18 April Thursday

ഡിസംബറോടെ വാതിൽപ്പടി സേവനം എല്ലായിടത്തും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Sep 18, 2021
തിരുവനന്തപുരം
സേവനം വീട്ടുപടിക്കലെത്തിക്കുന്ന വാതിൽപ്പടി സേവന പദ്ധതി ഡിസംബറോടെ സംസ്ഥാന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തുടക്കത്തിൽ 50 തദ്ദേശഭരണ സ്ഥാപനത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നതെന്നും പദ്ധതിക്ക് തുടക്കം കുറിച്ച് അദ്ദേഹം പറഞ്ഞു. 
പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവർ, ചലന പരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഇവർക്കെല്ലാം കാർഡ് നൽകും. കാർഡിൽ തദ്ദേശ സ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ, വാർഡ് മെമ്പർ, ആശാവർക്കർ, കുടുംബശ്രീ പ്രവർത്തക, സന്നദ്ധപ്രവർത്തകർ എന്നിവരുടെ പേരും ഫോൺ നമ്പരുമുണ്ടാവും. ഇവരെ ഫോണിൽ വിളിച്ച് സേവനത്തിന്‌ സഹായം തേടാം.
സേവനങ്ങൾക്കായി ജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാനുള്ള ആദ്യ പടിയാണ് വാതിൽപ്പടി സേവന പദ്ധതി. പദ്ധതിക്കായി സമഗ്ര പരിശീലനം നൽകും. ആശാവർക്കർമാരാണ് പദ്ധതിയുടെ നെടുംതൂൺ. അങ്കണവാടി, കുടുംബശ്രീ പ്രവർത്തകർ, വാർഡ് അംഗങ്ങൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ സന്നദ്ധസേന പ്രവർത്തകർ എന്നിങ്ങനെ പദ്ധതിയുടെ വിജയത്തിന് ആവശ്യമാണ്‌.
ആദ്യഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. ക്രമേണ എല്ലാ സേവനങ്ങളും ഇതിന്റെ ഭാഗമാക്കും.  
സർക്കാർ സേവനങ്ങൾ ഓൺലൈനാക്കുന്നതിന്‌ സേവനകേന്ദ്രങ്ങളും അക്ഷയകേന്ദ്രങ്ങളും ശക്തിപ്പെടുത്തും. എല്ലാ വീടുകളിലും ലാപ്‌ടോപ്പും ഇന്റർനെറ്റും എത്തുന്നതോടെ സർക്കാർ സേവനം ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top