25 April Thursday

അവണപ്പറമ്പിന്‌ അന്ത്യാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Sep 19, 2020
വടക്കാഞ്ചേരി
ആന ചികിത്സയിൽ അഗ്രഗണ്യനായിരുന്ന അവണപ്പറമ്പ് മന മഹേശ്വരൻ നമ്പൂതിരിപ്പാട് (90) ഇനി ചരിത്രം. 
ആനക്കഥകളോടൊപ്പം ഇനി ചികിത്സയിലെ അവണപ്പറമ്പുമഹത്വവും ചേരും. ആയുർവേദ വിഷചികിത്സകൻ കൂടിയായ  അദ്ദേഹം  വ്യാഴാഴ്ച രാത്രി 11.30ന്‌ വടക്കാഞ്ചേരിയിലെ  സ്വകാര്യ ആശുപത്രിയിലാണ്‌ അന്തരിച്ചത്‌. വെള്ളിയാഴ്ച പകൽ പന്ത്രണ്ടിന്‌ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.  മകൻ ശങ്കരൻ ചിതയ്ക്ക് തീകൊളുത്തി.  
സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ അന്ത്യോപചാരം അർപ്പിക്കാനെത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജനക്കൂട്ടത്തെ നിയന്ത്രിച്ചായിരുന്നു അന്ത്യോപചാര ചടങ്ങ്.  മന്ത്രി എ സി മൊയ്തീൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ  പ്രീജകുമാരി, സിപിഐ  എം ജില്ലാ സെക്രട്ടറിയറ്റ് അംഗം  സേവ്യർ ചിറ്റിലപ്പിള്ളി, ഏരിയ സെക്രട്ടറി പി എൻ സുരേന്ദ്രൻ, നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ്, ഉത്രാളിക്കാവ് ക്ഷേത്രം ഭാരവാഹികൾ, ആനപ്രേമികൾ  തുടങ്ങി സാമൂഹ്യ രാഷ്ട്രീയ രംഗത്തെ നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. 
ഇളയച്ഛൻ നമ്പ്യത്താൻ നമ്പൂതിരിപ്പാടിൽനിന്നാണ് മഹേശ്വരൻ നമ്പൂതിരിപ്പാട് ആനചികിത്സയുടെ ബാലപാഠങ്ങൾ പഠിച്ചത്. പതിനാല് വയസ്സാകുമ്പോഴേക്കും മരുന്ന് നിശ്ചയിക്കാനും കുറിപ്പടി എഴുതാനും പരിഞ്ജാനം നേടി.  
ആയിരക്കണക്കിന് ശ്ലോകങ്ങളും, ചികിത്സാ ഗ്രന്ഥങ്ങളും പഠിച്ച്‌  മരുന്നുണ്ടാക്കാനും തുടങ്ങി. വിഷം തിരിച്ചറിയാൻ വെറ്റിലയിൽ തേച്ചുണ്ടാക്കുന്ന വിഷഹാരി ലേഹ്യം, ജീവരക്ഷാ ഗുളിക, മൃത്യുഞ്ജയം എന്നിവ തയ്യാറാക്കുന്നതിൽ  വൈദഗ്ധ്യം നേടി.  ഹസ്ത്യായുർവേദം, ഗജ രക്ഷാ തന്ത്രം, മാതംഗലീല എന്നിവ ഗുരുകുല സമ്പ്രദായത്തിൽ പഠിച്ചെടുത്തു. റേഡിയോ എൻജിനിയറിങ്‌ കോഴ്സ് പൂർത്തിയാക്കിയിരുന്നു.  
ബംഗളൂരുവിലെ എച്ച്എൽഎല്ലിലേക്ക്‌ ക്ഷണം ലഭിച്ചെങ്കിലും സമ്പത്ത്‌ നോക്കാനാളില്ലെന്നെ കാരണത്താൽ വീട്ടുകാർ എതിർത്തു. 
തുടർന്ന്‌ ആനചികിത്സയിൽ കേന്ദ്രീകരിക്കുകയായിരുന്നു. ഒട്ടേറെ അംഗീകാരങ്ങൾ ഈ രംഗത്തുനിന്ന്‌ അദ്ദേഹത്തിന്‌ ലഭിച്ചു. വിവിധ ദേവസ്വങ്ങളും പ്രശസ്ത ആയുർവേദ കേന്ദ്രങ്ങളും അവാർഡ്‌ നൽകി ആദരിച്ചു. ഒരു മാസം മുമ്പായിരുന്നു നവതി ആഘോഷം.  
കാഞ്ഞൂർ മനയിലെ ശ്രീദേവി അന്തർജനമാണ് ഭാര്യ.  മക്കൾ: ഡോ. ശങ്കരൻ, ഗിരിജ, മരുമക്കൾ  മഞ്ജു, കൃഷ്ണൻ ഭട്ടതിരിപ്പാട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top