20 April Saturday

ഈ നോട്ടുപുസ്‌തകം നന്മകളാൽ സമൃദ്ധം

സ്വന്തം ലേഖകൻUpdated: Thursday Mar 16, 2023

ലഹരിവിരുദ്ധ സന്ദേശം അച്ചടിച്ച കൺസ്യൂമർ ഫെഡിന്റെ നോട്ടുപുസ്‌തകം

തൃശൂർ
കുട്ടികളിൽ പടർന്നുപിടിക്കുന്ന ലഹിരി ഉപയോഗത്തെ തടയാൻ,  ഉചിതമായ പ്രചാരണവുമായി കൺസ്യൂമർ ഫെഡും രംഗത്ത്‌. യുവാക്കളിലും വിദ്യാർഥികളിലും മയക്കുമരുന്നുകളുടെ ഉപയോഗം  തടയാൻ നാടാകെ കൈകോർക്കുന്നതിനൊപ്പമാണ്‌, കൺസ്യൂമർ ഫെഡ്‌ നിർമിച്ചുനൽകുന്ന നോട്ടുപുസ്‌തകത്തിൽ ലഹരിവിരുദ്ധ സന്ദേശം അച്ചടിച്ച്‌ വിതരണം ചെയ്യുന്നത്‌. 
കുന്നംകുളം ചൊവ്വന്നൂരിലെ കൺസ്യൂമർ ഫെഡിന്റെ പുസ്‌തക നിർമാണശാലയിൽ ലഹരിക്കെതിരെ സന്ദേശം ഉൾപ്പെടുത്തിയുള്ള 38 ലക്ഷം പുസ്‌തകങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. തമിഴ്‌നാട്‌ സർക്കാർ ഡിപ്പോയിൽനിന്ന്‌ ഏറ്റവും മികച്ച 800 ടൺ പേപ്പർ ചൊവ്വന്നൂരിലെത്തിച്ചാണ്‌ 140, 160, 192 എന്നിങ്ങനെ പേജുകളുള്ള 23 ഇനം പുസ്‌തകങ്ങൾ തയ്യാറാക്കിയത്‌.  പ്രമുഖരുടെ വാചകങ്ങളും ഉൾപ്പെടുത്തിയുള്ള ഈ പുസ്‌തകങ്ങൾ അടുത്ത അധ്യയനവർഷത്തിന്റെ തുടക്കം കുട്ടികളുടെ കൈകളിലെത്തും. കഴിഞ്ഞ വർഷം കൺസ്യൂമർഫെഡ്‌ 28 ലക്ഷം നോട്ടുപുസ്‌തകമാണ്‌ അച്ചടിച്ച്‌ പുറത്തിറക്കിയത്‌. സാധാരണനിലയിൽ ഒരു പുസ്‌തകത്തിന്‌ 50 പൈസ ഈടാക്കിയാണ്‌ കൺസ്യൂമർഫെഡ്‌ പരസ്യം നൽകുക. അതുപ്രകാരം 19 ലക്ഷം രൂപ വരുമാനം ലഭിക്കുന്നത്‌ ഒഴിവാക്കിയാണ്‌ എം മെഹബൂബ്‌ ചെയർമാനും, എ സലിം മാനേജിങ്‌ ഡയറക്ടറുമായ കൺസ്യൂമർ ഫെഡിന്റെ ഭരണസമിതി സൗജന്യമായി ലഹരിവിമുക്ത സന്ദേശം അച്ചടിച്ച്‌ പുസ്‌തകം വിതരണം ചെയ്യുന്നത്‌.  ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന കൺസ്യൂമർഫെഡിന്റെ നടപടിയെ എക്‌സൈസ്‌ വകുപ്പ്‌ അധികാരികൾ അഭിനന്ദിച്ചു. പൊതുമാർക്കറ്റിൽ ഏറ്റവും വിലക്കുറവിലുള്ള മികച്ച നോട്ടുപുസ്‌തകങ്ങൾ സഹകരണസംഘം സ്‌കൂൾ മാർക്കറ്റുകൾ, ത്രിവേണി, മറ്റുകടകൾ എന്നിവിടങ്ങളിൽനിന്ന്‌ ലഭിക്കും. ആവശ്യക്കാർ ഏറിയതോടെ കൺസ്യൂമർ ഫെഡിന്റെ പുസ്‌തക നിർമാണശാല വിപുലീകരിക്കാനും ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്‌. ഇതിനായി 78 ലക്ഷം രൂപ അനുവദിച്ചു. കംപ്യൂട്ടർ സംവിധാനത്തോടെയുള്ള മികച്ച ഓഫ്‌സെറ്റ്‌ മിഷൻ സ്ഥാപിച്ച്‌ മൾട്ടികളർ പ്രിന്റിങ്‌ ആരംഭിക്കാനുള്ള നടപടിയും തുടങ്ങി.  നോട്ടുപുസ്‌തകം കൂടാതെ, മറ്റു പേപ്പർ ഉൽപ്പന്നങ്ങളും ഈ കേന്ദ്രത്തിൽ നിർമിച്ച്‌ ചുരുങ്ങിയ വിലയ്‌ക്ക്‌ വിപണിയിലെത്തിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top