29 March Friday
അഗ്നിപഥ്‌

ആളിക്കത്തി വിദ്യാർഥി–
യുവജനപ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

എസ്എഫ്ഐ പ്രവർത്തകർ വടക്കാഞ്ചേരി ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്

 തൃശൂർ

ഇന്ത്യൻ സൈന്യത്തിലും കരാർനിയമനം നടത്താനുള്ള കേന്ദ്രസർക്കാർ പദ്ധതി ‘അഗ്നിപഥി’നെതിരെ ജില്ലയിൽ   പ്രതിഷേധം അലയടിച്ചു. വിദ്യാർഥികളുടേയും യുവജനങ്ങളുടേയും നേതൃത്വത്തിലാണ് പ്രതിഷേധം ഇരമ്പിയത്. 21–-ാം വയസ്സിൽതന്നെ യുവാക്കളെ വഴിയാധാരമാക്കുന്ന മോദിസർക്കാരിന്റെ വഞ്ചനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ തൃശൂർ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ രാത്രിമാർച്ച് സംഘടിപ്പിച്ചു. 
കേവലം നാലുവർഷത്തേക്ക്‌  നിയമനം നടത്തി, പെൻഷൻപോലും നൽകാതെ യുവാക്കളെ തെരുവിലേക്ക്‌ തള്ളിവിടുന്ന നീക്കത്തിനെതിരെയാണ്‌ യുവതീയുവാക്കാൾ റെയിൽവേ സ്‌റ്റേഷൻ മാർച്ച്‌ നടത്തിയത്‌.  ഈ ഗൂഢപദ്ധതിക്കായി  ഉപയോഗിക്കുന്നതിനെതിരെ രാജ്യവാപകമായി  പ്രക്ഷോഭം തുടരുന്നതിനിടെയാണ്‌ തൃശൂരിലും പ്രതിഷേധം ഉയർന്നത്‌.  
തൊഴിലില്ലാത്ത കോടിക്കണക്കിന്‌ യുവതീയുവാക്കൾക്ക്‌ തൊഴിൽ നൽകാൻ തായ്യാറാകാതെയിരിക്കേയാണ്‌ ഒരു തൊഴിൽ സുരക്ഷയുമില്ലാതെ രാജ്യത്തിന്റെ നട്ടെല്ലായ യുവത്വം ത്യാഗത്തിന്‌ തയ്യാറാകണമെന്ന്‌ കേന്ദ്രസർക്കാർ  ആഹ്വാനം ചെയ്യുന്നത്.  
ഈ ശ്രമം ഉപേക്ഷിച്ച് രാജ്യത്ത്‌ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് സ്ഥിരനിയമനം നടത്തി ഇന്ത്യയിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. സേനയിലെ താൽക്കാലിക നിയമനനീക്കത്തിൽനിന്ന്‌ സർക്കാർ പിന്മാറണമെന്നും  ഡിഎൈഎഫ്‌ഐ ആവശ്യപ്പെട്ടു. 
അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽനിന്ന്‌ ആരംഭിച്ച മാർച്ച്‌ സ്വരാജ്‌ റൗണ്ട്‌ചുറ്റി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ സമാപിച്ചു. പ്രതിഷേധയോഗം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ ആർ എൽ ശ്രീലാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ എസ്‌ സെന്തിൽകുമാർ, കെ എസ്‌ റോസൽരാജ്‌, സുകന്യ ബൈജു, വി പി ശരത്ത്‌പ്രസാദ്‌ എന്നിവർ സംസാരിച്ചു. 
എഐവൈഎഫ് നേതൃത്വത്തിലും പ്രതിഷേധം നടന്നു. ജില്ലാ സെക്രട്ടറി പ്രസാദ്‌ പറേരി ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ് ബിനോയ്‌ ഷബീർ അധ്യക്ഷനായി.
എസ്‌എഫ്‌ഐ നേതൃത്വത്തിൽ ഏരിയാകേന്ദ്രങ്ങളിൽ  കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക്‌ നടത്തിയ മാർച്ചിൽ നുറുക്കണക്കിന്‌ വിദ്യാർഥികൾ അണിനിരന്നു. 
എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം വി പി ശരത്‌ പ്രസാദ്‌  ഒല്ലൂരിലും   ജില്ലാ സെക്രട്ടറി ഹസ്സൻ മുബാറക്ക്  തൃശൂരിലും  പ്രസിഡന്റ്‌   ജിഷ്ണു സത്യൻ  വടക്കാഞ്ചേരിയിലും   ഉദ്‌ഘാടനം ചെയ്‌തു.  സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എൻ സേതു   ചാവക്കാടും  ആർ വിഷ്ണു   നാട്ടികയിലും  ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ   വിഷ്ണു പ്രഭാകരൻ  കുന്നംകുളത്തും   വി എ ഇൻസാഫ് മണലൂരിലും സച്ചിൻ പ്രകാശ്     കൊടകരയിലും ഉദ്‌ഘാടനം ചെയ്‌തു.   
 ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ  കെ യു  ജാബിർ ചേലക്കരയിലും,  കെ ബി അമൽ  പുഴയ്ക്കലിലും  അഫ്സൽ മാളയിലും   എം ആർ അനന്തു   ഇരിങ്ങാലക്കുടയിലും  വി ആർ  സനേഷ് ചാലക്കുടിയിലും   പി ആർ   ശ്രീജിത്‌ ചേർപ്പിലും   ജില്ലാകമ്മിറ്റി അംഗം  ജിഷ്ണു ദേവ് മണ്ണുത്തിയിലും  മുൻ ജില്ലാ പ്രസിഡന്റ്‌   ജാസിർ ഇക്‌ബാൽ കൊടുങ്ങല്ലൂരിലും ഉദ്‌ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top