20 April Saturday
ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ വാദം അംഗീകരിച്ചു

ഇന്ത്യൻ കോഫീ ഹൗസിന്റെ ഹർജി ഹൈക്കോടതി തള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
തൃശൂർ 
ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രി കോമ്പൗണ്ടിൽ ഇന്ത്യൻ കോഫീഹൗസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ബിജെപി–- കോൺഗ്രസ്‌ കൂട്ടുകെട്ടിന്റെ തെക്കൻ മേഖലാ ബോർഡ് സെക്രട്ടറി ഷിബു നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ, ഇന്ത്യൻ കോഫീഹൗസ് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന കേസുകൾ എല്ലാം കോഫീഹൗസിന് എതിരായി. 
വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്ക്വാഡ് കണ്ടെത്തിയ 13 വീഴ്ചകൾ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ഭാഗമാണെന്ന്  വ്യക്തമാക്കിയാണ്‌ കോഫീഹൗസിന്റെ ഹർജി കോടതി തള്ളിയത്‌. ഭക്ഷ്യസുരക്ഷാ വകുപ്പ് റിപ്പോർട്ടിൽ പരാമർശിച്ച വീഴ്ചകളുടെ നിജസ്ഥിതി പരിശോധിക്കാൻ ഇന്ത്യൻ കോഫീഹൗസ് നടത്തിപ്പുകാരുടെ അപേക്ഷപ്രകാരം കോടതി അഡ്വക്കറ്റ് കമീഷനെ നിയോഗിച്ചിരുന്നു. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്ത് പാറ്റ, എലി, പൊട്ടിയൊലിക്കുന്ന  മാൻഹോളുകൾ, തുറന്നുകിടക്കുന്ന അഴുക്കുചാലുകൾ എന്നിവയുടെ ചിത്രങ്ങൾ സഹിതമുള്ള കമീഷന്റെ റിപ്പോർട്ട്‌  പരിഗണിച്ചാണ്‌ കോടതി നടപടി സ്വീകരിച്ചത്‌.  
കോഫീഹൗസ് പ്രവർത്തിച്ചിരുന്ന താൽക്കാലിക ഷെഡ് ഒഴിപ്പിക്കുന്നതിന് പ്രിൻസിപ്പൽ നൽകിയ നോട്ടീസിനെതിരെ കോഫീഹൗസ്‌ നൽകിയ കോടതിയലക്ഷ്യ ഹർജി നേരത്തേ  തള്ളിയിരുന്നു. തുടർന്ന് ഇവരെ ഒഴിപ്പിക്കുകയും താൽക്കാലിക ഷെഡ് പൊളിച്ചു മാറ്റുകയും ചെയ്തു. കോടതിയിൽ കേസ് നിലനിൽക്കുമ്പോൾ ഷെഡ് പൊളിച്ചതിനാൽ വീണ്ടും കെട്ടിടം നിർമിച്ചുനൽകി ഭക്ഷണശാല അനുവദിക്കണമെന്ന് കോഫീ ഹൗസിനുവേണ്ടി സീനിയർ അഭിഭാഷകൻ കോടതിയിൽ വാദിച്ചെങ്കിലും  2018നുശേഷം ഒരു കരാറും ഇല്ലാത്ത ഇന്ത്യൻ കോഫീ ഹൗസിന് അത്തരത്തിൽ ഒരു ഇളവിനും അർഹതയില്ലെന്ന്‌ കോടതി വ്യക്തമാക്കി. 
നാലുവർഷമായി കോടതിവിധി ദുർവ്യാഖ്യാനം ചെയ്ത് മെഡിക്കൽ കോളേജ് അധികൃതരെ കബളിപ്പിച്ച ഇന്ത്യൻ കോഫീഹൗസിന് വലിയ തിരിച്ചടിയാണ് കോടതിയിൽനിന്നുണ്ടായത്‌. ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ലീഡർ അഡ്വ. ദീപ ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top