തൃശൂർ
കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച്, പകരം ത്രീടയർ എസി കംപാർട്‌മെന്റുകളാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ തിങ്കളാഴ്‌ച ഡിവൈഎഫ്‌ഐ പ്രതിഷേധ ട്രെയിൻയാത്ര സംഘടിപ്പിക്കും. സാധാരണക്കാരെ വഴിയാധാരമാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ജില്ലയിലെ എട്ടു റെയിൽവേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ പ്രതിഷേധയോഗം ചേർന്നശേഷമാണ് ട്രെയിൻ യാത്ര നടത്തുക.
മാവേലി എക്സ്പ്രസ്, മംഗളൂരു–- -ചെന്നൈ എക്സ്പ്രസ്, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലാണ് സെപ്തംബർമുതൽ സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ചത്. സംസ്ഥാനത്തെ ട്രെയിൻ യാത്രതന്നെ ദുരിതത്തിലായിരിക്കേ, കൂടുതൽ ട്രെയിനുകൾ അനുവദിക്കേണ്ടതിനു പകരമാണ് നിലവിലെ ട്രെയിനുകളിലെ കോച്ചുകൾ വെട്ടിച്ചുരുക്കുന്നത്. റെയിൽവേയിൽ പുതിയ നിയമനങ്ങൾ നടത്തുന്നില്ല, മുതിർന്ന പൗരന്മാർക്കുള്ള ഇളവുകൾ നേരത്തേതന്നെ റദ്ദാക്കി. സുരക്ഷാ പ്രശ്നങ്ങളം കൂടിവരികയാണ്. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ ട്രെയിൻ യാത്ര നടത്തുന്നത്. ഡിവൈഎഫ്‌ഐ വളണ്ടിയർമാർ പ്ലാറ്റ്ഫോമിലും ട്രെയിനിലും ലഘുലേഖ വിതരണംചെയ്യും. പ്ലക്കാർഡുകളുമായി ട്രെയിനുകളിൽ കയറി കേരളത്തിലെ ട്രെയിൻ യാത്രാദുരിതം വിശദീകരിക്കും.
രാവിലെ പത്തിന് സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു തൃശൂരിലും ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ ഇരിങ്ങാലക്കുടയിലും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി പി ശരത്ത് പ്രസാദ് ഗുരുവായൂരിലും സുകന്യ ബൈജു പുതുക്കാട്ടും കെ എസ് റോസൽരാജ് ചാലക്കുടിയിലും ഉദ്‌ഘാടനംചെയ്യും. വൈസ് പ്രസിഡന്റുമാരായ സി ആർ കാർത്തിക വടക്കാഞ്ചേരിയിലും എൻ ജി ഗിരിലാൽ വള്ളത്തോൾനഗറിലും സി എസ് സംഗീത് ഒല്ലൂരിലും ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..