20 April Saturday
ഇന്ത്യയിൽ ആദ്യം

പെൻഷനു‌ പിന്നാലെ റോയൽറ്റിയും; മണ്ണ്‌ പൊന്നാക്കുന്നവന് ആഹ്ലാദം

അക്ഷിത രാജ്‌Updated: Tuesday Sep 15, 2020
 
 
തൃശൂർ
‘‘കേരളം പച്ചപ്പായി നിലനിൽക്കണമെങ്കിൽ കൃഷി മുന്നോട്ടുപോയേ പറ്റൂ. കർഷകർക്ക്‌ പിടിച്ചുനിൽക്കാൻ സംസ്ഥാന സർക്കാർ എടുത്ത മികച്ച തീരുമാനമാണ്‌ റോയൽറ്റി അനുവദിച്ചത്.‌’’–-എരവിമംഗലം പാടശേഖരസമിതി സെക്രട്ടറി പി ആർ വിജയന്റെ വാക്കുകളാണിത്‌. കർഷകർക്കായി സർക്കാർ റോയൽറ്റി അനുവദിച്ചതിൽ വിജയനെപ്പൊലെ ജില്ലയിലെ ആയിരക്കണക്കിന്‌ കർഷകർ ആഹ്ലാദത്തിലാണ്‌.
ലാഭകരമല്ലാത്തതിനാലും ചെലവ്‌ താങ്ങാൻ കഴിയാത്തതുകൊണ്ടും പലരും കൃഷിയിൽ നിന്നും പിന്മാറുകയാണ്‌‌. ഈ സാഹചര്യത്തിൽ റോയൽറ്റി ലഭിക്കുന്നത്‌ കർഷകർക്ക്‌ വലിയ അംഗീകാരമാണെന്ന്‌ എരവിമംഗലം പാടശേഖരസമിതി പ്രസിഡന്റ്‌ പി എസ്‌ ശശിധരനും പറയുന്നു. സർക്കാർ സഹായങ്ങൾ ലഭിക്കുന്നതോടെ തരിശു നിലങ്ങളിലും കൃഷി ആരംഭിക്കാനാവും. ഇത്‌ ഭക്ഷ്യസുരക്ഷക്കും സഹായമാവും. കോവിഡ്‌ കാലം അതിജീവിക്കാനും സഹായകമാവുമെന്ന്‌ ശശിധരൻ പറഞ്ഞു.  
ഇന്ത്യയിൽ ആദ്യമായാണ്‌ സംസ്ഥാന സർക്കാർ കർഷകക്ഷേമത്തിനായി റോയൽറ്റി പദ്ധതി ആവിഷ്‌കരിക്കുന്നത്‌. സംസ്ഥാനത്തെ രണ്ടുലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ ഈ വർഷം റോയൽറ്റി നൽകും. ഹെക്ടറിന് 2000 രൂപയാണ്‌ നൽകുക. നെൽവയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവർക്കും കൃഷിക്കായി തയ്യാറാക്കുന്നവർക്കുമാണ്‌ റോയൽറ്റി നൽകുക. നെൽവയലിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റംവരുത്താത്ത പയർവർഗങ്ങൾ, പച്ചക്കറികൾ, എള്ള്‌, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്നവർക്കും തുക ലഭിക്കും.  
പദ്ധതിക്കായി 40 കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക്‌ പണം നൽകും. അപേക്ഷകളുടെ അടിസ്ഥാനത്തിൽ സ്ഥലപരിശോധന നടത്തിയാകും പണം നൽകുക. ജില്ലാതലത്തിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടറും സംസ്ഥാനതലത്തിൽ കൃഷി അഡീഷണൽ ഡയറക്ടറും പദ്ധതിയുടെ പുരോഗതി വിലയിരുത്തും. അപേക്ഷ  www.aims.kerala.gov.in പോർട്ടൽ വഴി‌ നൽകാം‌. വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ അക്ഷയകേന്ദ്രം വഴിയോ ഓൺലൈനായി അപേക്ഷിക്കാം.
സുഭിക്ഷ കേരളം പദ്ധതി വഴി വിത്തുമുതൽ വിപണിവരെയുള്ള സർക്കാർ സഹായങ്ങൾ നൽകുന്നുണ്ട്‌. തരിശുനിലങ്ങളിൽ കൃഷിയിറക്കുന്നവർക്ക്‌ സബ്‌സിഡിയും വിത്തും വളവുമെല്ലാം നൽകുന്നു. കാർഷിക  സർവകലാശാല ഗ്രാമങ്ങൾ ദത്തെടുത്ത്‌ കർഷകർക്ക്‌ ശാസ്‌ത്രജ്‌ഞരുടെ സഹായവും നൽകുന്നു. കർഷക പെൻഷനു‌ പിന്നാലെയാണ്‌ റോയൽറ്റി നൽകാനുള്ള തീരുമാനവും സർക്കാരെടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top