ചാവക്കാട്
വിമതസംഘടനയുമായി പ്രബലവിഭാഗം രംഗത്ത് വന്നതോടെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ വിഭാഗീയത മറനീക്കി പുറത്തേക്ക്. രണ്ടുവർഷത്തോളമായി നിലനിൽക്കുന്ന ഭിന്നതയാണ്‌ണ് പരസ്യമായത്. തിരുത്തൽ വാദികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ നിയോജക മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ല മുതൽ ബൂത്ത് തല നേതാക്കൾ വരെ വിമത സംഘടനയിലുണ്ട്. കൺവെൻഷനിൽ നൂറിൽധികം പേർ പങ്കെടുത്തു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ കുഞ്ഞിക്കോയ തങ്ങൾ ചെയർമാനും ആർ പി ബഷീർ ട്രഷററുമായി രൂപീകരിച്ച ക്രസന്റ് കൾച്ചർ സെന്റർ(സിസിസി) എന്ന സംഘടനയുടെ ജനറൽ കൺവീനർ പ്രവാസി ലീഗ് സംസ്ഥാന നേതാവ് ജലീൽ വലിയകത്താണ്.
സംഘടന രജിസ്റ്റർ ചെയ്ത് മുന്നോട്ടുപോകാനാണ് തീരുമാനം. പ്രമുഖ നേതാക്കളും വലിയ വിഭാഗം അണികളും സിസിസിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ജില്ലയിൽ മുസ്ലീം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏക മണ്ഡലമാണ് ഗുരുവായൂർ. ഇവിടെ സ്ഥാനാർത്ഥി കുപ്പയം മോഹിച്ചിരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് വിമത സംഘടന. ലീഗിന്റെ മറ്റൊരു ശക്തി കേന്ദ്രമായ ചേലക്കര നിയോജക മണ്ഡലത്തിലും വിപുലമായ പ്രവർത്തക കൺവെൻഷൻ ചേർന്നിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും കൺവെൺഷൻ ചേർന്ന് പ്രവർത്തനം വിപുലമാക്കാനാണ് നീക്കം. സിസിസി രൂപീകരണത്തിന് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ ജില്ലാ ലീഗിലെ ഔദ്യോഗിക വിഭാഗം കാരണം കാണിക്കൽ നോട്ടീസ് നൽകി.
മറുപടിപറയേണ്ടതില്ലെന്നും കാര്യങ്ങൾ വരുന്നിടത്ത് വച്ച് കാണാം എന്നുമാണ് വിമത നേതാക്കളുടെ പ്രതികരണം. നിയോജക മണ്ഡലം കൺവെൻഷനുകൾക്കു ശേഷം കൂടുതൽ പ്രവർത്തകരെ സംഘടിപ്പിച്ച് തൃശൂരിൽ വിപുലമായ കൺവെൻഷൻ നടത്തും. പാർടി ഭരണഘടനയെപോലും അവഗണിച്ച് അധികാരത്തിനും അഴിമതിക്കും വേണ്ടി നേതാക്കളാകുന്നവർക്ക് താക്കീതാകാനാണ് സിസിസി രൂപീകരിച്ചതെന്ന് നേതാക്കൾ പറയുന്നു.
ഗുരുവായൂർ നിയോജക മണ്ഡലം ഭാരവാഹികളായി മുൻ ഖത്തർ കെഎംസിസി നേതാവ് പി ഷാഹു ഹാജി കടപ്പുറം, ഗുരുവായൂർ നിയോജക മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സുലൈമു വലിയകത്ത് -പുന്നയൂർ (ജനറൽ കൺവീനർ) എന്നിവർ ഉൾപ്പെടുന്ന ഭാരവാഹികളെ തെരെഞ്ഞെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..