27 April Saturday

കടൽ കടന്ന്‌ 
കടലിനെ
അറിഞ്ഞവൾ...

അക്ഷിത രാജ്‌Updated: Friday Mar 17, 2023

സാവിത്രി നാരായണൻ

തൃശൂർ
നമ്പൂതിരി സ്‌ത്രീകൾക്ക്‌ ജാതി തീർത്ത അതിർവരമ്പുകളൊന്നും സാവിത്രി നാരായണന്റെ ജീവിത ലക്ഷ്യങ്ങളുമായി ഏറ്റുമുട്ടിയില്ല. ഭട്ടതിരിപ്പാടിന്റെയും കാളി അന്തർജനത്തിന്റെയും വാശി സാവിത്രിയെ കടലോളം വലിയ ലോകം കാണിച്ചു. 
ഓരോ പടി ചവിട്ടുമ്പോഴും അവരുടെ സ്വപ്‌നങ്ങളും വളർന്നു. കടൽ കടന്ന്‌ പോയാൽ ജാതി ഭ്രഷ്ട്‌ വരുമെന്ന്‌ പറഞ്ഞിരുന്ന നമ്പൂതിരി സമുദായത്തിൽനിന്ന്‌ ലോകത്തിലെ ആദ്യ സമുദ്രശാസ്‌ത്രജ്ഞയായി വളർന്നു അവർ. 38 വർഷം കടലിന്റെ ആഴമറിഞ്ഞ്‌ ജീവിച്ച തൃശൂർ കോളങ്ങാട്ടുകരയിൽ ഡോ. സാവിത്രി നാരായണന്റെ ജീവിത കഥകൾക്ക്‌ കടലോളം ഭംഗിയുണ്ട്‌.  വിവിധ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്‌ചവയ്‌ക്കുന്നവർക്ക്‌ പെൺകൂട്ടായ്‌മയായ സമത നൽകുന്ന പുരസ്‌കാരത്തിന്‌ കഴിഞ്ഞ ദിവസം സാവിത്രി നാരായണൻ അർഹയായിരുന്നു. ശാസ്‌ത്രജ്ഞർക്കുള്ള സാഗര പുരസ്‌കാരമാണ്‌ ഈ എഴുപത്തൊന്നുകാരിയെ തേടിയെത്തിയത്‌. 
സമുദ്രത്തിന്റെ ഗതിയും കടലാഴങ്ങളും അളന്ന്‌ രേഖപ്പെടുത്തുന്ന ഹൈഡ്രോഗ്രാഫറായും സമുദ്രജീവികളും ആവാസവ്യവസ്ഥകളും കടൽത്തീര ഭൂഗർഭശാസ്ത്രവുമുൾപ്പെടെ പഠിക്കുന്ന ഓഷ്യാനോഗ്രാഫറായും സ്‌ത്രീകൾ കടന്നുവരാൻ മടിക്കുന്ന മേഖലയിൽ സധൈര്യം കടന്നുവന്ന്‌ തന്റേതായ സ്ഥാനമുറപ്പിച്ചു അവർ. കനേഡിയൻ ഫെഡറൽ ഗവൺമെന്റിന്റെ സമുദ്രവിജ്ഞാന വകുപ്പിൽ ശാസ്ത്രജ്ഞയായി പ്രവേശിച്ച അവർ മാനേജർ, ഡയറക്ടർ, ഡയറക്ടർ ജനറൽ എന്നീ തസ്തികകളിൽ സേവനമനു ഷ്-ഠിച്ചു. ലോകത്ത്‌ തന്നെ ആദ്യമായാണ്‌ ഒരു വനിത ഹൈഡ്രോഗ്രാഫിക് ഡയറക്ടർ ജനറലായി ചുമതലയേറ്റത്‌. 
2004മുതൽ 2014വരെ ഈ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റിയാണ്‌ അവർ ജോലിയിൽനിന്ന്‌ വിരമിച്ചതും. നിരവധി ഗവേഷണ കപ്പലുകളിലെ മുഖ്യ ശാസ്ത്രജ്ഞയായും സമുദ്രവിജ്ഞാനശാഖയിലെ കപ്പൽ യാത്രയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്‌.  വീട്ടിൽനിന്നുള്ള വിദ്യാഭ്യാസത്തിനുശേഷം കുറ്റൂർ ചന്ദ്രാ മെമ്മോറിയൽ ഹൈസ്കൂളിലായിരുന്നു ആറാം ക്ലാസുമുതൽ പ്രാഥമിക വിദ്യാഭ്യാസം. തൃശൂർ സെന്റ്‌ മേരീസ് കോളേജിൽനിന്ന് ഒന്നാം റാങ്കോടെ ഗണിതശാസ്ത്രത്തിൽ ബിരുദവും എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽ സമുദ്രവിജ്ഞാനീയത്തിൽ ഡോക്ടറേറ്റും നേടി.  കണ്ടഞ്ചാത മനക്കൽ നാരായണനാണ്‌ ഭർത്താവ്‌. മക്കൾ : ദിനേശ്‌, അരുൺ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top