29 March Friday

മാധ്യമങ്ങൾ നുണനിർമാണ ഫാക്ടറികളായി: പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020

 

കുന്നംകുളം
എൽഡിഎഫ്‌ സർക്കാരിനെതിരെ അതിവിശാലമായ മഴവിൽസംഖ്യം രുപപ്പെട്ടതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്‌ പറഞ്ഞു. യുഡിഎഫിനും ബിജെപിക്കുമൊപ്പം മാധ്യമങ്ങളും രംഗത്തുണ്ട്‌.  കോർപറേറ്റ്‌ പിന്തുണയോടെ  മാധ്യമങ്ങൾ  നുണനിർമാണ ഫാക്ടറികളായി  മാറുകയാണ്‌.  യുഡിഎഫ്‌, ബിജെപി അപവാദ പ്രചാരണത്തിനെതിരെ സിപിഐ എം  കുന്നംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
 കോർപറേറ്റുകളുടെ വ്യവസായമാണ്‌ മാധ്യമങ്ങൾ. അതിനനുസൃതമായാണ്‌ വാർത്തകളുടെ നിർമിതി. വസ്‌തുതകളുമായി പുലബന്ധമില്ല. പ്രതീതിമാത്രം സൃഷ്ടിക്കും.  മറ്റു രാജ്യങ്ങളിൽനിന്ന്‌ നയതന്ത്രബാഗേജ്‌ വഴി എത്തുന്ന സാധനങ്ങൾ കേന്ദ്രസർക്കാരിന്റെ ഏജൻസിയായ കസ്‌റ്റംസാണ്‌ ക്ലിയർ ചെയ്യുക. ഇതിൽ നികുതി ഒഴിവാക്കേണ്ട കേസുകളിൽ കോൺസുലേറ്റ്‌ ജനറലിന്റെ ഒപ്പ്‌ സാക്ഷ്യപ്പെടുത്തുക മാത്രമാണ്‌ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറുടെ ചുമതല. മൂന്നുമാസത്തിനുള്ളിൽ ഇത്തരം കേസുകളുണ്ടായിട്ടില്ല. എന്നിട്ടും സംസ്ഥാന സർക്കാരിനെയും മന്ത്രിമാരേയും പ്രതിക്കൂട്ടിലാക്കാനാണ്‌  ശ്രമം. 
നയതന്ത്ര ബാഗേജ്‌ പരിശോധിക്കാൻ  കസ്‌റ്റംസിന്‌ കേന്ദ്ര വിദേശമന്ത്രാലയത്തിന്റെ അനുമതി വേണം. സ്വർണം കടത്തിയത്‌ നയതന്ത്ര ബാഗിലല്ലെന്നാണ്‌  കേന്ദ്ര സഹമന്ത്രി വി മുരളീധരൻ തുടക്കം മുതൽ പറഞ്ഞത്‌. എന്നാൽ എൻഐഎ കോടതിയിലും പാർലമെന്റിലും സ്വർണം കടത്തിയത്‌ ‌ നയതന്ത്ര ബാഗിലാണെന്ന്‌ വ്യക്തമാക്കി. സ്വർണക്കടത്തുകേസിൽ  വി മുരളീധരനെയാണ്‌ ചോദ്യം ചെയ്യേണ്ടത്‌.  
എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപി കോൺഗ്രസുമായി ചേരുകയാണ്‌. കേന്ദ്രത്തിലും കേരളത്തിലും ഭരണം നഷ്ടപ്പെട്ട കോൺഗ്രസ്‌  അധികാരം കിട്ടാൻ ആരുമായും കൂട്ടുകൂടുകയാണ്‌. ഇതിനോട്‌ ‌ ലീഗും ഒപ്പം ചേരുന്നു. ഫാസിസത്തെ പരാജയപ്പെടുത്തണമെന്ന്‌ പറഞ്ഞ്‌ വോട്ട്‌ നേടി വിജയിച്ച  കുഞ്ഞാലിക്കുട്ടി, ബിജെപിയല്ല മുഖ്യശത്രുവെന്ന്‌  ഇപ്പോൾ പറയുന്നു.  കോലീബി സംഖ്യത്തിന്‌ പകരം ലീഗ്‌, കോൺഗ്രസ്‌, ബിജെപിയെന്ന ലീകോബിയായി മാറുകയാണ്‌. മത തീവ്രവാദ ശക്തികളായ ജമാ–- അത്തെ ഇസ്‌ലാമിയും എസ്‌ഡിപിയും സംഖ്യത്തിൽ കണ്ണിചേരുകയാണ്‌. കോർപറേറ്റ്‌–- വർഗീയ നിലപാടുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ തുടർച്ച ഇല്ലാതാക്കാൻ കേന്ദ്ര സർക്കാരും ശ്രമിക്കുകയാണ്‌.    
എന്നാൽ കേരളത്തിലെ  ജനങ്ങൾ സർക്കാരിന്റെ ക്ഷേമ പദ്ധതികൾ അനുഭവിക്കുന്നവരാണ്‌.  കോവിഡ്‌  പ്രതിരോധം,‌ ഭക്ഷ്യക്കിറ്റ്‌,  കർഷക റോയൽറ്റി, പച്ചക്കറിക്ക്‌ താങ്ങുവില,  പെൻഷൻ, ഹൈ ടെക്‌ സ്കൂളുകൾ, പശ്ചാത്തല വികസനം എന്നിങ്ങനെ കേരളം വൻ മുന്നേറ്റത്തിലാണ്‌. ഇതൊന്നും മാധ്യമങ്ങൾ വാർത്തയാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മന്ത്രി എ സി മൊയ്‌തീൻ, സംസ്ഥാനകമ്മിറ്റി അംഗം  ഡോ. പി കെ ബിജു എന്നിവർ സംസാരിച്ചു. ടി കെ വാസു അധ്യക്ഷനായി. എം എൻ സത്യൻ സ്വാഗതവും സീത രവീന്ദ്രൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top