ചാലക്കുടി
മലക്കപ്പാറയിലെ മൂടൽമഞ്ഞിൽ മനം കുളിർപ്പിക്കാനെത്തുന്നവരുടെ തിരക്കേറുന്നു. അവധി ദിവസങ്ങൾക്കു പുറമെ മറ്റ് ദിവസങ്ങളിലും സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വാൽപ്പാറ കടന്ന് അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിന് സഞ്ചാരികളും ഇവിടത്തെ പ്രകൃതിഭംഗി ആസ്വദിക്കാനായെത്തുന്നുണ്ട്.
വിശാലമായ തേയിലത്തോട്ടങ്ങളും മൂടൽമഞ്ഞ് നിറഞ്ഞ അന്തരീക്ഷവുമൊക്കെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. സമുദ്രനിരപ്പിൽനിന്നും 900 മീറ്ററോളം ഉയരുമുള്ള ഈ പ്രദേശം നയനമനോഹരമായ അനഭൂതിയാണ് സഞ്ചാരികൾക്ക് നൽകുന്നത്.
തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ച് മലക്കപ്പാറയിലെത്തി ഒരു ദിവസം തങ്ങി പിറ്റേന്ന് വാൽപ്പാറവഴി തിരികെ പോകുന്ന തരത്തിലാണ് പലരും യാത്രകൾ ആസൂത്രണം ചെയ്യുന്നത്.
നിരവധി റിസോർട്ടുകളും ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ആദിവാസികൾ ശേഖരിച്ച തേനടക്കമുള്ള വനവിഭവങ്ങൾ വാങ്ങാനാകുമെന്നതും ആളുകളെ ആകർഷിക്കുന്നു. ചാലക്കുടിയിൽനിന്നും ഏകദേശം 90 കിലോമീറ്ററോളം ദൂരമുണ്ട് മലക്കപ്പാറയിലേക്ക്. അവധി ദിവസങ്ങളിൽ മലക്കപ്പാറയിലേക്ക് കെഎസ്ആർടിസി യുടെ ആറിലധികം ബസുകൾ സർവീസ് നടത്തുന്നുണ്ട്. എന്നാൽ, സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾപോലും അധികൃതർ ഒരുക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഒരു കോടിയോളം രൂപയുടെ പദ്ധതി അധികൃതരുടെ അനാസ്ഥമൂലം പാഴായിപ്പോയതായും ആരോപണമുണ്ട്.
സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനുമൊക്കെയുള്ള ടൂറിസം ഫെലിസിറ്റേഷൻ സെന്ററാണ് അനാസ്ഥ കാരണം ഇല്ലാതായത്. അതിരപ്പിള്ളി പഞ്ചായത്ത് വക സ്ഥലത്ത് ആരംഭിക്കാൻ വിഭാവനം ചെയ്ത പദ്ധതിയാണ് നഷ്ടപ്പെടുത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..