29 March Friday
മകൾ വഞ്ചിച്ചുവെന്ന്‌ പരാതി

ആരോരുമില്ലാതെ 
രോഗിയായ അമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

നിലത്തും വിറക് മുറിയിലുമായി കഴിഞ്ഞുകൂടുന്ന അമ്മിണി

മുല്ലശേരി
ക്യാൻസർ രോഗിയായ വൃദ്ധ വിശപ്പകറ്റാനും സുരക്ഷിതമായി അന്തിയുറങ്ങാനും മാർഗമില്ലാതെ നരകിക്കുന്നു. മുല്ലശേരി മധുക്കര സ്വദേശി പരേതനായ ശങ്കരൻകുട്ടിയുടെ ഭാര്യ കരിച്ചായി വീട്ടിൽ അമ്മിണി (82)ക്കാണ്‌ ദുരിത ജീവിതം. കിടപ്പാടമില്ലാതെ പെരുമഴയിൽ വീടിന് പുറത്തെ ചായ്പിലാണ്‌ കിടപ്പ്‌.  വിശ്വാസവഞ്ചന കാട്ടിയ ശേഷം മർദിച്ച മകൾക്കും മരുമകനുമെതിരെ ആർഡിഒക്ക് പരാതി നൽകിയിരിക്കുകയാണ് ഈ വൃദ്ധമാതാവ്. 
 വീടും സ്ഥലവും പണയപ്പെടുത്തിയതിലെ കുടിശ്ശിക ഒന്നര ലക്ഷം രൂപ അടച്ചത് മകളായിരുന്നു . 4 വർഷം മുൻപ് മറ്റു മക്കൾക്കും ഭർത്താവിനും അവകാശപ്പെട്ട 6.75 സെന്റ്‌ ഭൂമി മകൾക്ക് എഴുതിക്കൊടുത്തു. അമ്മിണിയുടെ കാലശേഷം മകൾക്ക് വീടും പറമ്പും ലഭിക്കും വിധം രജിസ്റ്റർ ചെയ്‌തുവെന്നാണ്‌ അമ്മിണിയെ ധരിപ്പിച്ചത്‌. അമ്മയെ ജീവിതകാലം മുഴുവൻ  സംരക്ഷിക്കാൻ മകൾ തയ്യാറാണെന്നറിയിച്ചതോടെ  മറ്റു മക്കൾ സ്വത്തിലെ അവകാശം  വേണ്ടന്ന് എഴുതിക്കൊടുത്തു.   മകൾ ഭർതൃവീട്ടിലേക്ക് പോയതോടെ അമ്മിണി  വീട്ടിൽ തനിച്ചായി . വിധവാ പെൻഷനായി സംസ്ഥാന സർക്കാർ നൽകുന്ന 1600 രൂപ കൊണ്ടായിരുന്നു കഴിഞ്ഞിരുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 8 ന്   മകൾ അമ്മയെ ഭർതൃവീട്ടിലേക്ക്  കൂട്ടിക്കൊണ്ടു പോയി. അവിടെവച്ചാണ്‌ മകൾ തന്റെ സ്വത്ത് തട്ടിയെടുത്തുവെന്നറിഞ്ഞത്‌.  തന്റെ കാലശേഷം മാത്രമേ സ്വത്ത്‌ മകൾക്ക് ലഭിക്കു എന്നെഴുതാൻ ആവശ്യപ്പെട്ട ആധാരത്തിൽ അമ്മിണിയിൽ നിന്ന്‌ ഭൂമി വിലയ്‌ക്ക്‌ വാങ്ങിയെന്ന്‌ രേഖപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
 ചോദ്യം ചെയ്ത  അമ്മിണിയെ മകളും മരുമകനും ചേർന്ന് ഉപദ്രവിച്ച്‌ പട്ടിണിക്കിട്ടു.   രണ്ടു മാസത്തിനു ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ്‌  വീട്  മകൾ വാടകയ്ക്ക് നൽകിയത്‌ അറിഞ്ഞത്‌.   ഒന്നര മാസമായി  വീടിനോട് ചേർന്ന്‌ വിറക് സൂക്ഷിക്കുന്ന മുറിയിലാണ്  കിടക്കുന്നത്.  പരിസരവാസികളാണ്‌  വല്ലപ്പോഴും ഭക്ഷണം കൊടുക്കുന്നത്. അമ്മിണിക്ക് ക്യാൻസർ ബാധയുണ്ടെന്ന് രണ്ടാഴ്‌ച  മുമ്പ് കണ്ടെത്തിയിരുന്നു. രോഗം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. മറ്റു മക്കൾ അമ്മയെ കൊണ്ടുപോകാൻ തയ്യാറാണെങ്കിലും തനിക്കർഹതപ്പെട്ട മണ്ണിൽ കിടന്ന് മരിയ്ക്കണമെന്നാണ് അമ്മിണിയുടെ തീരുമാനം. സംഭവമറിഞ്ഞ സാമൂഹ്യ പ്രവർത്തക അഡ്വ. ലിജി വിശ്വനാഥ് മുഖാന്തരമാണ് ആർഡിഒക്ക് പരാതി നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top