11 December Monday

ഇഡിയേയും കടത്തിവെട്ടി മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023
തൃശൂർ 
സഹകരണ ബാങ്കുകളിൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ നടത്തുന്ന അക്കൗണ്ട്‌ പരിശോധനയുടെ പേരിൽ സൂപ്പർ അന്വേഷണ ഏജൻസികൾ ചമഞ്ഞ്‌ സിപിഐ എമ്മിനെതിരെ കഥകളുണ്ടാക്കുകയാണ്‌ മാധ്യമങ്ങൾ. കരുവന്നൂർ സർവീസ്‌ സഹകരണ ബാങ്കിലെ വായ്‌പാ ക്രമക്കേടിൽ ഇ ഡി നടത്തുന്ന അന്വേഷണം എൽഡിഎഫ്‌ ഭരിക്കുന്ന മറ്റ്‌ സഹകരണ ബാങ്കുകളിലേക്കും വ്യാപിപ്പിച്ചപ്പോൾ അന്വേഷണ വിഷയങ്ങൾ എന്ന പേരിൽ ഭാവനയിൽനിന്നും കഥകളുണ്ടാക്കുകയാണ്‌ യുഡിഎഫ്‌ അനുകൂല മാധ്യമങ്ങളായ മനോരമയും മാതൃഭൂമിയും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്‌തീന്റെ വീട്ടിൽ ഇഡി പരിശോധന നടത്തിയ ആഗസ്‌ത്‌ 22 മുതൽ ഒരു മാസക്കാലമായി  എൽഡിഎഫ്‌ ഭരണമുള്ള സഹകരണ ബാങ്കുകളെക്കുറിച്ച്‌ വ്യാപകമായി നുണ പ്രചരിപ്പിക്കുന്നു. കരുവന്നൂർ ബാങ്ക്‌ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റിലായവരുടെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരുടെയും ആസ്‌തികളെല്ലാം എ സി മൊയ്‌തീന്റേതാണെന്നും 15 കോടിയുടെ ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിച്ചുവെന്നും എഴുതി. 
ആഗസ്‌ത്‌ 12 ന്‌ ബിജെപി സംസ്ഥാന ഭാരവാഹിയോഗം തൃശൂരിൽ ചേർന്ന ശേഷമാണ്‌ കരുവന്നൂർ വിഷയമാക്കാൻ തീരുമാനമായത്‌. തുടർന്നാണ്‌   ഇഡിയെ തൃശൂരിലേക്ക്‌ അയക്കുന്നതും എൽഡിഎഫ്‌ ഭരണമുള്ള സഹകരണ ബാങ്കുകളിൽ പരിശോധന തുടരുന്നതും. എ സി മൊയ്‌തീന്റെ വീട്ടിൽ നടന്ന റെയ്‌ഡിനെത്തുടർന്ന്‌ ഇഡി പ്രത്യേക വാർത്താകുറിപ്പ്‌ ഇറക്കിയതിലും ദുരൂഹതയുണ്ട്‌. ഒരു  തെളിവും ഇല്ലാതെ സിപിഐ എമ്മിനെ പുകമറയിൽ നിർത്തുകയായിരുന്നു. 
സഹകരണ ബാങ്കുകളിൽ ആര്‌ വായ്‌പയെടുക്കുകയാണെങ്കിലും അവരുടെ താമസസ്ഥലത്തെ ഡയറക്ടറുടെ ശുപാർശ വാങ്ങാറുണ്ട്‌. അത് സ്വാഭാവിക നടപടിയാണ്‌. ഇതിനെയാണ്‌ വായ്‌പയിൽ ഡയറക്ടർക്കും പങ്ക്‌  എന്ന നിലയിൽ  മാധ്യമങ്ങൾ വാർത്ത നൽകുന്നത്‌.  അയ്യന്തോൾ ബാങ്കിൽ 40 കോടി കള്ളപ്പണമെന്ന്‌ കഴിഞ്ഞദിവസം മനോരമ നൽകിയ വാർത്തയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായിരുന്നു.  കരുവന്നൂർ ബാങ്കിൽനിന്ന്‌ വായ്‌പയെടുത്ത പി സതീഷ്‌കുമാറിന്‌  വിവിധ ദേശസാൽകൃത ബാങ്കുകളിലും ഇടപാടുള്ളത്‌ മറച്ചുവയ്‌ക്കുന്നു. 
 
നേതാക്കളെ പുകമറയിൽ 
നിർത്തുന്നു
തൃശൂർ
സിപിഐ എമ്മിന്‌ തൃശൂരിൽ ശക്തമായി നേതൃത്വം നൽകുന്നവരെ അഴിമതിക്കേസുകളിൽ താൽക്കാലികമായെങ്കിലും കുടുക്കി ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുക എന്ന തന്ത്രമാണ്‌ ബിജെപി പയറ്റുന്നത്‌. അതുകൊണ്ടാണ്‌ സംസ്ഥാന കമ്മിറ്റിയംഗങ്ങൾ, മുൻ എംപി എന്നിവരേയും ഇതിലേക്ക്‌ വലിച്ചിഴയ്‌ക്കുന്നത്‌. ജനകീയ നേതാക്കളുമായി നിരവധി പേർ ചർച്ച നടത്തുകയും പൊതു ഇടങ്ങളിൽ കാണുകയും പതിവാണ്‌. ഇതിനെ തെറ്റായി ചിത്രീകരിച്ച്‌ നേതാക്കളെ പുകമറയിലാക്കുകയാണ്‌ മാധ്യമങ്ങൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top