തൃശൂർ
ജനകേന്ദ്രിത നവവിജ്ഞാന സമൂഹം ഉണ്ടാക്കുകയാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ പദ്ധതികളുടെ ലക്ഷ്യമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ‘നാലു വർഷ ബിരുദ പാഠ്യപദ്ധതി നടപ്പാക്കുന്നതിലെ സാധ്യതകൾ, വെല്ലുവിളികൾ' എന്ന വിഷയത്തിൽ വിമല കോളജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും ഉന്നതവിദ്യാഭ്യാസ കൗൺസിലുംചേർന്ന് സംഘടിപ്പിച്ച ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കരിക്കുലത്തിന്റെ രൂപകൽപ്പനയിലും ഉള്ളടക്കത്തിലും നടത്തുന്ന പരിഷ്കരണം കേരളത്തിലെ സവിശേഷ വിദ്യാഭ്യാസ സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും. വിജ്ഞാനം സാമൂഹിക മേഖലയിൽ കൃത്യമായി പരാവർത്തനം ചെയ്യപ്പെടേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ പ്രക്രിയയെ തൊഴിലിനും നിലവാരമുള്ള ഗവേഷണത്തിനും ഉതകുന്നവിധം പ്രായോഗികമായി പാകപ്പെടുത്തുന്ന കരിക്കുലത്തെ സമീപിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ഡോ. ഷരീഫ്, ഡോ. സൈമൺ എന്നിവർ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. ബീന ജോസ്, ഡോ. ധന്യ ജോൺസൻ, ഡോ.അഞ്ജലി കിഷോർ എന്നിവർ സംസാരിച്ചു. സെമിനാർ ചൊവ്വാഴ്‌ച സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..