27 April Saturday
കാലാവസ്ഥാ മാറ്റം

വിളവെടുപ്പ്‌ വൈകി: മാങ്കോസ്റ്റിന്‍ കര്‍ഷകര്‍ ആശങ്കയില്‍

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022
ചാലക്കുടി
മാങ്കോസ്റ്റിൻ വിളവെടുപ്പ് വൈകിയതിൽ ആശങ്കയുമായി കർഷകർ. മുൻ വർഷങ്ങളിൽ മാർച്ച് പകുതിയോടെയാണ് മാങ്കോസ്റ്റിൻ വിളവെടുപ്പ്‌. എന്നാൽ, ഇത്തവണ മെയ് ആദ്യവാരത്തോടെയാണ്  പാകമായത്.  മഴപെയ്ത് തുടങ്ങിയതോടെ  മാങ്കോസ്റ്റിൻ ചീഞ്ഞുതുടങ്ങി. ഇത് കനത്ത നഷ്ടം വരുത്തുമെന്ന്‌ കർഷകർ പറയുന്നു. പരിയാരം മേഖലയിൽ ഹെക്ടർ കണക്കിന് സ്ഥലത്താണ് മാങ്കോസ്റ്റിൻ കൃഷിയുള്ളത്. ബംഗളൂരു, മദ്രാസ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ഇവിടെനിന്ന്‌ കൂടുതലായും കയറ്റിവിടുന്നത്. കിലോയ്ക്ക് 250രൂപയാണ് മൊത്തവില. അയൽ സംസ്ഥാനങ്ങളിലെത്തുമ്പോൾ 500 മുതൽ 600വരെയാകും. 
ഒരു മരത്തിൽനിന്ന് സീസണിൽ ആയിരം കിലോവരെ മാങ്കോസ്റ്റിൻ ലഭിക്കും. പത്ത് കായ ഒരു കിലോവരെയുണ്ടാകും. പഴം കേടുവരാതെ രണ്ടാഴ്ചയോളം ഇരിക്കും. നിലത്തുവീഴാതെ വല ഉപയോഗിച്ചാണ് മരത്തിൽനിന്ന്‌ കായകൾ പൊട്ടിച്ചെടുക്കുക. വിളവെടുപ്പ് കാലംതെറ്റി വന്നതോടെ  എണ്ണവും വലിപ്പവും കുറഞ്ഞിട്ടുണ്ട്. പരിചരണം കുറവ് മതിയെന്നതാണ്  കൃഷിയിലേക്ക് കൂടുതൽപേർ തിരിയാൻ കാരണം. മൂത്തേടൻ തറവാട്ടിലെ ജേക്കബ്ബാണ് പരിയാരത്ത് മാങ്കോസ്റ്റിൻ എത്തിച്ചത്. ഉപരിപഠനം കഴിഞ്ഞ് മലേഷ്യയിൽനിന്ന്‌ തിരികെവന്നപ്പോൾ കൊണ്ടുവന്ന മാങ്കോസ്റ്റിൻ വിത്തുകൾ തറവാട്ടുപറമ്പിൽ നട്ടുവളർത്തി. പിൻകാലത്ത് മാങ്കോസ്റ്റിന് ആവശ്യം വർധിച്ചതോടെ പരിയാരം മേഖലയിൽ മാങ്കോസ്റ്റിൻ കൃഷി വ്യാപകമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാങ്കോസ്റ്റിൻ കൃഷിയുള്ള സ്ഥലങ്ങളിൽ ഒന്നാണ് പരിയാരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top