മുള്ളൂർക്കര
മിലിട്ടറി ഓഫീസറാകണമെന്ന് ചെറുചിരിയിൽ മന്ത്രിയോട് സേതുമാധവൻ, നേതൃഗുണമുള്ള ഓഫീസറാവട്ടേയെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ വൈറലായ കാഞ്ഞിരശേരി ഗാന്ധി മെമ്മോറിയൽ ലോവർ പ്രൈമറി സ്‌കൂൾ ലീഡർ സേതുമാധവനെ കാണാൻ മന്ത്രിയെത്തി.
ജൂണിൽ ജനാധിപത്യരീതിൽ നടന്ന സ്‌കൂൾ തെരഞ്ഞെടുപ്പിൽ സ്‌കൂൾ ലീഡറായി മാറിയ സേതുമാധവന്റെ ആഹ്ലാദപ്രകടനവും ആനന്ദക്കണ്ണീരും ഉൾപ്പെട്ട വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. വിദ്യാഭ്യാസ മന്ത്രിയും വീഡിയോ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയും വീഡിയോ കോൺഫറൻസ് നടത്തുകയും ചെയ്തു. നേരിട്ട് കാണാൻ വരുമെന്നും അറിയിച്ചിരുന്നു. ഈ ഉറപ്പാണ് പാലിക്കപ്പെട്ടത്.
ആറ്റൂർ ജിയുപി സ്‌കൂളിലെ പുതിയ ഹൈടെക് കെട്ടിടം ഉദ്ഘാടനത്തിനുശേഷമാണ് മന്ത്രി കാഞ്ഞിരശേരി സ്‌കൂളിലെത്തിയത്. മന്ത്രി കെ രാധാകൃഷ്ണനും ഒപ്പമുണ്ടായിരുന്നു.
മന്ത്രി ശിവൻകുട്ടി സേതുമാധവന് സ്‌നേഹോപഹാരം സമർപ്പിക്കുകയും പൊന്നാടയണിയിക്കുകയും ചെയ്തു. ജനാധിപത്യമൂല്യങ്ങൾ കുട്ടികളിൽ പകർന്നുനൽകിയ അധ്യാപകരേയും മന്ത്രി അഭിനന്ദിച്ചു. സ്‌കൂളിന് സ്മാർട്ട് ക്ലാസ് റൂമിനായി സർക്കാരിന്റെ സഹകരണം ഉണ്ടാകുമെന്നും സ്‌കൂൾ മാനേജ്‌മെന്റിനെ മന്ത്രി അറിയിച്ചു. മന്ത്രി കെ രാധാകൃഷ്ണന്റെ പ്രതിനിധി കെ കെ മുരളീധരൻ, വാർഡംഗം പ്രതിഭ മനോജ്, പൊതുപ്രവർത്തകൻ വി രഘു,
വടക്കാഞ്ചേരി എഇഒ വി എം ബുഷറ, പ്രധാനാധ്യാപിക ഷെല്ലി ജോസ്, സ്‌കൂൾ മാനേജർ പ്രവീൺ ജനാർദനൻ, പിടിഎ പ്രസിഡന്റ് പി രാജീവ്, സ്റ്റാഫ് സെക്രട്ടറി സി ലത എന്നിവർ പങ്കെടുത്തു. അരമണിക്കൂറോളം സ്‌കൂളിൽ ചെലവഴിച്ചശേഷമാണ് മന്ത്രിമാർ മടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..