06 December Wednesday

ബസിനു പിറകിൽ ബസിടിച്ച്‌ 
18 പേർക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

തൃശൂർ

ചിയ്യാരത്ത്   ബസിനു പിന്നിൽ ബസിടിച്ച്‌  രണ്ട് വിദ്യാർഥികളടക്കം  18 പേർക്ക് പരിക്കേറ്റു.  ചിയ്യാരം പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപം  തിങ്കൾ രാവിലെ എട്ടോടെ ആയിരുന്നു  അപകടം. കോടാലി  – ഊരകം – തൃശൂർ റൂട്ടിലോടുന്ന ‘അയ്യപ്പജ്യോതി’ ബസിന് പുറകിൽ
തൃശൂർ – ചേർപ്പ് – തൃപ്രയാർ റൂട്ടിലോടുന്ന ക്രെെസ്റ്റ് മോട്ടോഴ്സ് ബസ് ഇടിക്കുകയായിരുന്നു. മുമ്പിലുണ്ടായിരുന്ന സ്കൂൾ ബസ് പെട്ടെന്ന് ബ്രേക്കിട്ടതാണ്‌  അപകടത്തിന്‌ കാരണമെന്ന്‌ പറയുന്നു. സ്വകാര്യ ബസുകളുടെ   ചില്ല് പൊട്ടി ദേഹത്ത് കയറിയാണ് പലർക്കും പരിക്കേറ്റത്. അപകടത്തിൽ അയ്യപ്പജ്യോതി ബസിന്റെ പിൻവശവും  ക്രെെസ്റ്റ് മോട്ടോഴ്സ്‌ ബസിന്റെ  മുൻവശവും തകർന്നു. ക്രെെസ്‌റ്റ്‌  മോട്ടോഴ്സ് ബസിന്റെ മുൻഭാഗത്തുണ്ടായിരുന്നവരാണ് പരിക്കേറ്റവരിൽ ഏറെ പേരും.   പരിക്കേറ്റവരിൽ പത്ത് പേരെ കൂർക്കഞ്ചേരി എലെെറ്റ് ആശുപത്രിയിലും എട്ട്പേരെ തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.   ആരുടേയും പരിക്ക് ഗുരുതരമല്ല.  കണിമംഗലം – പാലക്കൽ റൂട്ടിൽ കോൺക്രീറ്റ് ജോലികൾ നടക്കുന്നതിനാൽ തൃശൂരിലേക്കുള്ള  ബസുകൾ ചിയ്യാരം വഴി ചുറ്റിയാണ് പോകുന്നത്. ഇതുമൂലമുണ്ടാകുന്ന സമയ നഷ്ടം മറികടക്കാനാണ് ബസുകൾ അമിത വേഗത്തിൽ പായുന്നതെന്ന്‌ നാട്ടുകാർ പറയുന്നു.  ഇതിനുപുറമെ മുണ്ടൂപ്പാലം, കുരിയച്ചിറ കുരുക്ക്‌ ഒഴിവാക്കാനായി സ്വകാര്യ ബസുകളുൾപ്പെടെ ചിയ്യാരം–- കണ്ണംകുളങ്ങര വഴി കടന്നുപോവുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top