരവൂർ 
കൊറ്റമ്പത്തൂർ വനം രക്തസാക്ഷികളുടെ ആശ്രിതർക്ക് സർക്കാർ സർവീസിൽ സ്ഥിര നിയമനം.  കൊറ്റമ്പത്തൂർ വനം രക്തസാക്ഷികളുടെ ആശ്രിതർ കെ വി സുബീഷ്, വി എസ് ശരത്ത് എന്നിവർക്ക് വനം വകുപ്പിൽ സ്ഥിര നിയമനം നൽകിയുള്ള ഉത്തരവ്‌  വനം-   മന്ത്രി എ കെ ശശീന്ദ്രൻ   കൈമാറി.   പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക വാച്ചർമാരായ എ കെ വേലായുധന്റെ മകൻ കെ വി സുബീഷിന് വാച്ചർ തസ്തികയിലും വി എ ശങ്കരന്റെ മകൻ വി എസ് ശരത്തിന് ഓഫീസ് അറ്റൻഡന്റ് തസ്തികയിലുമാണ് സ്ഥിര നിയമനം നൽകിയത്.    2020 ഫെബ്രു. 16 ന് കൊറ്റമ്പത്തൂരിൽ  കാട്ടുതീ അണയ്‌ക്കുന്നതിനിടെ ഉണ്ടായ തീപ്പൊള്ളലേറ്റാണ്    വേലായുധനും ശങ്കരനും മരിച്ചത്‌. സ്വന്തം ജീവൻ   പണയം വച്ചാണ് വനംവകുപ്പ് ജീവനക്കാർ ജോലി ചെയ്യുന്നതെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ   പറഞ്ഞു.   വന്യമൃഗങ്ങളുടെ ആക്രമണം, കാട്ടുതീ തുടങ്ങി  പ്രതികൂലമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നവരാണ് ജീവനക്കാരിലേറെയും. അതോടൊപ്പം  മനുഷ്യത്വപരമായ നിലപാട് സ്വീകരിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഉദ്യോഗസ്ഥർ പരിശ്രമിക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു.  
 വനത്തെയും വന്യജീവികളെയും സംരക്ഷിക്കാൻ പ്രവർത്തിക്കുന്നവരുടെ ജീവിത സുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷനായ   പട്ടികജാതി–-വർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.     അകമല ഫോറസ്റ്റ് സ്റ്റേഷൻ പുനഃസ്ഥാപിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  വാഹനാപകടത്തിൽ മരിച്ച  വാഴച്ചാൽ ഡിവിഷനിലെ താൽക്കാലിക ജീവനക്കാരൻ എം എൻ ദുര്യോധനന്റെ കുടുംബത്തിന് ഇൻഷുറൻസ് തുകയായ അഞ്ച് ലക്ഷം രൂപ കൈമാറി. ഐസർ പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ 158–--ാം റാങ്ക് നേടിയ   ദുര്യോധനന്റെ മകൾ എം ഡി ആൽഖയ്ക്ക് മന്ത്രിമാർ   മൊമന്റോയും ക്യാഷ് അവാർഡും കൈമാറി.  പൂങ്ങോട്  നടന്ന ചടങ്ങിൽ വടക്കാഞ്ചേരി ബ്ലോക്ക്  പ്രസിഡന്റ് കെ വി നഫീസ, വാർഡ് അംഗം കെ ജിഷ, സെൻട്രൽ സർക്കിൾ ഫോറസ്റ്റ് കൺസർവേറ്റർ കെ ആർ അനൂപ്, തൃശൂർ ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ സി വി രാജൻ എന്നിവർ  സംസാരിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top