25 April Thursday
ഓപ്പറേഷൻ റേഞ്ചർ

ക്രിമിനലുകൾ ഒന്നൊന്നായി വലയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020
 
തൃശൂർ
 ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യാനുള്ള  പൊലീസിന്റെ ഓപ്പറേഷൻ റേഞ്ചറിൽ പിടികിട്ടാപ്പുള്ളികൾ ഉൾപ്പെടെ നിരവധിപേർ അറസ്‌റ്റിൽ.  പൊലീസ്‌ സംഘം, ബോംബ്‌ സ്‌ക്വാഡ്‌, ഡോഗ്‌ സ്‌ക്വാഡ്‌, ആയുധങ്ങൾ കണ്ടെത്തുന്ന മെറ്റൽ ഡിറ്റക്ഷൻ സ്‌ക്വാഡ്‌ എന്നീ  വിഭാഗങ്ങളിലായി 202 കേന്ദ്രങ്ങളിൽ റെയ്‌ഡ്‌ നടത്തി. ജില്ലയിൽനിന്ന്‌  21 പേർ പിടിയിലായി. വരന്തരപ്പിള്ളി മേഖലയിൽനിന്ന്‌ കഞ്ചാവും വെടിമരുന്നും കണ്ടെത്തി. 
 ജില്ലയിൽ എട്ടുപേരെക്കൂടി റൗഡി ലിസ്‌റ്റിൽ ഉൾപ്പെടുത്തി. 35 പേർക്കെതിരെ ഗുണ്ടാനിയമപ്രകാരം കേസെടുത്തു. റൂറൽ പൊലീസ്‌ പരിധിയിൽ  68 റെയ്ഡുകൾ നടത്തി.   
 ഇരിങ്ങാലക്കുട സ്റ്റേഷൻ പരിധിയിലെ   കാരുമാത്രയിൽ വടിവാളും മാരകായുധങ്ങളുമായി വീട് കയറി അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ  ശ്യാംലാൽ, സന്ദീപ്, നംജിത്ത്, അഖിൽ , സഹിൻദേവ് , സുബീഷ് , സന്ദീപ് കണ്ണികുളങ്ങര എന്നിവരെ ഒല്ലൂരിൽ  ഒളിസങ്കേതത്തിൽനിന്ന്‌ പിടികൂടി. വരന്തരപ്പിള്ളി കള്ളിപറമ്പിൽ  ആൽബിന്റെ  വീട്ടിൽ നടത്തിയ റെയ്ഡിൽ  550 ഗ്രാം വെടിമരുന്നും 190 ഗ്രാം കഞ്ചാവും  പിടികൂടി. പാലക്കാട്  ദമ്പതികൾ  സഞ്ചരിച്ച കാർ തടഞ്ഞ്   കവർച്ച നടത്തിയ കേസിലെ പ്രതിയാണ്  ആൽബിൻ. സിറ്റി പൊലീസ്‌ പരിധിയിലും  റെയഡ്‌ തുടരുകയാണ്‌.  ഡിഐജി  സുരേന്ദ്രന്റെ നേതൃത്വത്തിലാണ്‌ ഓപ്പറേഷൻ റേഞ്ചർ നടപ്പാക്കുന്നത്‌.  പൊതുജനങ്ങൾക്കും‌ പൊലീസിന്‌ വിവരം നൽകാം. വിവരം രഹസ്യമായി സൂക്ഷിക്കും. ഫോൺ. 9497901657.
പുതുക്കാട് 
ഓപ്പറേഷൻ റെയ്‌ഞ്ചർ പദ്ധതി പ്രകാരം  വരന്തരപ്പിള്ളി പൊലീസ് നടത്തിയ തെരച്ചിലിൽ 200 ഗ്രാം കഞ്ചാവും അര കിലോ വെടിമരുന്നുമായി ഒരാൾ പിടിയിലായി. വട്ടണാത്ര,  മണ്ണംപേട്ട,  കള്ളിപ്പറമ്പിൽ ആൽബിൻ (32) ആണ്  വീട്ടിൽ നിന്നും വെള്ളിയാഴ്ച വരന്തരപ്പിള്ളി സിഐ എസ് ജയകൃഷ്ണന്റെയും സംഘത്തിന്റെയും പിടിയിലായത്. ഇയാൾ കണ്ണൂർ, പാലക്കാട്‌ ജില്ലകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
വെള്ളിക്കുളങ്ങര പൊലീസ് നടത്തിയ തെരച്ചിലിൽ അന്നാംപാടം വലിയ വീട്ടിൽ ബെൻസൻ (33),  വെട്ടിയാടൻചിറ കളപ്പുരക്കൽ വീട്ടിൽ ഷാരോൺ (21),  ചെമ്പുച്ചിറ തറയിൽ വീട്ടിൽ അഭിനന്ദ് (22),  കുട്ടിച്ചിറ,  പെട്ടിക്ക വീട്ടിൽ ജിനേഷ് (36) എന്നിവരെയാണ് മുൻ കരുതൽ അനുസരിച്ച് പൊലീസ് പിടികൂടിയത്.  ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. കൊടകര പൊലീസ് നടത്തിയ തെരച്ചിലിൽ അഞ്ച് പേർ പിടിയിലായി. കാവനാട് കൈപ്പുള്ളി വീട്ടിൽ പ്രതീഷ് (32),  വട്ടേക്കാട്,  കല്ലിങ്ങപുരം സുജിത് (29),  കൊളത്തൂർ,  നമ്പികുളങ്ങര വീട്ടിൽ രെഞ്ചു (36),  വട്ടേക്കാട്,  പനങ്ങാട്ട് വീട്ടിൽ വിവേക് (21),  വട്ടേക്കാട് മുപ്ലിയം വീട്ടിൽ കാർത്തിക് (20) എന്നിവരെയാണ് മുൻകരുതലായി   പിടികൂടിയത്.  ഇവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top