23 April Tuesday
സേനയ്‌ക്ക്‌ കരുത്തേറും

പൊലീസ്‌ അക്കാദമിയിൽ ഗവേഷണ കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

പൊലീസ്‌ അക്കാദമിയിലെ ഗവേഷണ കേന്ദ്രം

തൃശൂർ  
പൊലീസിൽ ഗവേഷണത്തിനായി ശാസ്ത്രീയ കേന്ദ്രവും ശാസ്ത്രീയ കായിക പരിശീലനത്തിനായി ആധുനിക ഫിസിക്കൽ ട്രെയിനിങ്‌ നഴ്സറിയും ഒരുങ്ങി. ഒരേ സമയം  കൂടുതൽ പേരെ പരിശീലിപ്പിക്കാനും  കായികക്ഷമത  ഉയർത്താനും കഴിയുന്ന പിടി നഴ്സറി  കേരളത്തിൽ ആദ്യമായാണ്.   ബുധനാഴ്ച വൈകിട്ട് നാലിന്‌  പൊലീസ് അക്കാദമിയിൽ മുഖ്യമന്ത്രി  പിണറായി വിജയൻ ഓൺലൈനായി  ഉദ്ഘാടനം ചെയ്യും. 
കേരളത്തിലെ മുഴുവൻ   സ്റ്റേഷനുകളുടെയും  വിഭവസമാഹരണം, കുറ്റകൃത്യങ്ങളുടെ അപഗ്രഥനം,   നീതിയുക്ത സാമൂഹിക പുരോഗതിയും  സമാധാന ബോധവും, സാങ്കേതിക മേഖലയിലെ കുറ്റകൃത്യങ്ങളുടെ വളർച്ച, പരിഹാരം എന്നിവ ഗവേഷണകേന്ദ്രത്തിൽ  വിലയിരുത്തും.  
ദുരന്ത നിവാരണത്തിലെ ശാസ്ത്രീയ ഇടപെടൽ, രഹസ്യാന്വേഷണ പദ്ധതികളിലെ നേട്ടങ്ങൾ,  ക്രൈം ഡാറ്റാ ശേഖരണത്തിനുള്ള ശാസ്ത്രീയ അപഗ്രഥനം, വിരലടയാളം, ഫൊറൻസിക്, ഡോഗ് സ്ക്വാഡ്, ജനമൈത്രി, സോഷ്യൽ പൊലീസിങ്   എന്നീ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ, ലഹരിവ്യാപനത്തിലെ വെല്ലുവിളികൾ, സോഷ്യൽ മീഡിയ ക്രൈം അവലോകനം എന്നിവയുടെയെല്ലാം  ഗവേഷണം കേന്ദ്രത്തിൽ നടക്കും. 
 കേരളത്തിലും പുറത്തുമുള്ള സർവകലാശാലകൾ, ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ, ആസൂത്രണ വികസന ഏജൻസികൾ എന്നിവയ്ക്കായുള്ള വിഭവശേഖരണം, ഗവേഷണ സഹായം എന്നിവ   ഒരുക്കും. 
ശാരീരിക ക്ഷമതയും, കായിക ക്ഷമതയും വർധിപ്പിക്കുക ലക്ഷ്യമാക്കിയാണ്   ഫിസിക്കൽ ട്രെയിനിങ്‌  നഴ്സറി. ഹിൽ ട്രാക്ക്, ബാറ്റിൽ റോപ്പ്, ബെൽ റണ്ണിങ്‌, ബോക്സ് ടൈപ്പ് പുൾ അപ്പ്, ചെയിൻ അപ്പ് ബാർ, ഹോപ്പ് അപ്പ് ക്രഞ്ചർ സ്റ്റാൻഡ്, സർക്യൂട്ട് ട്രെയിനിങ്‌ ഏരിയ, ബോക്സ് ടൈപ്പ് ബീം ബാലൻസ്, ബോക്സ് ടൈപ്പ് വാൾ ബാർ, പുഷ് അപ്പ് ആൻഡ്‌ സിറ്റ് അപ്പ് സ്റ്റാൻഡ്,  സീരീസ് ഓഫ് പാരലൽ ബാർ, ഷട്ടിൽ റൺ സോൺ, റോപ്പ്  ഗാലോസ് ബോക്സ് തുടങ്ങിയ പന്ത്രണ്ടിന ട്രെയിനിങ്‌ സ്റ്റേഷനുകളാണ്   പരേഡ് ഗ്രൗണ്ടിൽ തയ്യാറാക്കിയിട്ടുള്ളത്.  
  40 ലക്ഷം ചെലവഴിച്ച്    രണ്ടായിരം സ്ക്വയർ ഫീറ്റ്   കെട്ടിടമാണ് പൊലീസ് ഗവേഷണ കേന്ദ്രത്തിനായി ഒരുക്കിയിട്ടുള്ളത്. 15 ലക്ഷം രൂപ ചെലവാക്കിയാണ് പിടി നഴ്സറി നിർമിച്ചിട്ടുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top