30 June Thursday
2 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ജില്ലയിൽ ഇന്ന് റെഡ് അലർട്ട്

തോരാമഴയിൽ വലഞ്ഞ്...

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

എട്ടുമന കോൾപ്പടവിലെ വിളഞ്ഞ നെൽകൃഷി വെള്ളത്തിൽ മുങ്ങിയനിലയിൽ

തൃശൂർ
അറബിക്കടലിലെ ന്യൂനമർദവും ചുഴലിക്കാറ്റിനെയും തുടർന്ന്‌ ജില്ലയിൽ വ്യാപകമായുള്ള മഴപ്പെയ്‌ത്തിന്‌ ശമനമായില്ല. അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. മിന്നൽ പ്രളയത്തിന്‌ സാധ്യതയുണ്ടെന്നും കുസാറ്റ്‌ പഠനറിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശനി  അർധരാത്രി മുതൽ ശക്തമായി പെയ്യുന്ന മഴ ഞായറും അങ്ങിങ്ങായി തുടർന്നു. 
തീരദേശങ്ങളിലും മലയോര പ്രദേശങ്ങളിലും മഴ ദുരിതം വിതച്ചു. തിങ്കളാഴ്‌ച ജില്ലയിൽ റെഡ്‌ അലർട്ടാണ്‌. ശക്തമായി പെയ്യുന്ന മഴയെത്തുടർന്ന്‌ വെള്ളം നിറഞ്ഞതിനാൽ പെരിഞ്ഞനത്തെ അറപ്പതോട്‌ പൊട്ടിച്ച്‌ വെള്ളം കടലിലേക്ക്‌ ഒഴുക്കി. വെള്ളക്കെട്ട്‌ രൂക്ഷമായതിനാൽ എടത്തിരിത്തിയിൽ അഞ്ച്‌ ചെറുകെട്ടുകൾ പൊട്ടിച്ച്‌ ജലം ഒഴിക്കിവിട്ടു. മുരിയാട്‌ മുടിച്ചിറ തോടിനോട്‌ ചേർന്ന്‌ നിർമിച്ച സംരക്ഷണ ഭിത്തി തോട്ടിലേക്ക്‌ ചെരിഞ്ഞു. കരുവന്നൂർ ഇല്ലിക്കലിലെ ബണ്ട്‌റോഡിന്റെ ഒരുഭാഗം  ഇടിഞ്ഞ്‌ താഴ്‌ഞ്ഞു. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു.
കൂടൽമാണിക്യം ക്ഷേത്രത്തിൽ വെള്ളക്കെട്ട്‌ രൂക്ഷമായതിനെ തുടർന്ന്‌ ഉത്സവച്ചടങ്ങുകൾ വെട്ടിക്കുറച്ചു. ആനപ്പുറത്തെ എഴുന്നള്ളത്തും മേളവും ഒഴിവാക്കിയാണ്‌ ക്ഷേത്രത്തിൽ ശീവേലി നടത്തിയത്‌.  കൊടകരയിൽ 20 വീടുകളിൽ വെള്ളം കയറി. വീട്ടുകാരെ കൊടകര എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു. എറിയാട്‌ എൽപി സ്‌കൂളിൽ തുടങ്ങിയ സൈക്ലോൺ ഷെൽട്ടറിലേക്ക്‌ പ്രദേശത്തെ രണ്ടു കുടുംബത്തെ മാറ്റി. 
പാടശേഖരങ്ങളിൽ ഏറെക്കുറെ മുഴുവൻ പ്രദേശങ്ങളിലും കൊയ്‌ത്ത്‌ കഴിഞ്ഞതിനാൽ അവിടങ്ങളിൽ രൂപപ്പെട്ട വെള്ളക്കെട്ട്‌ നാശം വിതച്ചില്ല. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന്‌ വെള്ളം ഒഴുക്കിവിട്ടു. തീരപ്രദേശങ്ങളിലും താഴ്‌ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ട്‌ രൂപപ്പെട്ടിട്ടുണ്ട്‌. മലയോര പ്രദേശങ്ങളിൽ കഴിയുന്നവർ മഴയൊഴിയുംവരെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന്‌ അധികാരികൾ പറഞ്ഞു.
മുടിച്ചിറ സംരക്ഷണ ഭിത്തിയും കരുവന്നൂർ സൗത്ത് ബണ്ട് 
റോഡും ഇടിഞ്ഞു 
ഇരിങ്ങാലക്കുട 
മുരിയാട് പഞ്ചായത്തിലെ തുറവൻകാട് മുടിച്ചിറയുടെ തെക്ക് ഭാഗത്തെ സംരക്ഷണഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു. സമീപത്തെ വീടിന് അപകട ഭീഷണിയുണ്ട്. രണ്ട് വർഷം മുമ്പാണ്‌ നവീകരണ പ്രവർത്തനം ആരംഭിച്ചത്‌. കഴിഞ്ഞ വർഷവും കനത്തമഴയിൽ റോഡിനോട് ചേർന്നുള്ള ഭാഗം തകർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. 
