24 April Wednesday

തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി: സർവകക്ഷി യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Friday May 13, 2022

സർവകക്ഷി യോഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വരന്തരപ്പിള്ളി 
തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പൂർത്തീകരണവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ചേർന്നു. നിർമാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാകാത്ത പദ്ധതിയുടെ തടസ്സങ്ങൾ നീക്കി ആദ്യഘട്ടം പൂർത്തിയാക്കി കമീഷൻ ചെയ്യുന്നതിനായാണ് കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചുചേർത്തത്‌. 
വരന്തരപ്പിള്ളി പഞ്ചായത്ത്‌ കമ്യൂണിറ്റി ഹാളിൽ നടത്തിയ യോഗത്തിൽ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികളും കർഷക പ്രതിനിധികളും ഇറിഗേഷൻ ഉദ്യോഗസ്ഥരും പങ്കെടുത്തു.  പദ്ധതിക്കായി 230 മീറ്റർ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ശേഷിക്കുന്നതായും ഇവിടങ്ങളിൽ സ്ഥലമുടമകളുടെ തർക്കം നിലനിൽക്കുന്നതായും എക്സിക്യുട്ടീവ് എൻജിനിയർ അജയകുമാർ അറിയിച്ചു. പ്രശ്‌നപരിഹാരത്തിനായി സ്ഥലമുടമകളുമായി സംസാരിക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനുമായി എംഎൽഎയുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത്‌  പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, സർവകക്ഷി പ്രതിനിധികൾ എന്നിവരടങ്ങിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. 
ഇലക്ട്രിക്കൽ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചുവരുന്നതായും ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു. അളഗപ്പനഗർ പഞ്ചായത്ത് പൂർണമായും വരന്തരപ്പിള്ളി, പുതുക്കാട്, തൃക്കൂർ, നെന്മണിക്കര പഞ്ചായത്തിലെ പ്രദേശങ്ങൾ ഭാഗികമായും ഉൾപ്പെടുന്നതാണ്‌ പദ്ധതി. പദ്ധതിയുടെ പൂർത്തീകരണത്തിന്‌ എല്ലാ പിന്തുണയും സഹായവും വിവിധ സംഘടനാ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. 8.5 കോടി രൂപയാണ് തോട്ടുമുഖം പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് അനുവദിച്ചിട്ടുള്ളത്. 
കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം ആർ രഞ്ജിത്ത്‌, പഞ്ചായത്ത് പ്രസിഡന്റുമാരായ അജിത സുധാകരൻ,  പ്രിൻസൻ തയ്യാലക്കൽ, സൈമൺ നമ്പാടൻ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ സരിത രാജേഷ്, വി എസ് പ്രിൻസ്, രാഷ്ട്രീയ പാർടി പ്രതിനിധികളായ പി കെ ശിവരാമൻ, വിനയൻ, ടി എൻ  മുകുന്ദൻ, രാജ്‌കുമാർ, അബ്ദുള്ളഹാജി, റോസിലി തോമസ്, കെ എൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top