20 April Saturday

‘എലഫന്റ്‌ ദാമോദരൻ’ ആദ്യ ‘അവാർഡ്‌ ’

ഇ പി വിനയകൃഷ്ണൻUpdated: Saturday Sep 19, 2020

 

 
തൃശൂർ
ഇടഞ്ഞതിനെത്തുടർന്ന്‌ മൃഗഡോക്ടർമാർ കേരളത്തിൽ ആദ്യം മയക്കുവെടിവച്ച് തളച്ച ആനയായിരുന്നു കിഴക്കുവീട്ടിൽ ദാമോദരൻ. ആന മയങ്ങിയെങ്കിലും അന്ന്‌ പാർശ്വഫലമുണ്ടായി. ആനയുടെ പുറം മുഴുവൻ പൊള്ളി. ചികിത്സിച്ച എല്ലാവരും കൈയൊഴിഞ്ഞു. ഒടുവിൽ ദാമോദരൻ അവണപ്പറമ്പ് മനയിലെത്തി. അക്കാലത്ത് മഹേശ്വരൻ നമ്പൂതിരിപ്പാട് ആനചികിത്സയിൽ അത്ര പ്രശസ്‌തനല്ല. നിരവധി ആനകളുടെ ഉടമകൂടിയായ കീരങ്ങാട് നമ്പൂതിരിയാണ് ദാമോദരൻആനയെ മഹേശ്വരൻ നമ്പൂതിരിപ്പാടിന്റെ അടുത്തേക്ക് ചികിത്സയ്ക്കു വിട്ടത്. ഒന്നരക്കൊല്ലം വീട്ടുവളപ്പിൽ നിർത്തി ചികിത്സിച്ച് ആനയുടെ മുറിവുണക്കി. അതോടെ മഹേശ്വരൻ നമ്പൂതിരിപ്പാടിന് പേരായി. ആനവൈദ്യനായി നമ്പൂതിരിപ്പാടിന്‌ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിരുന്നു ദാമോദരന്റെ രക്ഷ.
മുത്തച്ഛനും അച്ഛനുംപോലെ പേരുകേട്ട ആനചികിത്സയിലെ  ഇളമുറക്കാരനായി മഹേശ്വരനും വളർന്നു. താമസിയാതെ ഗുരുവായൂർ ദേവസ്വം ആനകളുടെ ചികിത്സാ ചുമതലയേൽപ്പിച്ചു. ആന പരിപാലനത്തിനായി ദേവസ്വം രൂപീകരിച്ച വിദഗ്ധ സമിതിയിലും അംഗമായി. അഞ്ഞൂറിലധികം ആനകളെയാണ്‌ മഹേശ്വരൻ നമ്പൂതിരിപ്പാട് ചികിത്സിച്ച് സുഖപ്പെടുത്തിയിട്ടുള്ളത്‌.  
ഗജപരിപാലനത്തിലെ പരമ്പരാഗത ചികിത്സാവിധി പരിപാവനമായി കാത്തുസൂക്ഷിച്ച വ്യക്തിയെയാണ്‌ അദ്ദേഹത്തിന്റെ വേർപാടിലൂടെ നഷ്ടമായത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top