26 April Friday
ചാലക്കുടി നഗരസഭ

ഭരണകക്ഷി ജനങ്ങളെ 
വഞ്ചിക്കുന്നുവെന്ന്‌ പ്രതിപക്ഷം

വെബ് ഡെസ്‌ക്‌Updated: Tuesday Dec 6, 2022
ചാലക്കുടി
നഗരസഭ ചെയർമാനും ഭരണകക്ഷിയും ജനങ്ങളെ വഞ്ചിക്കുകയാണെന്ന് നഗരസഭ എൽഡിഎഫ് ലീഡർ സി എസ് സുരേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് 90 ശതമാനത്തിലധികം നിർമ്മാണം പൂർത്തീകരിച്ച ടൗൺഹാൾ ഈ ഭരണസമിതി വന്നിട്ട് രണ്ട് വർഷം പിന്നിട്ടിട്ടും തുറന്ന് കൊടുക്കാനായിട്ടില്ല. ആഗസ്ത് 20ന് രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ ടൗൺ ഹാൾ ജനങ്ങൾക്ക് തുറന്ന് കൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം. വികസന സെമിനാറും നഗരസഭയുടെ ഓണാഘോഷവും ഇവിടെ വച്ച് നടത്തിയെങ്കിലും പൊതുജനങ്ങൾക്ക് ഇനിയും തുറന്ന് കൊടുത്തിട്ടില്ല. മുൻ ചെയർമാന്റെ വീമ്പിളക്കിലിനെ കടത്തിവെട്ടി ഇപ്പോഴത്തെ ചെയർമാൻ നവം. 11ന് നടന്ന കൗൺസിൽ യോഗത്തിൽ വലിയ പ്രഖ്യാപനം നടത്തി. ഡിസം. ഒന്ന് മുതൽ ടൗൺഹാളിലേക്കുള്ള ബുക്കിങ് സ്വീകരിച്ച് തുടങ്ങുമെന്നും ജനു. ഒന്നുമുതൽ തുറന്നുകൊടുക്കുമെന്നുമായിരുന്നു ചെയർമാന്റെ പ്രഖ്യാപനം.  
ബുക്കിങ് ആരംഭിക്കുകയോ ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയോ ഇതുവരേയും ചെയ്തിട്ടില്ല. നഗരസഭ ജൂബിലി വർഷത്തിന്റെ ഭാഗമായി അർഹരായ 50 പേർക്ക് വീട് വച്ച് നല്കുന്ന പദ്ധതിയായ സുവർണഗൃഹം പദ്ധതിയും ജലരേഖയായി. ട്രാംവേ പുറമ്പോക്കിലുള്ള നാലുവീട്ടുകാർക്കും  വിവിധ വാർഡുകളിൽ നിന്നും അർഹരായ ആറ് പേരെ നറുക്കിട്ടെടുത്തതടക്കം 10 പേർക്ക് ആദ്യഘട്ടത്തിൽ വീട് നിർമിച്ച് നല്കുമെന്ന പ്രഖ്യാപനവും ജലരേഖയായി.    10 സെന്റ് ഭൂമിയും 30 ലക്ഷം രൂപയും ലഭ്യമായിട്ടും പദ്ധതി യാഥാർഥ്യമായില്ല. 
ചെയർമാനും ഭരണകക്ഷിയായ കോൺഗ്രസും അധികാരക്കസേര ഉറപ്പിക്കുന്നതിലുള്ള തിരക്കിലാണ്. കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് തുടങ്ങിവച്ച വികസന പ്രവർത്തികളുടെ തുടർച്ച ചെയ്യാൻ പോലും ഇപ്പോഴത്തെ ചെയർമാനാകുന്നില്ലെന്നും പ്രതിപക്ഷ ലീഡർ കുറ്റപ്പെടുത്തി. അനധികൃത നിർമാണങ്ങളുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ് നഗരസഭ പ്രദേശം. ഇത് സംബന്ധിച്ച് നഗരസഭയിൽ ലഭിച്ചിരിക്കുന്ന പരാതികൾ അന്വേഷിക്കാനോ നടപടിയെടുക്കാനോ ഭരണസമിതി തയ്യാറാകുന്നില്ല.  മുനിസിപ്പൽ എൻജിനിയറെ മുറിയിലിട്ട് പൂട്ടി ഗുണ്ടായിസം കാട്ടിയ ഭരണപക്ഷ കൗൺസിലർക്കെതിരെ നടപടിയെടുക്കാതെ സംരക്ഷിക്കുകയാണ് ചെയർമാനും കൂട്ടരും ചെയ്യുന്നതെന്നും ലീഡർ ആരോപിച്ചു. കൗൺസിലർമാരായ ബിജി സദാനന്ദൻ, കെ എസ് സുനോജ്, ഷൈജ സുനിൽ, ബിന്ദു ശശികുമാർ, ലില്ലി ജോസ്, ടി ഡി എലിസബത്ത് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top