18 April Thursday
എന്റെ ഇന്ത്യ, എവിടെ ജോലി,

ഡിവൈഎഫ്‌ഐ ഫ്രീഡം സ്‌ട്രീറ്റിൽ
അരലക്ഷംപേർ അണിനിരക്കും

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
 
തൃശൂർ
 ‘എന്റെ ഇന്ത്യ, എവിടെ  ജോലി, എവിടെ ജനാധിപത്യം; മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂരിൽ ഫ്രീഡം സ്‌ട്രീറ്റ്‌ സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
വൈകിട്ട്‌ നാലിന്‌ തേക്കിൻകാട്‌ മൈതാനത്ത്‌ നടക്കുന്ന ഫ്രീഡം സ്‌ട്രീറ്റ്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ഷൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്യും.  ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌, കെ കെ രാമചന്ദ്രൻ എംഎൽഎ എന്നിവർ സംസാരിക്കും. 
ശക്തൻ   സ്റ്റാൻഡ്‌, വടക്കേ ബസ്‌ സ്റ്റാൻഡ്‌ പരിസരത്തുനിന്ന്‌ പകൽ മൂന്നിന്‌ അരലക്ഷം യുവതീയുവാക്കൾ അണിനിരക്കുന്ന യുവജന റാലി ആരംഭിക്കും. 18 ബ്ലോക്ക്‌ കമ്മിറ്റികളുടെ റാലികളായാണ്‌ തേക്കിൻകാട്‌ മൈതാനിയിലെത്തിച്ചേരുക.  
 സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നു. സ്ഥിരം തൊഴിലാളികളെ ഇല്ലാതാക്കുന്നു.  ചെറുപ്പക്കാർക്ക്‌ തൊഴിൽ ലഭിക്കുന്ന സൈന്യത്തെ അഗ്നിപഥ്‌  പദ്ധതിയിലൂടെ കരാർവൽക്കരിക്കുന്നു. പാർലമെന്റിനെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെ ഇല്ലായ്‌മ ചെയ്യുന്നു. 
ഇതിനതിരായ ബഹുജന പരിപാടിയായി  ഫ്രീഡം സ്‌ട്രീറ്റ്‌ മാറും.  ഫ്രീഡം സ്‌ട്രീറ്റ്‌ പ്രചാരണാർഥം 208  കേന്ദ്രങ്ങളിൽ സൈക്കിൾ റാലികളും  2268 യൂണിറ്റുകളിൽ യുവസഭകളും സംഘടിപ്പിച്ചിരുന്നു.  
വാർത്താസമ്മേളനത്തിൽ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എൻ വി വൈശാഖൻ, ട്രഷറർ കെ എസ്‌ സെന്തിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ എസ്‌ റോസൽരാജ്‌, വി പി ശരത്ത്‌പ്രസാദ്, സുകന്യ ബൈജു എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top