19 April Friday

വിജയം 87.13 ശതമാനം പ്ലസ്ടുവിലും ജില്ലയ്‌ക്ക് വിജയക്കുതിപ്പ്

സ്വന്തം ലേഖകന്‍Updated: Thursday Jul 16, 2020
തൃശൂർ
പ്ലസ്ടു പരീക്ഷയിൽ ജില്ലയ്‌ക്ക് വിജയക്കുതിപ്പ്. ഫലം പുറത്തുവന്നതിൽ 87.13 ശതമാനം വിദ്യാർഥികളും തുടർ പഠനത്തിന് യോഗ്യതനേടി. കഴിഞ്ഞ വർഷത്തേതിൽ(84.1)നിന്ന് 3.02 ശതമാനം കൂടുതൽ വിദ്യാർഥികൾ ഇക്കുറി ജില്ലയിൽ വിജയംനേടി. സംസ്ഥാനത്തെ (85.13 ശതമാനം) വിജയത്തേക്കാൾ ഉയർന്ന വിജയമാണ് ജില്ലയിലെ കുട്ടികൾ കരസ്ഥമാക്കിയത്. 202 സ്കൂളുകളിൽനിന്ന് പരീക്ഷയെഴുതിയ 32,665 വിദ്യാർഥികളിൽ 28,461 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 
കോവിഡ്കാലത്തെ തടസ്സങ്ങൾ മറികടന്ന് പരീക്ഷയെഴുതിയാണ് കുട്ടികൾ മികച്ച വിജയം നേടിയത്. കഴിഞ്ഞ വർഷത്തെ ഒമ്പതാം സ്ഥാനത്തുനിന്ന് ജില്ല ഇക്കുറി നാലാം സ്ഥാനത്തേക്ക് കുതിച്ചു. 1662 വിദ്യാർഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. കഴിഞ്ഞവർഷം 1127 പേർക്ക് മാത്രമാണ് എല്ലാ വിഷയത്തിനും എപ്ലസ് ലഭിച്ചത്. 18 കുട്ടികൾ 1200ൽ 1200 മാർക്ക് നേടി. കഴിഞ്ഞവർഷം 12 പേർക്കാണ് മുഴുവൻ മാർക്ക് ലഭിച്ചത്. ഓപ്പൺ സ്കൂളിലെ വിജയ ശതമാനവും ഇക്കുറി ഉയർന്നു. 48.05 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 3613 വിദ്യാർഥികളിൽ 1736 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷം 45.21 ശതമാനം മാത്രമായിരുന്നു വിജയം. 
ടെക്നിക്കൽ സ്കൂളിൽ പരീക്ഷയെഴുതിയ 11 പേരിൽ ഏഴുപേരും ഉന്നതപഠനത്തിന് യോഗ്യതനേടി. വിജയശതമാനം 63.64. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് പാർട്ടുകളിലായി സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ജില്ലയ്‌ക്ക് ലഭിച്ചു. 87.45 ശതമാനം വിജയം. പരീക്ഷയെഴുതിയ 2120 പേരിൽ പാർട്ട് ഒന്നിലും രണ്ടിലുമായി 1854 പേരും, ഒന്ന്, രണ്ട്, മൂന്ന് പാർട്ടുകളിലായി 1745 പേരും വിജയിച്ചു. എട്ട് സ്കൂളുകൾ 100 ശതമാനം വിജയം നേടി. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തോടെ 84.38 ശതമാനമായിരുന്നു വിജയം.
വള്ളത്തോൾനഗർ കലാമണ്ഡലം ആർട്സ് ഹയർസെക്കൻഡറി സ്കൂളിൽ 80 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 79 പേരും ഉന്നതപഠനത്തിന് യോഗ്യത നേടി. വിജയശതമാനം 98.75. പ്ലസ്ടുവിൽ രജിസ്റ്റർ ചെയ്ത് പരീക്ഷയെഴുതിയ വിദ്യാർഥികൾക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top