20 April Saturday

കോടശേരി പഞ്ചായത്ത്‌ പ്രസിഡന്റിനെ 
എൽഡിഎഫ്‌ അംഗങ്ങൾ ഘെരാവോ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

കോടശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫീസിന് മുമ്പില്‍ പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു

 ചാലക്കുടി

സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ഭരണപക്ഷം ഗുരുതരമായ അലംഭാവം കാട്ടുന്നതിൽ  പ്രതിഷേധിച്ച്‌ കോടശേരി പഞ്ചായത്ത്  യോഗത്തിൽ എൽഡിഎഫ് അംഗങ്ങൾ പ്രസിഡന്റിനെ ഘെരാവോ ചെയ്തു. തങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ച് പെട്ടന്ന് യോഗം അവസാനിപ്പിച്ചതിലാണ്‌ പ്രതിഷേധം.   
പ്രസിഡന്റ് ഡെന്നി വർഗീസിനെ പിന്നീട് ഓഫീസിൽ തടഞ്ഞുവച്ചു. ലൈഫ് പദ്ധതിയുടെ ഉദ്‌ഘാടനം സംസ്ഥാന തലത്തിൽ നടക്കുമ്പോൾ കോടശേരി പഞ്ചായത്ത് ഭരണസമിതി  വിട്ടുനിന്നുവെന്ന് പ്രതിപക്ഷ നേതാവ്‌  ഇ എ ജയതിലകൻ ചൂണ്ടിക്കാട്ടി. വാതിൽപ്പടി സേവനത്തിന്റെ ഉദ്‌ഘാടനം പ്രഹസനമാക്കി. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന നിർമാണ നിരോധന മേഖലകൾ ലഘൂകരിക്കുന്നതിന് പകരം വ്യാപിപ്പിക്കലാണ് ഭരണസമിതി ചെയ്തത്. ഇക്കാര്യം ചർച്ച ചെയ്യാനായി  കലക്ടർ വിളിച്ച യോഗത്തിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് വിട്ടുനിന്നു. പകരക്കാരനായി ഉദ്യോഗസ്ഥനെ യോഗത്തിൽ വിടുകയും കാര്യങ്ങൾ ബോധിപ്പിക്കാതെയും ജനങ്ങൾക്ക് ദുരിതമുണ്ടാക്കുകയുമാണ് ചെയ്തത്.  മേട്ടിപ്പാടം പ്രദേശത്ത് മാത്രമാണ് നിരോധനമുണ്ടായിരുന്നത്. 
എന്നാൽ യോഗത്തിൽ പങ്കെടുത്ത് കാര്യങ്ങൾ ബോധിപ്പിക്കാത്തതിനെ തുടർന്ന്  മേച്ചിറ, കനകമല, നായരങ്ങാടി, ബാലൻപീടിക തുടങ്ങിയ പ്രദേശങ്ങളും നിർമാണ നിരോധിത മേഖലയിലുൾപ്പെടുത്തി. പ്രസിഡന്റിന്റെ വാർഡിലെ കിടപ്പുരോഗിയായ ആദിവാസി സ്ത്രീയുടെ വീട്ടിലെ കുടിവെള്ള വിതരണം അകാരണമായി പ്രസിഡന്റ് വിച്ഛേദിച്ചതായും പ്രതിപക്ഷം ആരോപിച്ചു. 
പുനസ്ഥാപിക്കണമെങ്കിൽ തന്നോട് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതോടെയാണ് പ്രതിപക്ഷം പ്രസിഡന്റിനെ ഘെരാവൊ ചെയ്‌തത്‌.   
പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽഡിഎഫ് നടത്തിയ പ്രതിഷേധ യോഗം സി കെ ശശി ഉദ്‌ഘാടനം ചെയ്തു. ഇ എ ജയതിലകൻ അധ്യക്ഷനായി. സി കെ സഹജൻ, കെ കെ ചന്ദ്രൻ, വി ജെ വില്യംസ്, ടി എൻ ജോഷി, പി ആർ ബാബു, ഉഷ ശശിധരൻ, ശ്യാമ സജീവൻ, ദീപ പോളി, സജിത ഷാജു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top