23 April Tuesday
കോവിഡ്‌ പ്രതിരോധ പ്രവർത്തകരെ ആദരിക്കൽ

ഡിവൈഎഫ്ഐയെ ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തമാവുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
ചാലക്കുടി
താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിച്ച ചടങ്ങിൽ നിന്നും ഡിവൈഎഫ് പ്രവർത്തകരെ ഒഴിവാക്കി. ആർഎസ്എസ്  നേതൃത്വത്തിലുള്ള സേവാഭാരതി പ്രവർത്തകർ, മർച്ചന്റസ് അസോസിയേഷൻ പ്രവർത്തകർ, മർച്ചന്റസ് യൂത്ത് വിങ് പ്രവർത്തകരെവരെ ആദരിച്ച ചടങ്ങിൽ രണ്ട് മാസത്തോളം കാലം തുടർച്ചയായി കോവിഡ് രോഗികളെ പരിചരിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ മാറ്റി നിർത്തി. സംഘാടകരായ നഗരസഭാ ചെയർമാൻ വി ഒ പൈലപ്പനും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ വി പോളും യോഗത്തിൽ പരസ്പരം ആദരവ് ഏറ്റുവാങ്ങി അപഹാസ്യരുമായി. മേയ്ക്കാട്ടുകുളം കല്ലിങ്കൽ ഫാമിലി ട്രസ്റ്റ് താലൂക്ക് ആശുപത്രി ഐ പി ബ്ലോക്കിനോട് ചേർന്ന് നിർമിച്ച് നല്കിയ ഓപ്പൺ സ്റ്റേജിന്റെ ഉദ്‌ഘാടന ചടങ്ങിലാണ് ആദരവ് മാമാങ്കം അരങ്ങേറിയത്. 
കോവിഡിന്റെ തുടക്കംമുതലേ പിപിഇ കിറ്റ് ധരിച്ച് രണ്ട് മാസത്തോളം കാലം വനിതകളടങ്ങുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് താലൂക്ക് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവൃത്തികൾക്ക് നേതൃത്വം നല്കിയത്. മൂന്ന് ഷിഫ്റ്റുകളിലായി പ്രതിദിനം ആറ് പേർ വീതമാണ് സേവനം ചെയ്തത്. പ്രതിരോധ പ്രവൃത്തികളിൽ ഏർപ്പെട്ട പലർക്കും കോവിഡ് ബാധിക്കുകയും ചെയ്തിരുന്നു. 
ഡിവൈഎഫ്‌ഐ പ്രവർത്തകരെ മാറ്റി നിർത്തിയ നടപടിയിൽ നഗരസഭ എൽഡിഎഫ് ലീഡർ സി എസ് സുരേഷ് ഉദ്‌ഘാടന ചടങ്ങിൽ പ്രതിഷേധമറിയിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. എൻ എ ഷീജയാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചതെന്നാണ്‌ പറയുന്നത്.  ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റിപോലും ഇത്തരത്തിലുള്ളൊരു ചടങ്ങ് അറിഞ്ഞിട്ടില്ലെന്നും ആരോപണമുണ്ട്. മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങിലേക്ക് വാർഡ് കൗൺസിലറെ ക്ഷണിച്ചതും ഒരു മണിക്കൂർ മുമ്പ് മാത്രമാണ്. 
യോഗത്തിലെത്തിയ വാർഡ് കൗൺസിലർ വി ജെ ജോജിയും പ്രതിഷേധമറിയിച്ചു. ഓപ്പൺ സ്റ്റേജിന്റെ ഉദ്‌ഘാടനം സനീഷ്‌കുമാർ ജോസഫ്‌ എംഎൽഎ നിർവഹിച്ചു. നഗരസഭാ ചെയർമാൻ വി ഒ പൈലപ്പൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top