25 April Thursday
മണ്ണുത്തി–- -വടക്കഞ്ചേരി ദേശീയപാത കരാർലംഘനം

കോടികൾ നൽകി നഷ്ടപരിഹാരക്കേസ് ദേശീയപാത അതോറിറ്റി ഒതുക്കി

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

 തൃശൂർ

മണ്ണുത്തി-–- വടക്കഞ്ചേരി ദേശീയപാതയുടെ നിർമാണത്തിൽ കരാർലംഘനം കണ്ടെത്തി നോട്ടീസ്‌ നൽകിയ കമ്പനിക്ക്‌ കോടികൾ നൽകി ദേശീയപാത അതോറിറ്റി തടിയൂരി. 
കരാർ കമ്പനിയായ തൃശൂർ എക്സ്പ്രസ് വേ ലിമിറ്റഡിന് 247.19 കോടി നൽകിയാണ് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരക്കേസിൽനിന്ന്‌ ഊരിയതെന്ന്‌ വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. നഷ്ടപരിഹാരം കരാർ കമ്പനിയിൽനിന്നാണ് ഈടാക്കേണ്ടതെന്നിരിക്കെയാണ് കമ്പനിക്ക് കോടികൾ നൽകിയുള്ള ഒത്തുതീർപ്പ്. 
2012ൽ നിർമാണം തുടങ്ങിയ ദേശീയപാത   30 മാസംകൊണ്ട് പൂർത്തീകരിക്കാനാണ് കരാർ. എന്നാൽ 12 വർഷത്തിലധികം പിന്നിട്ടിട്ടും പ്രവൃത്തികൾ പൂർത്തീകരിച്ചില്ല. ദേശീയപാതയുടെയും കുതിരാൻ തുരങ്ക നിർമാണത്തിനുമായി 243.99 കോടി ഗ്രാന്റായി അതോറിറ്റി കമ്പനിക്ക് നൽകിയിരുന്നു. 
നിശ്ചിത സമയത്ത് പ്രവൃത്തികൾ പൂർത്തീകരിക്കാത്തത് ചൂണ്ടിക്കാണിച്ച് 2014ലും 2019ലും കരാർ ലംഘനത്തിന് ദേശീയപാത അതോറിറ്റി കരാർ കമ്പനിക്കെതിരെ ടെർമിനേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതോടെയാണ് 30 മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാൻ ഉത്തരവാദിത്തമുള്ള കരാർ കമ്പനി ദേശീയപാത അതോറിറ്റിക്കെതിരെ നഷ്ടപരിഹാരത്തിന് കേസ് നൽകിയത്. 
ഈ കേസ് ഒത്തുതീർപ്പാക്കാനായാണ് 247.19 കോടി നൽകിയെന്ന് ഷാജി കോടങ്കണ്ടത്തിന് ദേശീയപാത അതോറിറ്റി രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്. 
 42 ഇനം പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് മുമ്പാണ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് കരാർ കമ്പനിക്ക് അനുവദിച്ചത്. പണികൾ പൂർത്തിയാക്കാതെയും തുരങ്കങ്ങൾ ഗതാഗതയോഗ്യമാക്കാതെയും ടോൾ പിരിക്കാൻ അനുമതിക്കായി കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചതിൽ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top