25 April Thursday

തലയോട്ടി തുറക്കാതെ 
ഇനി തലച്ചോറിലെ ചികിത്സ

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
തൃശൂർ
തലയോട്ടി തുറക്കാതെ തലച്ചോറിലെ രോഗങ്ങൾക്ക്‌ ഇനി കൃത്യതയോടെ ചികിത്സ. വിറയൽ രോഗത്തിനും പ്രത്യേക ചികിത്സ. തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ നൂതന ശസ്ത്രക്രിയാ സംവിധാനമായ സ്റ്റീരിയോടാക്ടിക് ന്യൂറോ സർജറി ഫ്രെയിം സ്ഥാപിച്ചു.  ആരോഗ്യ മന്ത്രി വീണാ ജോർജ് ഓൺലൈനിൽ ഉദ്ഘാടനം ചെയ്‌തു. 
70 ലക്ഷം രൂപ ചെലവിലാണ്‌ കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഏറ്റവും നൂതനമായ  സ്റ്റീരിയോടാക്ടിക് ന്യൂറോ സർജറി ഫ്രെയിം സ്ഥാപിച്ചത്‌. തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിലെ അർബുദം, പഴുപ്പ്‌, രക്തസ്രാവം എന്നിവ ഇതുപയോഗിച്ച്‌   നീക്കാനും പരിശോധനയ്‌ക്ക്‌ എടുക്കാനും സാധിക്കും. ചെറിയ സുഷിരത്തിലുടെ നേർത്ത സൂചിയിറക്കി  ബയോപ്‌സി എടുക്കാം. അനസ്തേഷ്യ നൽകാതെ ഇതുചെയ്യാനാവുമെന്നതാണ്‌ പ്രത്യേകതയെന്ന്‌  മെഡിക്കൽ കോളേജ്‌ സൂപ്രണ്ട്‌  ആർ  ബിജു കൃഷ്‌ണൻ പറഞ്ഞു. സിടി സ്‌കാനും എംആർഐ സ്‌കാനും  ഉപയോഗിക്കാവുന്ന ഫ്രെയിമാണിത്‌. പല ഫ്രെയിമുകളിലും എംആർഐ ഉപയോഗിക്കാൻ കഴിയില്ല. ഈ ഫ്രെയിം കേരളത്തിൽ  മറ്റു സർക്കാർ മെഡിക്കൽ കോളേജുകളിലില്ല. ഈ ഉപകരണം  ഉപയോഗിച്ച്‌ പാർക്കിൻസോണിസം അഥവ വിറയൽ രോഗത്തിന്‌ ശസ്‌ത്രക്രിയയും മറ്റു നൂതനചികിത്സയും നൽകാനാവും. അപസ്‌മാര രോഗങ്ങൾക്ക്‌ നൽകുന്ന ഡീപ്പ്‌ ബ്രെയിൻ സ്‌റ്റിമുലേഷൻ  ചികിത്സയും സാധ്യമാവും.  ബംഗളൂരുവിലേക്കും വെല്ലൂരിലേക്കും  ചികിത്സക്കു പോയിരുന്ന  നിരവധി രോഗികൾക്ക്‌  ഈ സംവിധാനം സഹായകമാവും. മെഡിക്കൽ കോളേജിൽ  എല്ലാ രോഗികൾക്കും  ഈ ചികിത്സ സൗജന്യമാണ്‌. 
ഓക്സിജൻ ജനറേഷൺ  പ്ലാന്റ്‌,  കെട്ടിടം, സെൻട്രൽ ബയോമെഡിക്കൽ ഡിപ്പോ എന്നിവയും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. ഓൺലൈനായി നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ  രാധാകൃഷ്ണൻ, കെ രാജൻ, ആർ ബിന്ദു,  സേവ്യർ ചിറ്റിലപ്പിള്ളി  എംഎൽഎ, മറ്റു ജനപ്രതിനിധികൾ, ആരോഗ്യ വിദഗ്ധർ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top