25 April Thursday
ആദ്യ ഗ്യാസ് ഇന്‍സുലേറ്റഡ് 220 കെവി സബ്സ്റ്റേഷന്‍ സജ്ജം

കുന്നംകുളത്തിന്‌ 
പവറ്‌ കൂടും

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

കുന്നംകുളത്തെ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ 220 കെവി സബ്‌സ്‌റ്റേഷൻ

തൃശൂർ
ഭൂമി ഏറ്റെടുക്കാതെ കെട്ടിടത്തിനകത്ത് നൂതന കെഎസ്‌ഇബി സബ്സ്റ്റേഷൻ. ജില്ലയിൽ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 220 കെവി സബ്സ്റ്റേഷൻ കുന്നംകുളത്ത് സജ്ജമാവുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ ഊര്‍ജ മിഷൻ ജില്ലയിലും വെളിച്ച വിപ്ലവം തീർത്തതോടെ മാടക്കത്തറക്കു പുറമെ കുന്നംകുളവും പവർ ഹബായും മാറും. 
മാടക്കത്തറയിലെ 2000 മെഗാവാട്ടിന്റെ എച്ച്‌ഡിവിസി സബ്‌സ്‌റ്റേഷനിൽനിന്ന്‌ നല്ലളത്തേക്ക് പോകുന്ന 220 കെ വി  ലൈൻ വടക്കാഞ്ചേരിയിൽനിന്ന്‌ കുന്നംകുളത്ത്‌ എത്തിച്ചാണ്‌ വീണ്ടും നല്ലളത്തേക്ക്‌ പോവുക. ഗ്യാസ് ഇൻസുലേറ്റഡ് 220 കെവി സബ്‌സ്റ്റേഷനും എയർ ഇൻസുലേറ്റഡ് 110 കെവി സബ്‌സ്റ്റേഷനും കുന്നംകുളത്തുണ്ടാവും.   
സാധാരണ സബ്സ്റ്റേഷനുകൾക്ക് അഞ്ച് ഏക്കർ ഭൂമിവരെ ആവശ്യമാണ്. എന്നാൽ ഗ്യാസ് ഇൻസുലേറ്റഡ് ചേമ്പറുകൾക്കുള്ളിൽ സബ്‌സ്റ്റേഷൻ ഒരുക്കാൻ കുറച്ച്‌ സ്ഥലം മതി. എല്ലാ യൂണിറ്റുകളും ഇതിനുള്ളിൽ സ്ഥാപിക്കും. പുറമെ നിന്നുനോക്കിയാൽ ഉപകരണങ്ങൾ  കാണില്ല. സർഫർ ഹെക്‌സാ ഫ്ലോറൈഡാണ്‌ നിറക്കുന്നത്‌.   അറ്റകുറ്റപ്പണികളും കുറവാണ്‌. മറ്റു സബ്സ്റ്റേഷനുകളെ അപേക്ഷിച്ച് ചെലവ് കൂടുതലാണ്.  സ്ഥലം ലഭ്യത കുറവുള്ള പ്രദേശങ്ങളിലാണ്‌ ഗ്യാസ്  ഇൻസുലേറ്റഡ് സബ്സ്റ്റേഷനുകൾ നിർമിക്കുന്നത്.   
കെഎസ്ഇബി ലിമിറ്റഡ് ട്രാൻസ്ഗ്രിഡ് 2.0 വഴി കിഫ്ബിയിൽനിന്നുള്ള ഫണ്ട് പ്രയോജനപ്പെടുത്തി   മൂന്നുഘട്ടങ്ങളിലായി 350 കോടിയുടെ പദ്ധതിയാണ്‌ കുന്നംകുളവുമായി ബന്ധിപ്പിച്ച്‌ നടപ്പാക്കുന്നത്‌.  വടക്കാഞ്ചേരിയിൽനിന്ന് 22.3 കിലോമീറ്റർ നീളത്തിൽ 80 ടവറുകൾ സ്ഥാപിച്ചാണ്‌ കുന്നംകുളത്ത്‌ വൈദ്യുതി എത്തിക്കുന്നത്‌. ഇതിൽ 78 ടവറിന്റെ നിർമാണവും പൂർത്തിയായി. ഈ മാസം ലൈൻ ടെസ്‌റ്റ്‌ ചാർജിങ് നടത്തും.   ആലുവയിൽനിന്ന് തിരൂരിലേക്ക് പോകുന്ന തീരദേശ 220 കെവി ലൈനും കുന്നംകുളം സബ്‌സ്റ്റേഷനുമായി ബന്ധിപ്പിക്കും. 
കുന്നംകുളത്തുനിന്നും പുന്നയൂർക്കുളം, അത്താണി, കണ്ടശാങ്കടവ്, ഗുരുവായൂർ, കൊങ്ങണ്ണൂർ, ബ്ലാങ്ങാട്‌,  ചാവക്കാട്, വരാനിരിക്കുന്ന മുണ്ടൂർ സബ്‌സ്റ്റേഷനുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന ആദ്യ മേജർ സ്‌റ്റേഷനായി മാറും. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിൽ മന്ത്രിമാരായിരുന്ന എം എം മണി, എ സി മൊയ്തീൻ എന്നിവരാണ്‌  കുന്നംകുളം 220 കെവി സബ്‌സ്റ്റേഷന്‌ തുടക്കമിട്ടത്‌. ലൈൻ വലിക്കുന്ന പ്രവൃത്തികൾക്ക്‌ തടസ്സം  നേരിട്ടപ്പോൾേ എംഎൽഎമാരായ എ സി മൊയ്‌തീൻ, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ ഇടപ്പെട്ട്‌ പ്രശ്‌നങ്ങൾ പരിഹരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top