20 April Saturday

തൃശൂർ ജില്ലയിൽ കോൺഗ്രസ്‌ നാലായി; പുനഃസംഘടന കീറാമുട്ടി

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023
തൃശൂർ > ജില്ലയിൽ കോൺഗ്രസ്‌ നാല് വിഭാഗമായി പിളർന്നു. ഐ ഗ്രൂപ്പ്‌ നേരത്തേ പല തട്ടിലായിരുന്നു.  ചൊവ്വാഴ്‌ച  എ ഗ്രൂപ്പും പിളർന്നു. ഇതോടെ പുനഃസംഘടന ‘കുള’മാവും.  ചൊവ്വാഴ്‌ച പുനഃസംഘതോ കമ്മിറ്റി യോഗം ചേർന്നെങ്കിലും ഗ്രൂപ്പുകൾ വഴങ്ങാതായതോടെ എങ്ങുമെത്താതെ പിരിഞ്ഞു.  85 ഡിസിസി ഭാരവാഹികളാണ്‌ മുമ്പുണ്ടായിരുന്നത്‌.  നേതാക്കളുടെ ശിങ്കിടികളായ  20 പേരെക്കൂടി കുത്തിക്കയറ്റി. ഇത്‌ 35 ആക്കി  കുറയ്‌ക്കണമെന്ന  കെപിസിസി  നിർദേശം  വന്നതോടെ നേതാക്കളുൾപ്പെടെ പരക്കം പാച്ചിലിലാണ്‌.
 
ഡിസിസി വൈസ് പ്രസിഡന്റ്‌  ജോസഫ് ടാജറ്റിന്റെയും  കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്തിന്റെയും നേതൃത്വത്തിലാണ്‌ ചൊവ്വാഴ്‌ച  പുതിയ ഗ്രൂപ്പ്‌ പ്രഖ്യാപിച്ചത്‌.  പി എ മാധവൻ, ഒ അബ്‌ദുറഹിമാൻകുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള പഴയ എ ഗ്രൂപ്പ്‌  തള്ളിയാണ്‌   രംഗപ്രവേശം.  യഥാർഥ എ ഗ്രൂപ്പ്‌ തങ്ങളാണെന്ന്‌   ഇവർ  അവകാശപ്പെടുന്നു.  കെ സി വേണുഗോപാൽ,  കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ ഒന്നിച്ച്‌ നീങ്ങുന്ന ജില്ലയിലെ ഗ്രൂപ്പിനെ ഡിഡിസി പ്രസിഡന്റ്‌ ജോസ്‌ വള്ളൂർ, ടി എൻ പ്രതാപൻ എംപി,  യുഡിഎഫ്‌ ചെയർമാൻ എം പി വിൻസന്റ്‌  എന്നിവരാണ്‌ നയിക്കുന്നത്‌.  ഇവർ ഭൂരിഭാഗം  ഭാരവാഹി സ്ഥാനങ്ങളും  കൈയടക്കാൻ നീക്കം നടത്തുകയാണ്‌.  ജോസഫ്‌ ചാലിശേരി, എം കെ അബ്‌ദുൾസലാം,  ഷാജി കോടങ്കണ്ടത്ത്‌   എന്നിവരുടെ നേതൃത്വത്തിലുള്ള   രമേശ്‌ ചെന്നിത്തലയുടെ ഐ ഗ്രൂപ്പും ജില്ലയിലുണ്ട്‌.   നാല്‌ വിഭാഗങ്ങളായതോടെ  പുനഃസംഘടനാ തർക്കം രൂക്ഷമാണ്‌.
 
ഭാരവാഹികളുടെ പട്ടിക തയ്യാറാക്കാൻ പുനഃസംഘടനാ കമ്മിറ്റി  രൂപീകരിച്ചതുമുതൽ തർക്കം തുടങ്ങി.  പല തവണ യോഗം ചേർന്നിട്ടും തീരുമാനമായില്ല.  ഭാരവാഹികളിൽ   വനിതകളുൾപ്പെടെ  എട്ടുപേർ സംവരണാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടും.  ശേഷിക്കുന്നത്‌ 27 സ്ഥാനമാണ്‌. എഴുപതോളം  ഭാരവാഹികൾ പുറത്താവും. കെപിസിസി മാനദണ്ഡം നടപ്പാക്കിയാൽ പ്രധാന നേതാക്കളും ലിസ്‌റ്റിലുണ്ടാവില്ല. പ്രശ്‌ന പരിഹാരത്തിനായി ചൊവ്വാഴ്‌ച  കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂറിന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നിട്ടും  തീരുമാനത്തിലെത്താനായില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top