26 April Friday

ക്വാറിക്ക്‌ വനഭൂമി പതിച്ചു നൽകി, ഉദ്യോഗസ്ഥർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 8, 2023

 തൃശൂർ

ക്വാറി നടത്താൻ വനഭൂമി  അനധികൃതമായി  അനുവദിച്ച ഡെപ്യൂട്ടി കലക്ടർക്കും തഹസിൽദാർക്കും സസ്‌പെൻഷൻ. തൃശൂർ (എൽആർ) ഡെപ്യൂട്ടി കലക്ടറായിരുന്ന എ പി കിരൺ (നിലവിൽ ഡെപ്യൂട്ടി കലക്ടർ (എൽആർ എഎ) കണ്ണൂർ), തൃശൂർ താലൂക്ക് തഹസിൽദാറായിരുന്ന ജോർജ്‌ ജോസഫ് (നിലവിൽ പെരുമ്പാവൂർ തഹസിൽദാർ) എന്നിവരെയാണ്‌ സർവീസിൽ നിന്ന്‌ സർക്കാർ സസ്‌പെൻഡ്‌ ചെയ്‌തത്‌. 
    കേരള ലാന്റ്‌ അസൈൻമെന്റ്‌ സ്‌പെഷ്യൽ റൂൾസ്‌   1993ലെ സെക്ഷൻ 3 പ്രകാരം, താമസ ആവശ്യത്തിനോ കാർഷിക ആവശ്യത്തിനോ മാത്രമേ വനഭൂമി പതിച്ചു നൽകാവൂ. എന്നാൽ ഈ വ്യവസ്ഥകൾ ലംഘിച്ച് തൃശൂർ ഒല്ലൂക്കര വില്ലേജിൽ തോംസൺ ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് കൈവശം വച്ചിരിക്കുന്ന 19.0938 ഏക്കർ സ്ഥലത്തിന് റവന്യൂ അധികാരികൾ കരം അടച്ചു നൽകി. ക്വാറി നടത്തിപ്പിനായുള്ള ഭൂമി ഖനന അനുമതിയ്ക്ക് വേണ്ടി മൈനിങ് ആൻഡ്‌ ജിയോളജി വകുപ്പിന് സമർപ്പിക്കുന്നതിനായി സർട്ടിഫിക്കറ്റും നൽകി. പരാതിയിൽ  തൃശൂർ വിജിലൻസ് യൂണിറ്റ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു. തുടർന്ന്‌  നടത്തിയ അന്വേഷണത്തിൽ, ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. 
   നിയമവിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർ  സേവനത്തിൽ തുടരുന്നത് സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാൽ  അടിയന്തരമായി സേവനത്തിൽ നിന്നും സസ്പെൻഡ്‌ ചെയ്യണമെന്ന്‌   വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്യുകയും ചെയ്തിരുന്നു. സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ച് സസ്പെൻഡ്‌ ചെയ്യാൻ  ഉത്തരവിടുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top