29 March Friday
3 നില സൈക്കിൾ സ്‌റ്റോഴ്‌സ്‌ കത്തി നശിച്ചു

നഗരത്തിൽ 
വൻ തീപിടിത്തം

വെബ് ഡെസ്‌ക്‌Updated: Thursday Oct 6, 2022

ബുധനാഴ്ച വെെകീട്ട് നഗരത്തിലുണ്ടായ തീപിടിത്തം / ഫോട്ടോ: ഡിവിറ്റ് പോൾ

തൃശൂർ
തൃശൂർ നഗരത്തിൽ വൻ തീപിടിത്തം.  വെളിയന്നൂരിൽ സൈക്കിൾ സ്‌റ്റോഴ്‌സ്‌ പ്രവർത്തിക്കുന്ന    മൂന്നുനില കെട്ടിടം പൂർണമായും കത്തിയമർന്നു.  ബുധനാഴ്ച വൈകിട്ട്‌ അഞ്ചരയോടെ   ശക്തൻ – കെഎസ്ആര്‍ടിസി റോഡിലെ ചാക്കപ്പായി സൈക്കിൾ സ്‌റ്റോഴ്‌സിന്റെ  മൂന്നാംനിലയിൽ നിന്നാണ്‌ തീ ഉയർന്നത്‌.  ക്രമേണ താഴെ നിലയിലേക്കും പടർന്നു. താഴത്തെ നിലയിൽ കച്ചവടം  നടക്കുന്ന സമയത്തായിരുന്നു  മുകളിൽ തീ ഉയർന്നത്‌.  ജീവനക്കാരുപ്പെടെ നാലുപേർ കടയിലുണ്ടായിരുന്നു.  ആളപായമില്ല.  കുന്നംകുളം പനയ്‌ക്കൽ റോഡിൽ കൊള്ളന്നൂർ വീട്ടിൽ കുര്യാക്കോസ്‌(തമ്പി) എന്നയാളുടെതാണ്‌ സ്ഥാപനം സൈക്കിൾ കടക്കു സമീപത്തെ   കച്ചവടസ്ഥാപനത്തിലെ ഷാജൻ എന്നയാളാണ്‌ തീ ഉയർന്നത്‌ കണ്ടത്‌. തുടർന്ന്‌  കടക്കാരേയും ഫയർഫോഴ്‌സിനെയും അറിയിച്ചു. തൃശൂർ ഫയർ സ്‌റ്റേഷനിൽനിന്ന്‌ മൂന്നു യൂണിറ്റ്‌   എത്തിയാണ്‌  രക്ഷാപ്രവർത്തനം തുടങ്ങിയത്‌. പിന്നീട്‌  പുതുക്കാട്‌ നിന്നും വടക്കാഞ്ചേരിയിൽ നിന്നും ചാലക്കുടിയിൽ നിന്നുമായി  കൂടുതൽ    യൂണിറ്റുകൾ  എത്തി.    ചില്ലുകൊണ്ട്‌ പൊതിഞ്ഞ കെട്ടിടമായതിനാൽ ഫയർഫോഴ്‌സിന്‌ അകത്തേക്ക്‌ കടന്ന്‌ രക്ഷാപ്രവർത്തനത്തിന്‌ തടസ്സമായി.  സമീപപ്രദേശത്തെ വൈദ്യുതി ലൈനുകളിലേക്ക്‌ തീ ആളി പ്പടർന്നതോടെ ആശങ്ക വർധിച്ചു.  സൈക്കിൾ ടയറുകൾക്ക്‌ തീ പടർന്നതോടെ കറുത്തപുകയും രൂക്ഷഗന്ധവും പടർന്നു.  പുക  പടർന്നത്‌ രക്ഷാപ്രവർത്തനത്തിന്‌ തടസ്സമായി.   പുക ശ്വസിച്ച്  ദേഹാസ്വാസ്ഥ്യമുണ്ടായ  സമീപ വാസിയായ  കിടപ്പുരോഗിയെ  ബന്ധുവീട്ടിലേക്ക്‌ മാറ്റി.  സമീപത്തെ കെട്ടിടങ്ങളിലേക്ക്‌ തീ പടരാതിരിക്കാനാണ്‌ ആദ്യം ഫയർഫോഴ്‌സ്‌ ശ്രമിച്ചത്‌.   മൂന്നാംനില കെട്ടിയടച്ച നിലയിലായിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കുമുകളിൽ കയറിയാണ്‌  മുകൾനിലയിലെ  തീ യണച്ചത്‌. ചില്ലുകൾ പൊട്ടിത്തെറിച്ച്‌ ഫയർഫോഴ്‌സ്‌ ജീവനക്കാരന്‌ പരിക്കേറ്റു.       ഒരു മണിക്കൂറിലേറെ  സമയമെടുത്താണ്‌    തീ യണയ്‌ക്കാനായത്‌. എസിപി  കെ കെ സജീവ്‌, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ  എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.   ഷോർട്ട്‌ സർക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു.  നഷ്ടം  കണക്കാക്കിയിട്ടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top