27 April Saturday

സംഘപരിവാർവൽക്കരണം നാഷ്‌ണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയെ തകർക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

ശ്രുതി

തൃശൂർ
ഇന്ത്യയിലെ തിയറ്റർ പഠനത്തിന്റെ പ്രധാനകേന്ദ്രമായ നാഷ്‌ണൽ സ്‌കൂൾ ഓഫ്‌ ഡ്രാമയെ സംഘപരിവാർ വൽക്കരണത്തിലൂടെ  പ്രതിസന്ധിയിലാക്കുകയാണെന്ന്‌ രണ്ടാം വർഷ വിദ്യാർഥിനിയും ബംഗളൂരു സ്വദേശിനിയുമായ ശ്രുതി. ഇറ്റ്‌ഫോക്കിലെത്തിയ ശ്രുതി ദേശാഭിമാനിയോട്‌ സംസാരിക്കുകയായിരുന്നു. 
സംഘപരിവാർ വൽക്കരണത്തിന്റെ കടുത്ത ദുരന്തമാണ്‌ ഈ വിശ്വോത്തര സ്ഥാപനം നേരിടുന്നത്‌. ലോകത്തേതന്നെ മികച്ച തിയറ്റർ അധ്യാപകരായ എം കെ റെയ്‌ന, അനുരാധ കപൂർ പോലുള്ളവരെ ബ്ലാക്ക്‌ ലിസ്‌റ്റിൽപ്പെടുത്തിയിരിക്കയാണ്‌. ഇത്തരം മാസ്‌റ്റേഴ്‌സിന്റെ ക്ലാസുകളൊന്നും ഇപ്പോൾ ലഭ്യമല്ലാതായി. നവനാടകരീതികളോ സമ്പ്രദായങ്ങളോ അറിയാത്ത ചിലരെയാണ്‌ അധ്യാപകരായി നൽകുന്നത്‌. ഇവരാകട്ടെ കുട്ടികളുമായി സൗഹൃദത്തിലല്ലതാനും. കുട്ടികളിൽത്തന്നെ വിഭാഗീയതയുണ്ടാക്കുകയും തങ്ങളോട്‌ അടുത്തു നിൽക്കുന്നവരെ പ്രൊമോട്ട്‌ ചെയ്യുകയും ചെയ്യുന്ന നിലയാണുള്ളത്‌. അതുവഴി അവരെ സംഘപരിവാർ പക്ഷത്തേക്ക്‌ അടുപ്പിക്കാനുള്ള രാഷ്‌ട്രീയപ്രവർത്തനമാണ്‌ ഇപ്പോൾ സ്‌കൂളിൽ നടക്കുന്നത്‌. 
 ക്ലാസുകൾ കൃത്യമായി നടക്കുന്നില്ല. മാത്രമല്ല, സാങ്കേതികോപകരണങ്ങളൊന്നും പ്രവർത്തനക്ഷമമല്ല. സ്‌കൂളിന്റെ പ്രവർത്തനരീതികൾ കൃത്യമായി അറിയാവുന്ന, ദീർഘകാലമായി ജോലിയെടുക്കുന്ന ജീവനക്കാരെ പിരിച്ചുവിടുകയാണ്‌. പകരം സംഘപരിവാർ അനുകൂലികളെ നിയമിക്കുന്നു. ഇവർ വിദ്യാർഥികളെ ശത്രുക്കളെപ്പോലെയാണ്‌ സമീപിക്കുന്നത്‌.പ്രതിരോധത്തിന്റെ കലയായ നാടകത്തെ ഇല്ലാതാക്കുകയാണ്‌ സർക്കാർ ലക്ഷ്യമെന്നും ശ്രുതി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top