തൃശൂർ
കൊടുങ്ങല്ലൂർ–- - തൃശൂർ - –-കുറ്റിപ്പുറം റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാർ സമർപ്പിച്ച ഷെഡ്യൂൾ പുതുക്കി സമർപ്പിക്കാൻ മന്ത്രി കെ രാജൻ നിർദേശിച്ചു. കലക്ടറേറ്റിൽ നടന്ന കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ടിൽ (കെഎസ്ടിപി) ജില്ലയിൽ നിർമിക്കുന്ന റോഡുകളുടെ നിർമാണ പുരോഗതി അവലോകന യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.
പ്രവൃത്തി പൂർത്തിയാക്കുന്നതിന് നിലവിൽ കരാറുകാർ സമർപ്പിച്ച സമയക്രമം അംഗീകരിക്കാനാവില്ലെന്നും കുറഞ്ഞ സമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കുന്ന രീതിയിൽ പുതിയ ഷെഡ്യൂൾ കലക്ടർക്ക് സമർപ്പിക്കണമെന്നും മന്ത്രി അറിയിച്ചു. നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് ആവശ്യമായ ഗതാഗത ക്രമീകരണത്തെക്കുറിച്ച് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കണം.
മറ്റു സർക്കാർ വകുപ്പുകളുടെ സേവനം ആവശ്യമായി വരുന്നുണ്ടെങ്കിൽ അക്കാര്യം കലക്ടറെ അറിയിക്കണം. നിലവിൽ റോഡ് നിർമാണം നടക്കുന്ന പ്രദേശത്ത് ഏതെങ്കിലും രീതിയിലുള്ള അത്യാഹിതങ്ങളുണ്ടായാൽ ദുരന്തനിവാരണ ആക്ട് പ്രകാരം കേസെടുക്കുമെന്ന് കരാറുകാർക്കും കെഎസ്ടിപി ഉദ്യോഗസ്ഥർക്കും മന്ത്രി മുന്നറിയിപ്പ് നൽകി.
യോഗത്തിൽ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, എഡിഎം ടി മുരളി, പ്രോജക്ട് ഡയറക്ടർ പ്രേം കൃഷ്ണൻ, കെഎസ്ടിപി ചീഫ് എൻജിനിയർ കെ എഫ് ലിസി, പൊലീസ് അസിസ്റ്റന്റ് കമീഷണർ ടി എസ് സിനോജ്, കെ കെ സജിവ് തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..