26 April Friday
ജില്ലയിൽ 2 മൊബൈൽ വെറ്ററിനറി യൂണിറ്റ്

ഇനി മൃഗാശുപത്രി വീട്ടുപടിക്കൽ

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

ജില്ലക്ക്‌ അനുവദിച്ച മൊബൈൽ വെറ്റിനറി യൂണിറ്റ്‌

തൃശൂർ
 മൃഗചികിത്സാ സംവിധാനങ്ങൾ കർഷകരുടെ വീട്ടുപടിക്കലെത്തും. കർഷകർക്ക്‌ ആശ്വാസം.   സംസ്ഥാന മൃഗസംരക്ഷണ വകുപ്പാണ്‌ സഞ്ചരിക്കുന്ന  വെറ്ററിനറി യൂണിറ്റുകൾ ഒരുക്കിയിട്ടുള്ളത്‌. രോഗബാധിതരായ മൃഗങ്ങളെ ചികിത്സാ സ്ഥാപനങ്ങളിലേക്ക് കൊണ്ടുപോകാനുള്ള വാഹനങ്ങളുടെ അഭാവവും വലിയ മൃഗങ്ങളെ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ടും മൃഗചികിത്സാ രംഗത്ത് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്.  ഇതിന്   പരിഹാരം വേണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്  വെറ്ററിനറി യൂണിറ്റ് സംവിധാനം നടപ്പാക്കിയത്‌.  മൊബൈൽ വെറ്ററിനറി യൂണിറ്റുകളുടെ പ്രവർത്തനം തുടങ്ങിയതോടെ  കർഷകർക്ക്‌ ആശ്വാസമാവുകയാണ്‌.   മഴക്കാലമാവുന്നതോടെ കന്നുകാലികൾക്ക്‌ അസുഖങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്‌. ഇത്തരം സന്ദർഭങ്ങളിൽ ഈ സംവിധാനം ഏറെ സഹായകമാവും.  ആദ്യഘട്ടത്തിൽ  പഴയന്നൂർ, മതിലകം, ബ്ലോക്കിലാണ്‌ യൂണിറ്റുകൾ ആരംഭിച്ചിട്ടുള്ളത്‌. സമീപ ബ്ലോക്കുകളിലേക്കും യൂണിറ്റ്‌ എത്തും.  
 24 മണിക്കൂർ പ്രവർത്തിക്കുന്ന 1962 എന്ന ടോൾഫ്രീ നമ്പറിൽ ഒരു കേന്ദ്രീകൃത കോൾ സെന്റർ വഴിയാണ് മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തിക്കുക. കന്നുകാലികളെ വളർത്തുന്നവർ, മൃഗ ഉടമകൾ എന്നിവരിൽനിന്ന് കോളുകൾ സ്വീകരിക്കുകയും അവ കോൾ സെന്ററിലെ വെറ്ററിനറി ഡോക്ടർക്ക് കൈമാറുകയും ചെയ്യും.   കേസുകളുടെ അടിയന്തര സ്വഭാവത്തിന്റെ അടിസ്ഥാനത്തിൽ മുൻഗണന നൽകി മൊബൈൽ വെറ്ററിനറി യൂണിറ്റിലേക്ക് കൈമാറും.  അതുപ്രകാരം വാഹനം വീട്ടിലെത്തും.   വെറ്ററിനറി സർജൻ, പാരാവെറ്ററിനറി സ്റ്റാഫ്,  ഡ്രൈവർ കം അറ്റൻഡർ എന്നിവർ വാഹനത്തിലുണ്ടാകും.  പകൽ ഒരു മണി മുതൽ രാത്രി എട്ടുവരെയാണ്  യൂണിറ്റിന്റെ സേവനം ലഭ്യമാവുക. രോഗനിർണയ ചികിത്സ, വാക്സിനേഷൻ, കൃത്രിമ ബീജസങ്കലനം, ചെറിയ ശസ്ത്രക്രിയകൾ, ദൃശ്യ-–-ശ്രവ്യ സഹായങ്ങൾ,  മറ്റ് ആവശ്യ ഉപകരണങ്ങൾ എന്നിവ യൂണിറ്റിലുണ്ടാവും.  നിശ്ചിത ഫീസ്‌ ഈടാക്കിയാണ്‌ ചികിത്സ.  കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ലൈവ്സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ എന്ന പദ്ധതിയുടെ കീഴിലാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top