തഹസിൽദാർ ശാന്തകുമാരി, മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ബ്ലോക്ക്  പ്രസിഡന്റ് ലളിത ബാലൻ എന്നിവർ സ്ഥലം സന്ദർശിച്ചു. നിർമാണത്തിൽ അപാകം ഉണ്ടെന്ന്‌ കണ്ടെത്തിയാൽ കരാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്നും ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കേണ്ട സാഹചര്യം ഇല്ലെന്നും ഇവർ അറിയിച്ചു.
തുടർച്ചയായ മഴയിൽ കരുവന്നൂർ പുഴയിൽ ഇല്ലിക്കൽ റെഗുലേറ്ററിന് സമീപമുള്ള ബണ്ട് റോഡും ഇടിഞ്ഞു. കഴിഞ്ഞവർഷം നിർമിച്ച താൽക്കാലിക തടയണയും റോഡിന്റെ ഒരു വശവും ഇടിഞ്ഞു.
മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്‌.  നഗരസഭയിൽ 18, 19 വാർഡുകളിലെ റോഡുകൾ വെള്ളക്കെട്ടിലാണ്. ഇവിടെയുള്ള ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്.
കലക്ടർ സന്ദർശിച്ചു
തൃശൂർ 
തകർന്ന കരുവന്നൂർ ഇല്ലിക്കൽ ബണ്ട് റോഡ് മന്ത്രി ആർ ബിന്ദുവിന്റെ നിർദേശ പ്രകാരം കലക്ടർ ഹരിത വി കുമാർ സന്ദർശിച്ചു. മൂർക്കനാട് നിന്നും കാറളം ഭാഗത്തേക്ക് ഇല്ലിക്കൽ ബണ്ടിന് മുകളിലൂടെ പോകുന്ന റോഡാണ്‌ ഭാഗികമായി തകർന്നത്‌. ഇതോടെ റോഡ്‌ ഗതാഗതയോഗ്യമല്ലാതായി. മുൻ പ്രളയത്തിലും റോഡിന് തകർച്ച സംഭവിച്ചിരുന്നു. കാറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സീമ പ്രേംരാജ്, നസീമ കുഞ്ഞുമോൻ, പി കെ ജയാനന്ദൻ , ഉദ്യോഗസ്ഥർ എന്നിവരും  കലക്ടറോടൊപ്പമുണ്ടായി.
തീരദേശം വെള്ളക്കെട്ടിൽ
ചെന്ത്രാപ്പിന്നി 
കനത്ത മഴയിൽ എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. എടത്തിരുത്തി പഞ്ചായത്തിലെ പൈനൂർ, പല്ല, കുട്ടമംഗലം, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കോഴിത്തുമ്പ്, അയ്യൻ പടി, കയ്പമംഗലം പഞ്ചായത്തിലെ കാക്കാത്തിരുത്തി തുടങ്ങിയ സ്ഥലങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. 
പുനർനിർമാണത്തിനായി കാന പൊളിച്ചിട്ടത് പലേടത്തും വെള്ളക്കെട്ടിന് കാരണമായിട്ടുള്ളത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി എടത്തിരുത്തി പൈനൂരിൽ ചെറുതും വലുതുമായ അഞ്ച് ചിറക്കെട്ടുകൾ പൊട്ടിച്ച് പുഴയിലേക്കൊഴുക്കി. 
ഉൾനാടൻ റോഡുകളിലും വെള്ളം കയറി. നിരവധി  വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. വെള്ളക്കെട്ട്  രൂക്ഷമായാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
എട്ടുമനയിൽ 100 ഏക്കർ നെൽകൃഷി നശിച്ചു
ചേർപ്പ്
കനത്ത മഴയിൽ എട്ടുമന കോൾപടവിൽ 100 ഏക്കർ നെൽകൃഷി നശിച്ചു. വിളഞ്ഞ നെല്ലാണ് വെള്ളത്തിൽ കുതിർന്നത്. വിളവെടുപ്പ് തുടങ്ങിയിരുന്നെങ്കിലും മഴമൂലം നിർത്തിവയ്‌ക്കേണ്ടി വന്നു.  കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷകസംഘം ആവശ്യപ്പെട്ടു.
കൺട്രോൾ റൂം തുറന്നു
തൃശൂർ
കനത്ത മഴയെ തുടർന്ന്‌ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ കൺട്രോൾ റൂം തുറന്നു. ഫോൺ: 0487 2362424, 9447074424.
വൈദ്യുതിലൈൻ പൊട്ടി 
വീഴാൻ സാധ്യത 
തൃശൂർ
കാറ്റിലും മഴയിലും വൈദ്യുതി ലൈനുകൾ പൊട്ടി വീഴാൻ സാധ്യതയുള്ളതിനാൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ കെഎസ്‌ഇബിയുടെ 1912 എന്ന കൺട്രോൾ റൂം നമ്പറിൽ അറിയിക്കുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top