തൃശൂർ
കോൺഗ്രസിന്റെ സഹകരണക്കൊള്ള ബോധപൂർവം മറച്ച് മാധ്യമങ്ങൾ. ജില്ല കണ്ട ആദ്യത്തെ വൻ കൊള്ള നടന്നത് അടാട്ട് സഹകരണ ബാങ്കിലാണ്. എന്നാൽ പരമ്പര പടച്ചുവിടുമ്പോഴും ഇതേക്കുറിച്ച് മിണ്ടാൻ മാധ്യമങ്ങൾ തയ്യാറാവുന്നില്ല എന്നത് കൗതുകകരമാണ്. അടാട്ട്, പുത്തൂർ സഹകരണ ബാങ്കുകളിലെ വൻ വെട്ടിപ്പും, മനോരമയും മാതൃഭൂമിയും ഓക്സിജൻ നൽകാൻ ശ്രമിക്കുന്ന കോൺഗ്രസ് മുൻ എംഎൽഎയുടെ ട്രാക്ക് റെക്കോർഡും ജനങ്ങൾ മറന്നിട്ടില്ല. അടാട്ട് ഫാർമേഴ്സ് ബാങ്ക് ഇദ്ദേഹത്തിന്റെ അഴിമതിയുടെയും തട്ടിപ്പിന്റെയും സങ്കേതമായിരുന്നു. വലിയ ക്രമക്കേടുകളെ തുടർന്നാണ് അടാട്ട് ബാങ്ക് ഭരണസമിതി പിരിച്ച് വിടപ്പെട്ടത്. അടാട്ട് കോൺഗ്രസിന്റെ അഴിമതിക്കഥകൾ ജനങ്ങൾ മനസ്സിലാക്കി പ്രതികരിച്ചു. 15168 വോട്ടിന്റെ വ്യത്യാസത്തിലാണ് വടക്കാഞ്ചേരിയിലെ ജനങ്ങൾ നേതാവിനെ തൂത്തെറിഞ്ഞത്. അഴിമതി വീരനായ ഇയാളെ കെട്ടിയെഴുന്നള്ളിക്കുന്ന ചാനലുകളും ഇത് തിരിച്ചറിയേണ്ടതുണ്ട്.
ജില്ലയിലെ പുത്തൂർ സഹകരണ ബാങ്ക് കോൺഗ്രസാണ് ഭരിച്ചിരുന്നത്. ബാങ്ക് കൊള്ളയ്ക്ക് സമാനമായ വെട്ടിപ്പാണ് നേതാക്കൾ നടത്തിയത്. പുത്തൂരിലെ വെട്ടിപ്പിനെ കുറിച്ച് ഡിസിസിയോ കെപിസിസിയോ മിണ്ടിയില്ല. അതേകുറിച്ച് വാർത്താ പരമ്പര തയ്യാറാക്കാൻ രാഷ്ട്രീയ ദാസ്യം കൊണ്ട് അന്ധരായ ‘മ’ പത്രങ്ങളുണ്ടായില്ല. ഈ രണ്ട് സഹകരണ ബാങ്കുകളിലും തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ സിപിഐ എം നേതൃത്വത്തിലുള്ള ഇടതു പാനലിനെയാണ് ജനങ്ങൾ വിജയിപ്പിച്ചത്.
ഇതിനു സമാനമാണ് വയനാട്ടിലെ കെപിസിസി നേതാവ് ബാങ്കിനെയും നാട്ടാരെയും കബളിപ്പിച്ച് ദശലക്ഷകണക്കിന് രൂപ തട്ടിയെടുത്ത സംഭവം. അദ്ദേഹമിപ്പോൾ ജയിലിലാണ് . ഈ വൻകൊള്ളയും മലയാള മാധ്യമങ്ങൾക്ക് പരമ്പരയായില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..