18 April Thursday
2 ദിവസം മഞ്ഞ അലർട്ട്‌

മഴയ്‌ക്ക്‌ നേരിയ ശമനം; ഡാമുകളിൽ വെള്ളം 
കുറഞ്ഞില്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
തൃശൂർ
ജില്ലയിൽ ശനിയാഴ്‌ച കാര്യമായ മഴ എങ്ങും ഉണ്ടായില്ല. അതേസമയം, വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഡാമുകളിൽ വെള്ളത്തിന്റെ അളവ്‌ ഉയർന്നുതന്നെയാണ്‌ നിൽപ്പ്‌. പീച്ചി ഡാമിന്റെ നാലുഷട്ടറുകളും അഞ്ചു സെന്റീമീറ്റർകൂടി അധികമായി ഉയർത്തി. ഇതോടെ, പീച്ചി ഡാമിന്റെ നാലു ഷട്ടറുകളും 25 സെന്റീമീറ്റർ ഉയർത്തിയാണ്‌ വെള്ളം പുറത്തേക്ക്‌ ഒഴുക്കുന്നത്‌.  
അണക്കെട്ടിലെ നാല് ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതിന്റെ ഭാഗമായി സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് റവന്യൂമന്ത്രി കെ രാജൻ ഡാം സന്ദർശിച്ചു. പീച്ചിയിൽ ഡാമിന്റെ പരമാവധി ജലസംഭരണശേഷി  79.25 മീറ്റാണ്‌. നിലവിൽ 78.01 മീറ്റർ വെള്ളം ഡാമിലുണ്ട്‌. മേജർ ഇറിഗേഷൻ എൻജിനിയർമാർ ഉൾപ്പെടെയുള്ളവരുമായും ജനപ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തി. 
നിലവിൽ മണലിപ്പുഴയിലെ ജലനിരപ്പ് കാര്യമായ പ്രശ്‌നമില്ലാതെയാണ് കടന്നുപോകുന്നത്. അടുത്ത രണ്ടുദിവസം ജില്ലയിൽ മഞ്ഞ അലർട്ടാണ്. വീണ്ടും മഴ കനക്കുന്നതിനുമുന്നേ പീച്ചി ഡാമിലെ വെള്ളത്തിന്റെ അളവ് നേരിയതോതിൽ കുറയ്‌ക്കുന്നതിനാണ്‌ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതെന്ന് മന്ത്രി പറഞ്ഞു.  
ഡാമിലെ ഷട്ടറുകൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പുഴയോട്‌ ചേർന്ന പാണഞ്ചേരി, പുത്തൂർ, നടത്തറ, നെന്മണിക്കര, അളഗപ്പനഗർ, തൃക്കൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലുള്ളവർക്ക് നേരത്തേ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌.  
പെരിങ്ങൽക്കുത്ത് ഡാമിന്റെ നിലവിൽ തുറന്നിരിക്കുന്ന രണ്ട് സ്ലൂയിസുകൾക്ക് പുറമെ മൂന്നാമത്തെ സ്ലൂയിസ് വാൾവ് വൈകിട്ടോടെ തുറന്ന് അധികജലം പുറത്തേക്കൊഴുക്കിത്തുടങ്ങി. 
ഇതിന്റെ ഭാഗമായി ചാലക്കുടിപ്പുഴയിൽ 10 സെന്റിമീറ്റർ വെള്ളം ഉയരും. പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.  പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, മേജർ ഇറിഗേഷൻ എക്‌സി. എൻജിനിയർ ടി കെ ജയരാജൻ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top