19 April Friday

പുതുക്കാട് കോൺഗ്രസിൽ
ഗ്രൂപ്പ് പോരിന്റെ കാഹളം

സ്വന്തം ലേഖകൻUpdated: Thursday Jun 8, 2023
പുതുക്കാട്
 സ്ഥാനം ഏറ്റെടുക്കുന്നതിനു മുമ്പേതന്നെ ജോസ് വളളൂർ വിഭാഗത്തിന്റെ  ഗ്രൂപ്പ് യോഗം വിളിച്ച് ചേർത്ത് കോൺഗ്രസ്‌  പ്രാദേശിക നേതാവ്. നിയുക്ത പുതുക്കാട് ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ ടി എം ചന്ദ്രൻ ആണ് ബുധനാഴ്ച വൈകിട്ട് പുതുക്കാട് സി ജി തീയറ്ററിൽ തന്റെ ഗ്രൂപ്പുകാരുടെ യോഗം വിളിച്ചു ചേർത്തത്. എ ഗ്രൂപ്പിലെ കെ പി വിശ്വനാഥൻ വിഭാഗത്തിൽപ്പെട്ട അഡ്വ. സി ബി രാജീവിനെ കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ് ആക്കാൻ ഐ ഗ്രൂപ്പിലെ ജോസ് വളളൂർ വിഭാഗം ബലമായി വാങ്ങിയെടുത്ത സീറ്റാണ് പുതുക്കാട്. കോൺഗ്രസിൽ ഗ്രൂപ്പ് യോഗങ്ങൾ വിലക്കിയിട്ടുള്ളതാണ്. ഈ വിലക്കിനെ വെല്ലുവിളിച്ചാണ് നിയുക്ത ബ്ലോക്ക് പ്രസിഡന്റുതന്നെ ഗ്രൂപ്പ് യോഗം വിളിച്ചു ചേർത്തത്.
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന്റെ പേരിലായിരുന്നു ജോസ് വള്ളൂരിന്റെ  അറിവോട് കൂടി സുനിൽ അന്തിക്കാട്, നിയുക്ത പുതുക്കാട് ബ്ലോക്ക് പ്രസിഡന്റ്‌ ടി എം ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഗ്രൂപ്പ്  യോഗം ചേർന്നത്. ഡിസിസി  സെക്രട്ടറിമാരായ കെ  ഗോപാലകൃഷ്ണൻ, സെബി കൊടിയൻ എന്നിവർ പങ്കെടുത്തു. എ ഗ്രൂപ്പിനെയും, കെ സി വേണുഗോപാൽ ഗ്രൂപ്പിനെയും പരാജയപ്പെടുത്തണമെന്ന്  സുനിൽ അന്തിക്കാട് യോഗത്തിൽ പറഞ്ഞു. കെ പി വിശ്വനാഥൻ ഗ്രൂപ്പിനെ പുതുക്കാട് നിന്നും കെട്ടുകെട്ടിക്കണമെന്ന് ടി എം ചന്ദ്രനും  പ്രവർത്തകരോട് ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് പിടിച്ചെടുത്താൽ മാത്രമെ ഇവരെ ഇല്ലാതാക്കാനും, പാർട്ടി പിടിച്ചെടുക്കാനും സാധിക്കൂ, അതിന് വേണ്ടി എത് അറ്റം വരെയും പോകാനും ഒറ്റ കെട്ടായി പോകാനും യോഗം  തീരുമാനിച്ചു. എല്ലാ സാമ്പത്തിക സഹായവും ചെയ്തു തരാമെന്ന് ഡിസിസി  പ്രസിഡന്റ്‌ ഏറ്റിട്ടുണ്ടെന്ന് സെക്രട്ടറിമാർ അവകാശപ്പെട്ടു. 25 പ്രവർത്തകർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top