27 April Saturday
കോർപറേഷൻ ജനറൽ ആശുപത്രി

ഹൃദയംകാക്കും കാത്ത്‌ ലാബ്‌

സ്വന്തം ലേഖകൻUpdated: Thursday May 19, 2022

കോർപറേഷൻ ജനറൽ ആശുപത്രിയിലെ കാത്ത്‌ ലാബ്‌

തൃശൂർ
ഹൃദയരോഗികൾക്ക്‌ ആശ്വാസമേകി കോർപറേഷൻ ജനറൽ ആശുപത്രി. എൽഡിഎഫ്‌ സർക്കാർ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച്‌ ആശുപത്രിയിൽ ഒരുക്കിയ കാത്ത്‌ ലാബ്‌ വഴിയാണ്‌ സാധാരണക്കാരായ രോഗികൾക്ക്‌ ജീവന്റെ പുതിയ ഹൃദയത്തുടിപ്പുകൾ നൽകുന്നത്‌. ഏതൊരു സ്വകാര്യ ആശുപത്രികളെക്കാളും മികച്ച സേവനം ഏറ്റവും ചുരുങ്ങിയ നിരക്കിലാണ്‌   ലഭിക്കുന്നത്‌. ബിപിഎല്ലുകാർക്ക്‌ സൗജന്യവുമാണ്‌. 
    കഴിഞ്ഞ ഏപ്രിൽ 20നാണ്‌ കാത്ത്‌ ലാബ്‌ പ്രവർത്തനം ആരംഭിച്ചത്‌. ഒരുമാസം പിന്നിടുന്നതിനുമുന്നേ  ആധുനിക സംവിധാനത്തോടെയുള്ള കാത്ത്‌ ലാബിലൂടെ 86 രോഗികളുടെ ഹൃദയം പരിശോധിച്ച്‌ തുടർ ചികിത്സയേകി. 39പേർക്ക്‌ ആൻജിയോ പ്ലാസ്‌റ്റിയും 43പേർക്ക്‌ ആൻജിയോഗ്രാമും നാലുപേർക്ക്‌ ഹൈറിസ്‌ക്‌ ചികിത്സയുമാണ്‌ നൽകിയത്‌. ബുധൻ, വെള്ളി ദിവസങ്ങളിൽ ഒപിയിൽ എത്തുന്ന രോഗികൾക്ക്‌ ഡോക്ടറുടെ നിർദേശപ്രകാശമാണ്‌  കാത്ത്‌ ലാബ്‌വഴിയുള്ള ചികിത്സ നൽകുന്നത്‌. 
പ്രശസ്‌ത കാർഡിയോളജിസ്‌റ്റുകളായ ഡോ. എ കൃഷ്‌ണകുമാർ, ഡോ. വിവേക്‌ തോമസ്‌, കൂടാതെ നാല്‌ ഡോക്ടർമാർ, 18 നേഴ്‌സുമാർ, രണ്ടു ടെക്‌നീഷ്യൻമാർ, ഒരു ഡാറ്റാ ഓപ്പറേറ്റർ തുടങ്ങിയവരടങ്ങുന്ന ടീമാണ്‌  ചികിത്സാ സംവിധാനം  ഒരുക്കുന്നത്‌. ആൻജിയോപ്ലാസ്‌റ്റിക്ക്‌ 12,000 രൂപയും ആൻജിയോഗ്രാമിന്‌ 5500 രൂപയും മാത്രമാണ്‌ ഈടാക്കുന്നത്‌.  ഹൃദയധമനികളിൽ സ്‌റ്റന്റ്‌ വയ്‌ക്കണമെങ്കിൽ ആ തുകയും നൽകണം. 
ജനറൽ ആശുപത്രിയിലെ ഒപിയിൽ എത്തുന്ന ഹൃദ്‌രോഗികളിൽ ആവശ്യമായവർക്കാണ്‌ കാത്ത്‌ ലാബിൽ ചികിത്സ നൽകുന്നത്‌. ആൻജിയോ ചികിത്സയ്‌ക്കുശേഷം രോഗിയെ, ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്കും പിന്നീട്‌ വാർഡിലേക്കും മാറ്റും. രണ്ടു ദിവസത്തിനകം അസുഖം മാറി ഡിസ്‌ചാർജായി വീട്ടിലേക്ക്‌ മടങ്ങുകയും ചെയ്യാം. 
സ്വകാര്യ ആശുപത്രികളിലെ നാലിലൊന്ന്‌ തുകമാത്രമാണ്‌ ഹൃദയ ചികിത്സയ്‌ക്കായി ജനറൽ ആശുപത്രിയിൽ ഈടാക്കുന്നത്‌. പണമില്ലാത്തതിനാൽ ഒരാൾക്കും ചികിത്സ മുടങ്ങരുതെന്ന ലക്ഷ്യം മുന്നിൽ കണ്ടാണ്‌ എൽഡിഎഫ്‌സർക്കാർ  ജനറൽ ആശുപത്രിയിൽ കാത്ത്‌ ലാബ്‌ സംവിധാനം ഒരുക്കിയത്‌. ഇവിടെ എത്തുന്ന ഹൃദ്രോഗികൾക്ക്‌ കൃത്യതയോടെ  ചികിത്സ ലഭിക്കുന്നതിനാൽ, നിലവിൽ ഒറ്റ രോഗിപോലും ചികിത്സയ്‌ക്ക്‌ കാത്തു നിൽക്കുന്നില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top