24 April Wednesday
ഭീതിക്കും ആശങ്കകൾക്കും വിരാമം

കുണ്ടന്നൂർ വെടിക്കെട്ട് നിർമാണശാലയിലെ 
വെടിക്കെട്ട് സാമഗ്രികൾ നിർവീര്യമാക്കി

സ്വന്തം ലേഖകൻUpdated: Friday Mar 17, 2023

മാഗസിനിൽ സൂക്ഷിച്ച വെടിമരുന്നുകൾ നീർവീര്യമാക്കാനായി എടുത്തുമാറ്റുന്നു

വടക്കാഞ്ചേരി
ഭീതിക്കും ആശങ്കകൾക്കും വിരാമമായി കുണ്ടന്നൂർ വെടിക്കെട്ട് നിർമാണശാലയിൽ സൂക്ഷിച്ചിരുന്ന വെടിക്കെട്ട് സാമഗ്രികൾ നിർവീര്യമാക്കി. സ്ഫോടനത്തെ തുടർന്ന് പിടിച്ചെടുത്ത വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നത് നടുപാടത്തെ ഒറ്റമുറി കെട്ടിടത്തിലായിരുന്നു. ശക്തമായ ചൂടുകാരണം വെടിക്കോപ്പുകൾ അപകടംവരുത്താൻ സാധ്യതയുണ്ടെന്നും അവ ഉടൻ നീക്കം ചെയ്യണമെന്നും  പ്രദേശവാസികളുടെ പരാതിയെ തുടർന്നാണ്‌ നിർവീര്യമാക്കിയത്‌. 
കുണ്ടന്നൂരിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ കരിങ്കൽ ക്വാറിയിൽ എത്തിച്ചാണ് വെടിക്കോപ്പുകൾ ഘട്ടം ഘട്ടമായി നിർവീര്യമാക്കിയത്‌. വ്യാഴം രാവിലെ  രാവിലെ 11 ഓടെ പെസോ അധികൃതരുടെ സാന്നിധ്യത്തിലാണ് വെടിക്കോപ്പുകൾ നിർവീര്യമാക്കുന്ന നടപടി ആരംഭിച്ചത്. അപകടം നടന്നതിന് തൊട്ടടുത്തുള്ള കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന 3000 കിലോഗ്രാം വെടിമരുന്ന് ഘട്ടം ഘട്ടമായി ക്വാറിയിൽ എത്തിച്ച് കത്തിച്ചാണ് നിർവീര്യമാക്കിയത്‌. ജനുവരി 30നാണ് കുണ്ടന്നൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. മേഖലയിലെ നിരവധി വീടുകൾക്കും സ്കൂളിനും ആരാധനാലയത്തിനും ഓഫീസുകൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 600 കിലോഗ്രാമോളം വെടിമരുന്നാണ് അന്ന് പൊട്ടിത്തെറിച്ചത്. പൊട്ടാസ്യം ക്ലോറൈറ്റ് ഉൾപ്പെടെയുള്ള നിരോധിത രാസവസ്തുക്കളുടെ സാന്നിധ്യം വെടിമരുന്നിൽ കണ്ടെത്തിയിരുന്നു. വേനൽ കടുത്തതോടെ  മേഖലയിലെ ജനങ്ങൾ ആശങ്കയിലാണ് കഴിഞ്ഞിരുന്നത്. വെടിമരുന്ന് നിർവീര്യമാക്കാനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്ന പ്രദേശവാസികളുടെ  ആവശ്യം മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ അധികൃതർ നടപടികൾ വേഗത്തിലാക്കിയത്. 
ഉദ്യോഗസ്ഥരോടൊപ്പം ദേശമംഗലം സുരേന്ദ്രനും തൊഴിലാളികളും ചേർന്നാണ്  നിർവീര്യമാക്കിയത്. സബ് കലക്ടർ മുഹമ്മദ് ഷഫീക്ക്, എഡിഎം ടി മുരളി, തഹസിൽദാർ എം സി അനുപമൻ, പെസോ - ഡെപ്യൂട്ടി ചീഫ് കൺട്രോളർ എസ് ശരവണൻ, കുന്നംകുളം പൊലീസ് അസി. കമീഷണർ ടി എസ് സിനോജ്, വടക്കാഞ്ചേരി സിഐ കെ മാധവൻ കുട്ടി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നിർവീര്യമാക്കൽ നടത്തിയത്. അപകടത്തെ തുടർന്ന് ലൈസൻസി ശ്രീനിവാസൻ, സ്ഥല ഉടമ സുന്ദരാക്ഷൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top