26 April Friday

105 കുടുംബങ്ങൾക്ക്‌
 ‘ചെങ്കൊടിത്തണൽ’

സ്വന്തം ലേഖകൻUpdated: Wednesday Jan 19, 2022

സിപിഐ എം കുറ്റിച്ചിറ ലോക്കല്‍ കമ്മിറ്റി നിർമിച്ച വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ ജാനകിക്ക്‌ കൈമാറുന്നു

ചാലക്കുടി
സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസിൽനിന്ന്‌ വീടിന്റെ താക്കോൽ ഏറ്റുവാങ്ങിയപ്പോൾ  കുറ്റിച്ചിറ ചെമ്പൻകുന്ന്‌ വിരുത്തുംകണ്ടത്തിൽ ജാനകിയുടെ കണ്ണ് നിറഞ്ഞു. ‘അടച്ചുറപ്പുള്ളൊരു വീടെന്നത് ഇക്കാലമത്രയും സ്വപ്നമായിരുന്നു. അത് യാഥാർഥ്യമാക്കിത്തന്ന എല്ലാവരോടും നന്ദി’. താക്കോൽ ഏറ്റുവാങ്ങുന്നതിനിടെ ജാനകി പറഞ്ഞൊപ്പിച്ചു. വിധവയായ ജാനകി രോഗിയായ മകനൊപ്പം ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു താമസം. ഈ സമയത്താണ് സിപിഐ എം പ്രവർത്തകർ കൈത്താങ്ങുമായി എത്തിയത്‌. ജില്ലയിൽ 105 കുടുംബങ്ങളാണ്‌ ചെങ്കൊടിത്തണലിൽ ഒരുക്കിയ സുരക്ഷിത വീടുകളിൽ ഇന്ന്‌ സന്തോഷത്തോടെ കഴിയുന്നത്‌. തൃശൂരിൽ 2018ൽ ചേർന്ന സിപിഐ എം സംസ്ഥാന സമ്മേളനമാണ്‌ വീടില്ലാത്തവർക്ക്‌ വീട്‌ നിർമിച്ചുനൽകാൻ തീരുമാനിച്ചത്‌. സർക്കാരിന്റെ ലൈഫ്‌ പദ്ധതിയിൽ കണ്ണികളായി ലോക്കൽ കമ്മിറ്റിയിൽ ഒരു വീടെങ്കിലും നിർമിച്ച്‌ നൽകാനായിരുന്നു തീരുമാനം. പ്രളയവും കോവിഡുമെല്ലാം പ്രതിസന്ധികൾ തീർത്തിട്ടും ജില്ലയിൽ ഇതിനകം 105 വീട്‌ നിർമിച്ച്‌ താക്കോൽ കൈമാറി. പലയിടങ്ങളിലും വീടുകൾ നിർമാണഘട്ടത്തിലാണ്‌. ഇത്‌ പൂർത്തിയാകുന്ന മുറയ്ക്ക് ഇരുന്നൂറോളം ഭവനരഹിതർക്ക്‌  സിപിഐ എം വഴി തണലേകും. തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, കച്ചവടക്കാർ, ജീവനക്കാർ, അധ്യാപകർ, കർഷകർ, ബഹുജനങ്ങൾ തുടങ്ങി എല്ലാ മേഖലയിലുള്ളവരും വിവിധ സഹായങ്ങളേകി  പ്രവർത്തനങ്ങളിൽ പങ്കാളികളായി.  
    സിപിഐ എം കുറ്റിച്ചിറ ലോക്കൽ കമ്മിറ്റിയാണ് ജാനകിക്ക് അഞ്ഞൂറോളം ചതുരശ്ര അടി വിസ്തീർണമുളള വീട് നിർമിച്ചുനൽകിയത്. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ താക്കോൽ കൈമാറി. ഏരിയ കമ്മിറ്റിയംഗം സാവിത്രി വിജയൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്, ജില്ലാ കമ്മിറ്റിയംഗം ബി ഡി ദേവസി, ഏരിയ സെക്രട്ടറി കെ എസ് അശോകൻ എന്നിവർ സംസാരിച്ചു. പി എ കുഞ്ചു സ്വാഗതവും പി സി നിഖിൽ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top